ദിവ്യയുടെ രാജി ആവശ്യപ്പെട്ട് കണ്ണൂരില്‍ പ്രതിഷേധമിരമ്പി; ജില്ലാ പഞ്ചായത്ത് ഓഫിസിന് മുന്‍പില്‍ പി.പി ദിവ്യയുടെ കോലം കെട്ടിത്തൂക്കി

ദിവ്യയുടെ രാജി ആവശ്യപ്പെട്ട് കണ്ണൂരില്‍ പ്രതിഷേധമിരമ്പി; ജില്ലാ പഞ്ചായത്ത് ഓഫിസിന് മുന്‍പില്‍ പി.പി ദിവ്യയുടെ കോലം കെട്ടിത്തൂക്കി

Update: 2024-10-15 09:39 GMT

കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂരില്‍ ചൊ.വ്വാഴ്ച്ച രാവിലെ മുതല്‍ വിവിധ പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രതിഷേധമിരമ്പി എഡിഎമ്മിന്റെ ദാരുണമരണത്തിന് ഉത്തരവാദിയായ കണ്ണൂര്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസും ബി.ജെ.പിയും മുസ്ലിം ലീഗും പോഷക സംഘടനകളായയൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു , യുവമോര്‍ച്ച, യൂത്ത് ലീഗ് എന്നിവയും കണ്ണൂരില്‍ പ്രതിഷേധപ്രകടനവും റോഡ് ഉപരോധവും നടത്തി.

ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന് ഉള്ളിലേക്ക് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലിസ് തടഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കോലം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെട്ടിത്തൂക്കി. ഇതിനിടെ ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് പള്ളിക്കുന്നിലെ വാടകവീട്ടില്‍ നിന്നും നവീന്‍ ബാബുവിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആംബുലന്‍സില്‍ കയറ്റിയപ്പോള്‍ യുഡിഎഫ്, ബിജെപി, സര്‍വ്വീസ് സംഘടനാ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.

ആംബുലന്‍സ് തടഞ്ഞ പ്രവര്‍ത്തകരെ നേതാക്കള്‍ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. തുടര്‍ന്ന് പള്ളിക്കുന്ന ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപം യു ഡി എഫ് , ബി ജെ പി പ്രവര്‍ത്തകര്‍ ഇരു ഭാഗങ്ങളിലായി റോഡ് ഉപരോധിച്ചു. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് മാറ്റുകയായിരുന്നു. പതിനൊന്നു മണിയോടെ ജില്ലാ പഞ്ചായത്തിലേക്ക് കരിങ്കൊടിയുമായി എത്തിയ യുവമോര്‍ച്ചാ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. നേതാക്കളായ അരുണ്‍ കൈതപ്രം , ബിനില്‍ കണ്ണൂര്‍, അര്‍ജുന്‍ മാവിലാക്കണ്ടി അര്‍ജുന്‍ദാസ് , അക്ഷയ് കൃഷ്ണ തുടങ്ങിയവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെ ടൗണ്‍ പോലീസ് സ്റ്റേഷനു മുന്നില്‍ കരുതല്‍ തടങ്കലിലാക്കി. ദിവ്യയുടെ കോലവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ പഞ്ചായത്തിന് സമീപം കോലം കെട്ടിതൂക്കിയാണ് പ്രതിഷേധിച്ചത്. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റിയത് സംഘര്‍ഷത്തിനിടയാക്കി.അഡ്വ. വി പി അബ്ദുള്‍ റഷീദ്, റിജില്‍ മാക്കുറ്റി, വിജില്‍ മോഹനന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. എന്‍ജിഒ അസോസിയേഷന്‍ നേതൃത്വത്തില്‍ ജീവനക്കാര്‍ കലക്ടറേറ്റിനകത്ത് പ്രതിഷേധ പ്രകടനം നടത്തി.

Tags:    

Similar News