അച്ഛന്‍ തള്ളിയ കാര്‍ ഭിത്തിയിലിടിച്ച് മകളുടെ ദേഹത്തേക്ക് മറിഞ്ഞു; കാസര്‍കോട്ട് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം
അച്ഛന്‍ തള്ളിയ കാര്‍ ഭിത്തിയിലിടിച്ച് മറിഞ്ഞു ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം
കാസര്‍കോട്: റോഡിലെ ഓവുചാലില്‍ വീണ കാര്‍ തള്ളിമാറ്റുന്നതിനിടെ ഭിത്തിയിലിടിച്ച് മറിഞ്ഞ് ഒന്നരവയസ്സുകാരി മരിച്ചു. കാറഡുക്ക ബെള്ളിഗെയിലാണ് സംഭവം. അച്ഛന്‍ തള്ളി മാറ്റിയ കാറാണ് ഒന്നരവയസ്സുകാരിയായ മകളുടെ ദേഹത്തേക്ക് മറിഞ്ഞത്. ബള്ളിഗെ സ്വദേശി ഹരിദാസ്-ശ്രീവിദ്യ ദമ്പതികളുടെ മകള്‍ ഹൃദ്യനന്ദയാണ് മരിച്ചത്. ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത ശേഷം കുടുംബത്തോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
പ്രധാന റോഡില്‍നിന്ന് 100 മീറ്റര്‍ താഴെയാണ് വീട്. വീട്ടിലേക്കെത്താന്‍ 50 മീറ്റര്‍ ശേഷിക്കേ കാര്‍ ഓഫ് ആയി. പിന്നീടുള്ള വഴി ഇറക്കമാണ്. വെള്ളം ഒഴുക്കിവിടാന്‍ നിര്‍മിച്ച ഓവുചാലില്‍ കാറിന്റെ ചക്രം പുതഞ്ഞു. കാര്‍ തള്ളി നീക്കാനായി ഹരിദാസ് കുടുംബത്തെ പുറത്തിറക്കി. കാര്‍ തള്ളി നീക്കവേ മുന്നോട്ട് ഇറക്കത്തിലേക്ക് നീങ്ങി വശത്തെ ഭിത്തിയില്‍ ഇടിച്ചു കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. സഹോദരി ദേവനന്ദ.