പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം; പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമം; രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ ഗുരുതര ആരോപണവുമായി പരാതിക്കാരനായ യുവാവ്

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ ഗുരുതര ആരോപണവുമായി പരാതിക്കാരനായ യുവാവ്

Update: 2024-09-18 09:37 GMT

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനു ശേഷം സിനിമ മേഖലയില്‍ തുടരെയുള്ള വിവാദങ്ങളാണ് നടന്നുവരുന്നത്. ഇപ്പോഴിതാ സിനിമ സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമേറുന്നതായി പരാതിക്കാരനായ യുവാവ് വെളിപ്പെടുത്തിയിരിക്കുയാണ്. തന്നെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയതിന് പിറകെ ഫോണ്‍ വഴിയും നേരിട്ടും തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്. രഞ്ജിത്തുമായി അടുപ്പമുള്ളയാള്‍ ചര്‍ച്ച നടത്തിയെന്നും പരാതി പിന്‍വലിക്കാന്‍ വലിയ തുക തന്നെ വാഗ്ദാനം ചെയ്‌തെന്നുമാണ് വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി പ്രത്യേക അന്വേഷണ സംഘത്തിന് യുവാവ് ഇതിനോടകം പരാതി നല്‍കിയിട്ടുണ്ട്.

പരാതിക്കാരന്റെ വാക്കുകള്‍, ഈ കേസില്‍ നിന്ന് ഞാന്‍ പിന്മാറണം എന്നാണ് അവരുടെ പൂര്‍ണമായ ആവശ്യം. ജോലിക്കാണെങ്കിലും ഭാവിക്കാണെങ്കിലും ഒരു ബുദ്ധിമുട്ടും വരില്ല എന്ന രീതിയിലായിരുന്നു അവരുടെ സംസാരം. സംസാരിക്കുന്നതിനിടയില്‍ രഞ്ജിത്ത് വിളിക്കുന്നത് എനിക്ക് കാണാന്‍ പറ്റി. രഞ്ജിത്തിന്റെ അഭിഭാഷകനുമായും അവര്‍ സംസാരിക്കുന്നുണ്ടായിരുന്നു. അവര്‍ പറയുന്ന തരത്തിലുള്ള ഇ മെയില്‍ ഡിജിപിക്ക് അയക്കണം എന്നാണ് പറഞ്ഞതെന്നും യുവാവ് പറഞ്ഞു.

നേരെത്തെ, യുവാവ് നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. 30 ദിവസത്തേക്ക് രഞ്ജിത്തിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. നവ മാധ്യമങ്ങളിലൂടേയും മറ്റും തനിക്കെതിരെ അധിക്ഷേപ പ്രചാരണം നടക്കുന്നതായി യുവാവ് പരാതി നല്‍കിയിട്ടുണ്ട്.

സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ 2012 ല്‍ ബെംഗളൂരുവില്‍ വച്ച് സംവിധായകന്‍ രഞ്ജിത്ത് പീഡിപ്പിച്ചെന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതി. പരാതി നല്‍കിയ ശേഷം സിനിമാ മേഖലയിലെ പരാതികള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് യുവാവ് മൊഴി നല്‍കിയിരുന്നു. കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയിലാണ് സംവിധായകനെ പരിചയപ്പെട്ടതെന്ന് യുവാവ് പറയുന്നു. ബെംഗളൂരു താജ് ഹോട്ടലില്‍ എത്തിയ തന്നോട് പുറകു വശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താന്‍ സംവിധായകന്‍ നിര്‍ദ്ദേശിച്ചു.

മുറിയിലെത്തിയപ്പോള്‍ മദ്യം നല്‍കി കുടിക്കാന്‍ നിര്‍ബന്ധിച്ചു, പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമാണ് യുവാവിന്റെ പരാതി. അതേസമയം, ബംഗാളി നടിയുടെ പരാതിയില്‍ രഞ്ജിത്തിനെതിരായ കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. രഞ്ജിത്തിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ ജാമ്യം ലഭിക്കുന്നതായതിനാലായിരുന്നു നടപടി. സിനിമയിലഭിനയിക്കാന്‍ കൊച്ചിയിലെത്തിയ തന്നെ ലൈംഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് സമീപിച്ചുവെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍.

Tags:    

Similar News