ചാര്‍ജിങ് സ്റ്റേഷനില്‍ നാലു വയസ്സുകാരന്‍ കാറിടിച്ച് മരിച്ച സംഭവം; അപകട കാരണം ഡ്രൈവര്‍ ബ്രേക്കിന് പകരം ആക്‌സിലറേറ്ററില്‍ ചവിട്ടിയതാകാമെന്ന് പോലിസ്
ചാർജിങ് സ്റ്റേഷനിലെ കാറപകടം: ബ്രേക്കിന് പകരം ആക്സിലേറ്ററിൽ ചവിട്ടിയതാകാമെന്ന് പൊലീസ്
ഈരാറ്റുപേട്ട: വൈദ്യുത വാഹന ചാര്‍ജിങ് സ്റ്റേഷനില്‍ അമ്മയുടെ മടിയില്‍ ഉറങ്ങുകയായിരുന്ന നാലു വയസ്സുകാരന്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍, വാഹനം ഓടിച്ചിരുന്നയാള്‍ ബ്രേക്കിന് പകരം ആക്‌സിലേറ്ററില്‍ ചവിട്ടിയതാകാം അപകടകാരണമെന്ന നിഗമനത്തില്‍ പൊലീസ്. കാര്‍ ഓടിച്ചിരുന്ന കരുനാഗപ്പള്ളി സ്വദേശി ജയകൃഷ്ണനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും അപകടകരമായി വാഹനം ഓടിച്ചതിനും പോലിസ് കേസെടുത്തു.
എന്നാല്‍ അപകടം നടന്നതിനു പിന്നാലെ ജയകൃഷ്ണന് വാഹനം വിട്ടുകൊടുക്കാന്‍ പൊലീസ് ശ്രമിച്ചതു നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി. ആശുപത്രിയില്‍ കുട്ടി മരിച്ചതിനു ശേഷമാണു പൊലീസ് വാഹനം കസ്റ്റഡിയില്‍ എടുത്തത്. ഇയാളില്‍നിന്ന് ഇതുവരെ മൊഴിയെടുത്തിട്ടില്ലെന്നാണു വിവരം.
അതേസമയം, പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ജയകൃഷ്ണന്‍ സഹായിച്ചു എന്നും അപകടത്തിന്റെ ആദ്യഘട്ടത്തില്‍ പരുക്കു മാത്രം ഉണ്ടായിരുന്നതിനാലാണു പോകാന്‍ അനുവദിച്ചതെന്നും ഈരാറ്റുപേട്ട എസ്എച്ച്ഒ കെ.ജെ.തോമസ് പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അയാന്‍ഷ്‌നാഥിന്റെ മൃതദേഹം ഇന്നലെ വൈകിട്ടു മൂന്നരയോടെ തിരുവനന്തപുരം ശാന്തിവിളയിലെ വീട്ടിലേക്കു കൊണ്ടുപോയി. ഗുരുതരമായി പരുക്കേറ്റ അമ്മ ആര്യ മോഹന്‍ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവ ആശുപത്രി ഐസിയുവില്‍ ചികിത്സയിലാണ്.