മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മൂന്നാര്‍: മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു; കാറിലുണ്ടായിരുന്ന നാലുപേര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനു മൂന്നാര്‍-ഉദുമല്‍പേട്ട ദേശീയപാതയില്‍ കന്നിമല ഫാക്ടറിക്കു സമീപമാണ് അപകടം.
കോട്ടയം ചിങ്ങവനം സ്വദേശി ബി.സജീവ് (48), മകന്‍ മാധവ് (12), പാലക്കാട് മണ്ണൂര്‍ സ്വദേശി എം.ഷെഫീഖ് (35), തൃശൂര്‍ പാവറട്ടി സ്വദേശി ലിജോ വര്‍ഗീസ് (38) എന്നിവരാണു കാറിലുണ്ടായിരുന്നത്. സുഹൃത്തുക്കളായ ഇവര്‍ കാന്തല്ലൂരില്‍ വാങ്ങിയ ഭൂമിയുടെ ഇടപാടുകള്‍ നടത്തുന്നതിനായി മറയൂരില്‍നിന്നു ദേവികുളത്തിനു പോകുകയായിരുന്നു.
കന്നിമലയില്‍വച്ചു തകരാര്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്നു യാത്രക്കാര്‍ പുറത്തിറങ്ങി ബോണറ്റ് തുറക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. മൂന്നാര്‍ അഗ്‌നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി തീയണച്ചെങ്കിലും കാര്‍ പൂര്‍ണമായി കത്തിനശിച്ചു.