മുഖ്യമന്ത്രിയുടെ 'ഉറ്റബന്ധുവും' റാം മാധവിനെ കണ്ടു; പിന്നെ ഉണ്ടായിരുന്നത് 'ക്രെഡിറ്റ് സൊസൈറ്റിക്കാരനായ' കണ്ണൂരിലെ പ്രമുഖന്‍; എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുമ്പോള്‍

റാം മാധവ് ഒരു ഇംഗ്ലീഷ് മാദ്ധ്യമത്തിന്റെ കോണ്‍ക്ലേവിനെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയെയും കടുത്ത പ്രതിരോധത്തിലാക്കുന്നതാണ് ബന്ധുവിനെയും കൂട്ടിയുള്ള എ.ഡി.ജി.പിയുടെ ദുരൂഹ സന്ദര്‍ശനം.

Update: 2024-09-10 02:51 GMT

തിരുവനന്തപുരം: ആര്‍.എസ്.എസ് ഉന്നത നേതാവ് റാം മാധവുമായി എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ കോവളത്ത് നടത്തിയ കൂടിക്കാഴ്ചയില്‍ ഒപ്പം കൂട്ടിയത് മുഖ്യമന്ത്രിയുടെ 'ഉറ്റബന്ധു'വിനെ എന്ന് റിപ്പോര്‍ട്ട്. കേരള കൗമുദിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. തലസ്ഥാനത്തെ ആര്‍.എസ്.എസ് നേതാവും മറ്റൊരാളും ഒപ്പമുണ്ടായിരുന്നു. കണ്ണൂരില്‍ നിന്നുള്ള ബിസിനസ്സുകാരനും ഉണ്ടായിരുന്നു. ഇയാള്‍ ചെന്നൈ കേന്ദ്രീകരിച്ച് ക്രെഡിറ്റ് സൊസൈറ്റ് നടത്തുന്ന വ്യക്തിയാണ്. സാമ്പത്തിക ഇടപാടുകളാണ് ഇയാളുടെ പ്രധാന ബിസിനസ്.

ഇതുകൊണ്ടാണ് ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാനാവാതെ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായതിനു കാരണം എന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ 'ബന്ധു'വിനെ ഒപ്പം കൂട്ടി പോകേണ്ട യാതൊരു കാര്യവും എ.ഡി.ജി.പിക്കുണ്ടായിരുന്നില്ലെന്നും ആര്‍.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ച ദുരൂഹമാണെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റാം മാധവ് ഒരു ഇംഗ്ലീഷ് മാദ്ധ്യമത്തിന്റെ കോണ്‍ക്ലേവിനെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയെയും കടുത്ത പ്രതിരോധത്തിലാക്കുന്നതാണ് ബന്ധുവിനെയും കൂട്ടിയുള്ള എ.ഡി.ജി.പിയുടെ ദുരൂഹ സന്ദര്‍ശനം.

2023 മേയ് 23ന് തൃശൂരില്‍ ആര്‍.എസ്.എസ് നേതൃത്വത്തിലെ രണ്ടാമനായ ജനറല്‍സെക്രട്ടറി ദത്താത്രേയ ഹൊസബളെയെ കണ്ടതിനു പിന്നാലെ, ജൂണ്‍ രണ്ടിനായിരുന്നു കോവളത്ത് റാം മാധവുമായുള്ള കൂടിക്കാഴ്ച. ഇന്നലെ സെക്രട്ടേറിയറ്റിലെ ഓഫീസില്‍ മുഖ്യമന്ത്രിയെ കണ്ട പൊലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബും ഇന്റലിജന്‍സ് മേധാവി മനോജ് എബ്രഹാമും ഈ ദുരൂഹ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ആര്‍.എസ്.എസ് കൂടിക്കാഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പിയോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നതായി അറിയുന്നു. ഇതുസംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഡി.ജി.പി ശേഖരിച്ചു.

കോവളത്തെ കൂടിക്കാഴ്ച സംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് വിശദമായി റിപ്പോര്‍ട്ട് ചെയ്തിട്ടും ഇക്കാര്യത്തില്‍ ഒരു ചോദ്യംപോലും ഉയരാതിരുന്നതും ശ്രദ്ധേയമായി. കൂടിക്കാഴ്ചയുമായി ബന്ധപ്പെടുത്തി പ്രതിപക്ഷം ആരോപണം കടുപ്പിക്കുന്നതും ഈ സംശയത്തിലൂന്നിയാണ്. ബന്ധുവിന്റെ സാന്നിധ്യം ഏറെ ചര്‍ച്ചയാകാന്‍ ഇടയുണ്ട്. 2023 മേയ് 22-ന് ആയിരുന്നു തൃശ്ശൂരില്‍ ആര്‍.എസ്.എസ്. ക്യാമ്പില്‍വെച്ച് ദത്താത്രേയ ഹൊസബാളയെ കണ്ടത്. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. രണ്ടാഴ്ച കഴിഞ്ഞ് ജൂണ്‍ രണ്ടിന് കോവളത്തുവെച്ചായിരുന്നു റാം മാധവുമായുള്ള കൂടിക്കാഴ്ച. ഇത് 20 മിനിറ്റോളം നീണ്ടു.

ഇതുകൂടാതെ ഒരിക്കല്‍കൂടി കോവളത്തെ മറ്റൊരു ഹോട്ടലില്‍വെച്ച് എ.ഡി.ജി.പി.യും റാം മാധവുമായി കൂടിക്കാഴ്ച നടന്നുവെന്നും സൂചനയുണ്ട്. കൂടിക്കാഴ്ചകളെപ്പറ്റി അറിഞ്ഞിട്ടും ഉദ്ദേശ്യമെന്തെന്നത് ആഭ്യന്തര വകുപ്പ് അന്നൊന്നും തിരക്കിയില്ല.

Tags:    

Similar News