രാജസ്ഥാനിലെ ആശുപത്രിയില്‍ തീപിടിത്തം; ഐസിയുവിലുണ്ടായ തീപിടിത്തത്തില്‍ ആറു പേര്‍ വെന്തു മരിച്ചു; അഞ്ചു പേരുടെ നില ഗുരുതരം: ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം
രാജസ്ഥാനിലെ ആശുപത്രിയില്‍ തീപിടിത്തം; ആറു പേര്‍ വെന്തു മരിച്ചു
ജയ്പുര്‍: രാജസ്ഥാനിലെ സവായ് മാന്‍ സിങ് ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തില്‍ ആറു പേര്‍ വെന്തുമരിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തീപിടിത്തം ഉണ്ടായപ്പോള്‍ 11 രോഗികള്‍ ഐസിയുവില്‍ ഉണ്ടായിരുന്നതായി അധികൃതര്‍ പറഞ്ഞു. മരിച്ചവരില്‍ നാല് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമാണ്.
പിന്റു, ദിലീപ്, ശ്രീകാന്ത്, രുക്മിണി, ഖുര്‍മ, ബഹാദുര്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഗുരുതര രോഗാവസ്ഥയുള്ളവരാണ് മരിച്ചത്. മറ്റൊരു ഐസിയുവിലുണ്ടായിരുന്ന 14 പേര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ പറഞ്ഞു. ആശുപത്രിക്കുള്ളില്‍ പുക നിറഞ്ഞതോടെ രോഗികള്‍ പരിഭ്രാന്തരായി ഓടി. പരിക്കേറ്റവരെ മറ്റു ആശുപത്രികളിലേക്ക് മാറ്റി. അതേസമയം, ആശുപത്രിയില്‍ ഫോറന്‍സിക് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ തുടരുകയാണ്. ഐസിയുവിലെ ഉപകരണങ്ങളും ആശുപത്രി രേഖകളും കത്തിനശിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ആശുപത്രി സന്ദര്‍ശിച്ചു.