പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ച സംഭവം; പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലിസ്
രക്തസ്രാവത്തെ തുടർന്ന് പതിനാറുകാരി മരിച്ച സംഭവത്തിൽ അന്വേഷണം
പരപ്പ: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ 16 വയസ്സുകാരി രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് തെളിഞ്ഞിരുന്നു. അസ്വാഭാവികമരണത്തിന് കേസെടുത്ത് നടപടിയിലേക്ക് കടക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹപാഠിയും അടുത്ത സുഹൃത്തുമായ ബളാല്‍ സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം നീങ്ങുന്നുണ്ട്.
വയറുവേദനയെ തുടര്‍ന്ന് പ്രദേശത്തെ ആസ്പത്രികളില്‍ പെണ്‍കുട്ടി ചികിത്സതേടിയിരുന്നു. പിന്നീട് അമിതരക്തസ്രാവമുണ്ടായി. ഗുരുതരനിലയില്‍ കാഞ്ഞങ്ങാട്ടും പിന്നീട് മംഗളൂരുവിലും എത്തിച്ചു. മംഗളൂരുവില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. ആന്തരീകാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് കോഴിക്കോട്ടേക്ക് അയച്ചു. ഈ റിപ്പോര്‍ട്ടിന് ശേഷമാകും മരണകാരണം വ്യക്തമാകുകയെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന വെള്ളരിക്കുണ്ട് ഇന്‍സ്പെക്ടര്‍ ടി.കെ. മുകുന്ദന്‍ പറഞ്ഞു. ഡിഎന്‍എ പരിശോധനയും നടത്തും.