ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനം; ഓണ്‍ലൈന്‍ ഒപി ടിക്കറ്റ്,; എം-ഇഹെല്‍ത്ത് ആപ്പ്; സ്‌കാന്‍ എന്‍ ബുക്ക് സംവിധാനം; ലോകാരോഗ്യ ദിനത്തില്‍ കൂടുതല്‍ പദ്ധതികളുമായി ആരോഗ്യ വകുപ്പ്

Update: 2025-04-06 07:59 GMT

തിരുവനന്തപുരം: ലോകാരോഗ്യ ദിനാചരണം, സര്‍ക്കാരാശുപത്രികളില്‍ സജ്ജമായ ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനം, ഓണ്‍ലൈന്‍ ഒപി ടിക്കറ്റ്, എം-ഇഹെല്‍ത്ത് ആപ്പ്, സ്‌കാന്‍ എന്‍ ബുക്ക് സംവിധാനം എന്നിവയുടെ ഉദ്ഘാടനവും മികച്ച ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡ് വിതരണവും കെ.സി.ഡി.സി. ലോഗോ പ്രകാശനവും ഏപ്രില്‍ 7 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. അമ്മയുടേയും നവജാത ശിശുക്കളുടേയും ആരോഗ്യമാണ് ഇത്തവണത്തെ ലോകാരോഗ്യ ദിന വിഷയം. 'ആരോഗ്യകരമായ തുടക്കം, പ്രതീക്ഷാ നിര്‍ഭരമായ ഭാവി' എന്നതാണ് ലോകാരോഗ്യ ദിന സന്ദേശം.

മാതൃശിശു പരിചരണത്തിനായി സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഗുണനിലവാരമുള്ള സേവനങ്ങള്‍ ഉറപ്പാക്കി വരുന്നു. സംസ്ഥാനത്ത് ആകെ 217 ആശുപത്രികള്‍ ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.ക്യു.എ.എസ്. നേടി. ഇത് കൂടാതെ പ്രസവം നടക്കുന്ന ആശുപത്രികളെ ദേശീയ ലക്ഷ്യ സ്റ്റാന്റേഡിലേക്ക് ഉയര്‍ത്തി വരുന്നു. 12 ആശുപത്രികള്‍ക്കാണ് ദേശീയ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. കുഞ്ഞുങ്ങള്‍ക്ക് ഗുണമേന്മയുള്ള ചികിത്സയും പരിചരണവും ഒരുക്കിയതിന് 4 ആശുപത്രികള്‍ക്ക് മുസ്‌കാന്‍ അംഗീകാരവും ലഭിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ജന്മനായുള്ള പ്രശ്നങ്ങള്‍ കണ്ടെത്തി ചികിത്സിക്കുന്നതിന് വിപുലമായ സംവിധാനമാണുള്ളത്. മാതൃ-നവജാത ശിശു മരണങ്ങള്‍ പരമാവധി തടയുന്നതിനും സ്ത്രീകളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കുന്നതിനുമുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിനോടൊപ്പം പൊതുസമൂഹവും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആദ്യ ഘട്ടത്തില്‍ 313 ആശുപത്രികളില്‍ വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ സജ്ജമാണ്. ബാക്കിയുള്ള ആശുപത്രികളില്‍ കൂടി ഈ സംവിധാനം ഒരു മാസത്തിനകം സജ്ജമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന് കീഴില്‍ വരുന്ന എല്ലാ മോഡേണ്‍ മെഡിസിന്‍ ആശുപത്രികളിലും ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നതിന് വേണ്ടി മുന്‍കൂറായി ഒ.പി. ടിക്കറ്റ് ഓണ്‍ലൈനായി എടുക്കുവാന്‍ സൗകര്യം ഒരുങ്ങുന്നു. ഒരു വ്യക്തിക്ക് തന്റെ യു.എച്ച്. ഐഡി അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് തന്റേയും തന്റെ കുടുംബത്തിലെ അംഗങ്ങളുടേയും ചികിത്സാ വിവരങ്ങള്‍, മരുന്ന് കുറിപ്പടികള്‍, ലാബ് ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ മുതലായ ഡിജിറ്റല്‍ വിവരങ്ങള്‍ മൊബൈല്‍ ആപ്പ് വഴി ലഭ്യമാക്കുന്നതാണ് എം-ഇഹെല്‍ത്ത് ആപ്പ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടറുടെ സേവനം ലഭിക്കുന്നതിന് മുന്‍കൂറായി ടോക്കണ്‍ എടുക്കാതെ വരുന്ന രോഗികള്‍ക്ക് ക്യൂ ഇല്ലാതെ ടോക്കണ്‍ എടുക്കാന്‍ കഴിയുന്നതാണ് സ്‌കാന്‍ എന്‍ ബുക്ക് സംവിധാനം.

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി-പകര്‍ച്ചേതരവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി യു.എസിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ മാതൃകയില്‍ കേരള സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍  യാഥാര്‍ത്ഥ്യമാകുന്നു. കെസിഡിസിയുടെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിക്കും.

Similar News