ബൈക്കില്‍ വന്ന യുവാവ് പോലീസ് കൈകാണിച്ചപ്പോള്‍ ഹെല്‍മറ്റ് ഊരി അടിക്കാന്‍ ശ്രമിച്ചു; കീഴ് പ്പെടുത്തി പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്ന് ലഭിച്ചത് ആറുകിലോ കഞ്ചാവ്; പ്രതിയെ അറസ്റ്റ് ചെയ്ത് ഏനാത്ത് പോലീസ്

ആറുകിലോ കഞ്ചാവുമായി പ്രതി അറസ്റ്റില്‍

Update: 2025-01-14 13:15 GMT

അടൂര്‍: ജില്ലാ പോലീസ് ഡാന്‍സാഫ് ടീമും ഏനാത്ത് പോലീസും നടത്തിയ സംയുക്ത നീക്കത്തില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവില്‍ നിന്ന് ആറു കിലോ കഞ്ചാവ് പിടികൂടി. പഴകുളം ചരിവുപറമ്പില്‍ വീട്ടില്‍ ബദറുദീന്‍ (29)ആണ് അറസ്റ്റിലായത്. കൊട്ടാരക്കര ഭാഗത്തുനിന്നും കഞ്ചാവുമായി വന്ന ബൈക്ക് ഡാന്‍സാഫ് സംഘവും ഏനാത്ത് പോലീസും ചേര്‍ന്ന് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ഏനാത്ത് പാലത്തിനു സമീപം സാഹസികമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പാലത്തിന് നടുവില്‍ കൈകാണിച്ച് നിര്‍ത്താന്‍ ശ്രമിക്കവേ, ഹെല്‍മെറ്റ് ഊരി പോലീസ് ഉദ്യോഗസ്ഥരെ അടിക്കാന്‍ ഇയാള്‍ തുനിഞ്ഞു. വളരെ ശ്രമകരമായാണ് പ്രതിയെ പോലീസ് സംഘം കീഴടക്കിയത്. ബൈക്കും ഷോള്‍ഡര്‍ ബാഗില്‍ സൂക്ഷിച്ച ആറു കിലോ കഞ്ചാവും പിടിച്ചെടുത്തു. ബൈക്കിന്റെ നമ്പര്‍ എളുപ്പം കാണാന്‍ സാധിക്കാത്തവിധം മറച്ച നിലയിലായിരുന്നു.

ജില്ലാ പോലീസ് മേധാവി വി.ജി.വിനോദ് കുമാറിന് കിട്ടിയ രഹസ്യ വിവരം കൈമാറിയതിനെ തുടര്‍ന്നായിരുന്നു പോലീസിന്റെ സംയുക്ത നീക്കം. മാസങ്ങളായി പ്രതി പോലീസിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു. നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി. ഡാന്‍സാഫ് ടീമും ഏനാത്ത് പോലീസ് ഇന്‍സ്പെക്ടര്‍ അമൃത് സിംഗ് നായകത്തിന്റെ നേതൃത്വത്തിലുള്ള സംഘവും ബൈക്ക് തടഞ്ഞു നിര്‍ത്തിയപ്പോള്‍ ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു പോലീസിനെ ആക്രമിക്കാനും മുതിര്‍ന്നു. പോലീസ് ഓടിച്ചിട്ട് കീഴ്പ്പെടുത്തുകയായിരുന്നു.

അടൂര്‍, പഴകുളം എന്നിവടങ്ങളില്‍ വ്യാപകമായി കഞ്ചാവ് കൈമാറ്റവും കച്ചവടവും നടക്കുന്നതായി പോലീസിന് രഹസ്യവിവരമുണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ഈ പ്രദേശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഡാന്‍സാഫ് സംഘം ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു. കഞ്ചാവുമായി വരുന്നുണ്ടെന്ന് വിവരം ലഭിക്കുകയും, പോലീസ് സംഘം പരിശോധന ശക്തമാക്കുകയും ചെയ്തതിനെതുടര്‍ന്നാണ് പ്രതിയെ കുടുക്കാന്‍ സാധിച്ചത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തു.ഏനാത്ത് പോലീസ് ഇന്‍സ്പെക്ടര്‍ക്കൊപ്പം, പോലീസ് ഉദ്യോഗസ്ഥരായ സാജന്‍ പീറ്റര്‍, ഷൈന്‍, അമല്‍, യൂനുസ്, സുനില്‍, അടൂര്‍ പോലീസ് സ്റ്റേഷനിലെ ശ്യാം എന്നിവരും, ഡാന്‍സാഫ് ടീമിലെ ഉദ്യോഗസ്ഥരുമാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News