ഉയരപ്പാത പെയിന്റ് ചെയ്യാനെത്തിച്ച യന്ത്രം മോഷ്ടിച്ച് വിറ്റു; മൂന്നര ലക്ഷം രൂപയുടെ യന്ത്രം വിറ്റത് 2500 രൂപയ്ക്ക്: 13 ദിവസം നീണ്ട അന്വേഷണത്തിന് ഒടുവില്‍ നാലുപേര്‍ അറസ്റ്റില്‍
ഉയരപ്പാത പെയിന്റ് ചെയ്യാനെത്തിച്ച യന്ത്രം മോഷ്ടിച്ച് വിറ്റു; നാലുപേര്‍ അറസ്റ്റില്‍
അരൂര്‍: ഉയരപ്പാത പെയിന്റ് ചെയ്യാനെത്തിച്ച യന്ത്രം മോഷ്ടിച്ച് വിറ്റ കേസില്‍ നാലുപേരെ അരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഉയരപ്പാത നിര്‍മാണം പൂര്‍ത്തിയായിവരുന്ന ഇടങ്ങളില്‍ നിറം പൂശുവാനായി എത്തിച്ച മൂന്നര ലക്ഷം രൂപ വിലവരുന്ന യന്ത്രമാണ് കടത്തിക്കൊണ്ടു പോയത്. കുമ്പളം കൈതവേലിക്കകത്ത് മഞ്ജുഷ് കുമാര്‍ (43), തമ്മനം നടത്തനാടുപറമ്പില്‍ അനസ് എന്ന് വിളിക്കുന്ന റസാഖ് (54), കൈപ്പട്ടൂര്‍ വൃന്ദാവനംവീട്ടില്‍ അനീഷ് അനി (28), കുമ്പളം പറക്കാട്ടേഴത്തുവീട്ടില്‍ സിജു (45)എന്നിവരെയാണ് അരൂര്‍ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
പതിമൂന്ന് ദിവസം നീണ്ടു നിന്ന അന്വേഷണത്തിനൊടുവില്‍ 500 വാഹന നമ്പറുകള്‍ പരിശോധിച്ചും 100-ലധികം സിസിടിവികള്‍ നോക്കിയും അതിസാഹസികമായാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. നവംബര്‍ 24-ന് രാത്രി അരൂര്‍ വില്ലേജ് ഓഫിസിനു മുന്‍ഭാഗത്ത് നിന്നാണ് യന്ത്രം മോഷണം പോയത്. ബാരിക്കേഡിനുള്ളില്‍ സുരക്ഷിതമായി സൂക്ഷിച്ച യന്ത്രം ഓട്ടോറിക്ഷയിലെത്തിയാണ് മോഷ്ടിച്ചത്. കംപ്രസര്‍ അടക്കമുള്ള ഭാഗം അടക്കമാണ് മോഷ്ടിച്ചത്.
അരൂര്‍ വില്ലേജ് ഓഫിസിനു മുന്‍ഭാഗത്ത് യന്ത്രം കൊണ്ടുവെച്ച ദിവസം തന്നെയാണ് മോഷണം നടന്നത്. യന്ത്രവും ഭാഗങ്ങളും തമ്മനത്തുള്ള റസാഖിന്റെ ആക്രിക്കടയിലാണ് വിറ്റത്. മൂന്നരലക്ഷം രൂപയുടെ യന്ത്രം വെറും 2500 രൂപയ്ക്കാണ് മോഷ്ടാക്കള്‍ വിറ്റത്. അന്ന് ഓട്ടോറിക്ഷയ്ക്ക് ഇന്ധനം അടിക്കുന്ന ചെലവടക്കം കിഴിച്ചാല്‍ മോഷ്ടാക്കളില്‍ ഒരാള്‍ക്കും ആയിരംരൂപപോലും ലഭിച്ചിട്ടില്ല.
പോലീസ് എത്തിയപ്പോഴേക്കും ഇവ പൊളിച്ചുമാറ്റിയിരുന്നു. റസാഖിന്റെ കടയിലെ ജീവനക്കാരനാണ് സിജു. പിടിയിലായവര്‍ക്ക് വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. ചുളുവിലയില്‍ യന്ത്രം സ്വന്തമാക്കിയ റസാഖ് ആകട്ടെ, ഇത് പൊളിച്ച് ഇരുമ്പ്, കോയില്‍ തുടങ്ങി വിവിധ ഭാഗങ്ങളാക്കി കൂടിയ വിലയ്ക്ക് വില്‍ക്കാനായി സൂക്ഷിച്ചപ്പോഴാണ് പോലീസ് എത്തിയത്.