മന്ത്രി സുരേഷ് ഗോപിയും വി മുരളീധരനും വിവി രാജേഷും ഒരുമിച്ചെത്തി; സി.പി.എം വിട്ട മുന്‍ മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ബിജെപി; മധുവിന്റെ മകള്‍ മാതുവും ബി.ജെ.പിയിലേക്ക്
തിരുവനന്തപുരം: സി.പി.എം വിട്ട മുന്‍ മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും വി. മുരളീധരനും വി.വി. രാജേഷും വീട്ടില്‍ സന്ദര്‍ശിച്ചു. ഇവരെ ഇളനീര്‍ നല്‍കി സ്വീകരിച്ചു. മധുവിന്റെ മകള്‍ മാതുവും ബി.ജെ.പിയിലേക്ക് ചേരുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം സി.പി.എം ഏരിയ സമ്മേളനത്തിനിടെ ഇറങ്ങിപ്പോന്ന മധു ബി.ജെ.പിയില്‍ ചേരുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 11 മണിയോടെ സുരേഷ് ഗോപിയും സംഘവും വീട്ടിലെത്തിയത്. ബി.ജെ.പിയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കാനാണ് ഇവര്‍ എത്തിയത്. ഇത് മധു അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ, മധു കുറച്ച് കാലമായി ബി.ജെ.പിയുമായി നല്ല അടുപ്പത്തിലായിരുന്നുവെന്ന് സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറി വി. ജോയി ആരോപിച്ചു. ഏരിയ സെക്രട്ടറിയായിരിക്കെ തന്നെ മധു ബി.ജെ.പിയില്‍ കാലെടുത്തുവെച്ചിരുന്നുവെന്നും ഇതേക്കുറിച്ച് പാര്‍ട്ടിക്ക് ബോധ്യമുണ്ടായിരുന്നുവെന്നും ജോയി പറഞ്ഞു.
ഏരിയ സെക്രട്ടറിയായിരിക്കെ തന്നെ ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയിരുന്നു. അത് ശരിയാണെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടിരിക്കുന്നു. പൊതുമധ്യത്തില്‍ പാര്‍ട്ടിയെ അവഹേളിച്ചതിനും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനും മധുവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായും അദ്ദേഹം അറിയിച്ചു.