ക്രിമിനല്‍ കേസായത് കൗമാര ചാപല്യം; പ്രണയം തുടരട്ടെയെന്ന് ഹൈക്കോടതി: 18കാരന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് റദ്ദാക്കി
പ്രണയം തുടരട്ടെയെന്ന് ഹൈക്കോടതി: 18കാരന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് റദ്ദാക്കി
കൊച്ചി: 18-കാരന്റെപേരില്‍ രജിസ്റ്റര്‍ചെയ്ത പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി. സഹപാഠിയുമായുള്ള പ്രണയം തുടരാനാണ് ആഗ്രഹമെന്ന് പെണ്‍കുട്ടി അറിയിച്ചതടക്കം കണക്കിലെടുത്താണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്. കൗമാര ചാപല്യമാണ് ക്രിമിനല്‍ കേസായി മാറിയതെന്നും കോടതി വിലയിരുത്തി. തിരുവനന്തപുരം സ്വദേശിയായ 18കാരനാണ് തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.
സ്‌കൂള്‍ സഹപാഠിയായ പതിനേഴരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് 2023-ല്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ ചുമത്തിയിരുന്നത്. എന്നാല്‍ ഹര്‍ജിക്കാരനുമായുള്ള പ്രണയം തുടരാനാണ് ആഗ്രഹം എന്ന് വ്യക്തമാക്കി പെണ്‍കുട്ടിതന്നെ സത്യവാങ്മൂലം ഫയല്‍ചെയ്ത സാഹചര്യത്തില്‍ കേസ് തുടരുന്നത് യുവാവിന്റെ ഭാവി തകര്‍ക്കും. കേസില്ലാതായാല്‍ ഹര്‍ജിക്കാരനും പെണ്‍കുട്ടിയും ഒന്നിച്ച് സമാധാനത്തോടെ ജീവിക്കാനുള്ള സാധ്യത ഏറെയാണെന്നും കേസ് റദ്ദാക്കിയ ഉത്തരവില്‍ ജസ്റ്റിസ് ജി. ഗിരീഷ് അഭിപ്രായപ്പെട്ടു.
കേസില്‍ തന്നെ തെറ്റായി പ്രതിയാക്കിയതാണെന്നും പെണ്‍കുട്ടിക്കോ വീട്ടുകാര്‍ക്കോ നിലവില്‍ പരാതിയില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഹര്‍ജിക്കാരനുമായുള്ള പ്രണയം തുടരാനാണ് ആഗ്രഹമെന്ന് വ്യക്തമാക്കി പെണ്‍കുട്ടി സത്യവാങ്മൂലവും നല്‍കി. തിരുവനന്തപുരം പോക്സോ കോടതിയുടെ പരിഗണനയിലുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിയായ പതിനെട്ടുകാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.
സഹപാഠികളായ ഹര്‍ജിക്കാരനും പെണ്‍കുട്ടിയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. പ്രണയത്തെത്തുടര്‍ന്ന് ഒരുമിച്ച് ഒട്ടേറെ സ്ഥലങ്ങളില്‍ യാത്രചെയ്തിട്ടുണ്ടെന്നും അതിനിടയിലാണ് അടുത്ത ബന്ധമുണ്ടായതെന്നും കോടതി വിലയിരുത്തി. അപ്പോള്‍ പെണ്‍കുട്ടിക്ക് പ്രായം പതിനേഴരവയസ്സായിരുന്നു. ആറുമാസത്തിനുശേഷമായിരുന്നു അത്തരമൊരു ബന്ധമെങ്കിലേ ഉഭയസമ്മതപ്രകാരമെന്ന് കണക്കാക്കാനാകുമായിരുന്നുള്ളൂ. ഇവിടെ കൗമാരചാപല്യമാണ് ക്രിമിനല്‍ക്കേസായി പരിണമിച്ചതെന്നും കോടതി വിലയിരുത്തി.