ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് 5000 ആയി കുറച്ചു; നിയന്ത്രണം തിങ്കളാഴ്ച വരെയെന്ന് ഹൈക്കോടതി ദേവസ്വം ബഞ്ച്; സന്നിധാനത്ത്ആദ്യ എന്‍ഡിആര്‍എഫ് സംഘം ചുമതലയേറ്റു

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് 5000 ആയി കുറച്ചു

Update: 2025-11-19 12:26 GMT

കൊച്ചി: ശബരിമലയിലെ തിരക്കു നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ട് സ്‌പോട്ട് ബുക്കിങ് 5,000 ആയി കുറച്ചു. തിങ്കളാഴ്ച വരെയായിരിക്കും ഈ നിയന്ത്രണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ മുന്നൊരുക്കങ്ങള്‍ നടത്താത്തതില്‍ കോടതി ദേവസ്വം ബോര്‍ഡിനെ ഇന്നു രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ശബരിമലയില്‍ ഇന്നലെ അനുഭവപ്പെട്ട തിരക്കിന് കാരണം വേണ്ടത്ര ഏകോപനം ഇല്ലാതിരുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. നിയന്ത്രണമില്ലാതെ നടത്തിയ സ്‌പോട്ട് ബുക്കിങ്ങാണ് ശബരിമലയില്‍ തിരക്ക് അനിയന്ത്രിതമാക്കിയത്. ഇതോടെ, ഇന്നു മുതല്‍ സ്‌പോട്ട് ബുക്കിങ് 20,000 ആയി കുറച്ചിരുന്നു. പമ്പയില്‍ സ്‌പോട്ട് ബുക്കിങ്ങിന്റെ തിരക്ക് ഒഴിവാക്കാന്‍ നിലയ്ക്കലില്‍ ഏഴു കൗണ്ടറുകള്‍ കൂടി തുറക്കാനും തീരുമാനമായിരുന്നു.

എന്നാല്‍, തിരക്ക് പൂര്‍ണമായി നിയന്ത്രണ വിധേയമാവാനായി തിങ്കളാഴ്ച വരെ ദിവസവും 5,000 സ്‌പോട്ട് ബുക്കിങ് അനുവദിക്കാനാണ് ദേവസ്വം ബെഞ്ചിലെ ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവന്‍, കെ.വി.ജയകുമാര്‍ എന്നിവരുടെ നിര്‍ദേശം. ശബരിമലയില്‍ തീര്‍ഥാടക പ്രവാഹം നിയന്ത്രിക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്ന് കോടതി രാവിലെ നിര്‍ദേശിച്ചിരുന്നു.

ശബരിമലയില്‍ ആദ്യ എന്‍ഡിആര്‍എഫ് സംഘം ചുമതലയേറ്റു

ശബരിമലയില്‍ നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സിന്റെ (എന്‍ഡിആര്‍എഫ്) ആദ്യസംഘം ചുമതലയേറ്റു. തൃശ്ശൂര്‍ റീജിയണല്‍ റെസ്പോണ്‍സ് സെന്ററില്‍ നിന്നുള്ള നാലാം ബറ്റാലിയനിലെ 30 അംഗസംഘമാണ് നവംബര്‍ 19 ന് സന്നിധാനത്ത് എത്തിയത്. സോപാനത്തിന് അരികിലായും നടപ്പന്തലിലുമാണ് ഇവരെ നിലവില്‍ വിന്യസിച്ചിരിക്കുന്നത്. ഓരോ സ്ഥലത്തും അഞ്ച് പേരാണ് ഒരേ സമയം ഡ്യൂട്ടി ചെയ്യുന്നത്. ചെന്നൈയില്‍ നിന്നുള്ള 38 അംഗ സംഘം ഇന്ന് (19) രാത്രിയോടെ എത്തും.

തീര്‍ഥാടകര്‍ക്ക് സിപിആര്‍ ഉള്‍പ്പടെ അടിയന്തരഘട്ട വൈദ്യസഹായം നല്‍കുന്നതിന് പ്രത്യേകം പരിശീലനം നേടിയവരാണിവര്‍. പ്രഥമശുശ്രൂഷ കിറ്റും സ്ട്രച്ചര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളും എത്തിച്ചിട്ടുണ്ട്. അത്യാഹിതങ്ങളില്‍ അതിവേഗം ഇടപെട്ട് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് സജ്ജരാണിവര്‍. കോണ്‍ക്രീറ്റ് കട്ടിംഗ്, ട്രീ കട്ടിംഗ്, റോപ് റെസ്‌ക്യൂ ഉപകരണങ്ങളും സംഘത്തിന്റെ പക്കലുണ്ട്. ശബരിമല എഡിഎം, പോലിസ് സ്പെഷ്യല്‍ ഓഫീസര്‍ എന്നിവരുടെ നിര്‍ദ്ദേശാനുസരണം സംഘം പ്രവര്‍ത്തിക്കുമെന്ന് ടീം കമാന്‍ഡറായ ഇന്‍സ്പെക്ടര്‍ ജി സി പ്രശാന്ത് പറഞ്ഞു.

Tags:    

Similar News