ഇതേ വിമാനം തന്നെ തൊട്ടുമുമ്പ് പാരീസ്-ഡല്‍ഹി-അഹമ്മദാബാദ് സെക്ടറില്‍ അപകടമില്ലാതെ യാത്ര പൂര്‍ത്തിയാക്കി; മുന്‍കൂറായി സാങ്കേതിക പരിശോധന നടത്തിയില്ലെന്ന ആരോപണത്തിന് മറുപടിയുമായി വ്യോമയാന മന്ത്രാലയം; പൈലറ്റിന്റെ അവസാന സന്ദേശം മെയ്ഡേ എന്നായിരുന്നു; ബ്ലാക് ബോക്സ് ഡീകോഡിങ് പുരോഗമിക്കുന്നു
ഇതേ വിമാനം തന്നെ തൊട്ടുമുമ്പ് പാരീസ്-ഡല്‍ഹി-അഹമ്മദാബാദ് സെക്ടറില്‍ അപകടമില്ലാതെ യാത്ര പൂര്‍ത്തിയാക്കി
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യ ഡ്രീംലൈനറിന്റെ പൈലറ്റ് ക്യാപ്റ്റന്‍ സുമീത് സഭര്വാളിന്റെയും കോപൈലറ്റിന്റെയും അവസാന വാക്കുകള്‍ മെയ്ഡേ, മെയ്ഡേ എന്നായിരുന്നുവെന്ന് വ്യോമയാന മന്ത്രാലയം. വിമാനം ഉച്ചയ്ക്ക് 1.39 നാണ് പറന്നുയര്‍ന്നത്. ഏതാനും സെക്കന്‍ഡുകള്‍ക്കം 650 അടിയിലെത്തി. അതിനുശേഷം അത് താഴേക്ക് വരാന്‍ തുടങ്ങി. അപ്പോള്‍ അഹമ്മദാബാദ് എടിസിയെ വിളിച്ച് പൈലറ്റ് മെയ്ഡേ, (സമ്പൂര്‍ണ അടിയന്തരാവസ്ഥ) എന്ന് അറിയിച്ചു. 650 അടിക്ക് മുകളില്‍ ഉയരാന്‍ വിമാനം പരാജയപ്പെട്ടതോടെയാണ് അടിയന്തര സന്ദേശം അയച്ചത്. എടിസി തിരിച്ച് ബന്ധപ്പെട്ടപ്പോള്‍, ഒരു പ്രതികരണവും കിട്ടിയില്ല, വ്യോമയാന മന്ത്രാലയ സെക്രട്ടറി എസ് കെ സിന്‍ഹ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിമാനത്തിന്റെ മെക്കാനിക്കല്‍, ഇലക്ട്രോണിക്, സാങ്കേതിക പ്രശ്നങ്ങള്‍ മുന്‍കൂട്ടി പരിശോധിച്ചില്ലെന്ന ആക്ഷേപവും വ്യോമയാന മന്ത്രാലയം തള്ളി. ഇതേ വിമാനം തന്നെയാണ് അപകടത്തിന് മുമ്പ് പാരീസ്-ഡല്‍ഹി-അഹമ്മദാബാദ് സെക്ടറില്‍ സുരക്ഷിതമായി യാത്ര പൂര്‍ത്തിയാക്കിയതെന്നും വ്യോമയാന മന്ത്രാലയം വാദിക്കുന്നു.
വിമാനത്തിന്റെ 'ബ്ലാക്ക് ബോക്സ്' സ്ഥലത്തുനിന്ന് വെള്ളിയാഴ്ച കണ്ടെടുത്തിരുന്നു. ബ്ലാക്ബോക്സിലെ വിവരങ്ങള്‍ ഡീകോഡ് ചെയ്യുന്നതിലൂടെ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് വ്യക്തമാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു അറിയിച്ചു. വിമാനാപകടത്തില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) അന്വേഷണം നടത്തിവരികയാണെന്നും ഇതിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും കേന്ദ്രമന്ത്രി ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിവിധ ഏജന്‍സികളും ഉന്നതതലസമിതികളും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. വ്യോമയാനമേഖലയില്‍ രാജ്യത്തിന് കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങളുണ്ട്. അഹമ്മദാബാദിലെ അപകടത്തിന് പിന്നാലെ ബോയിങ് 787 സീരിസിലെ വിമാനങ്ങളില്‍ വിപുലമായ നിരീക്ഷണം നടത്തേണ്ട ആവശ്യകതയുണ്ടെന്ന് തോന്നി. അതിനാല്‍ ബോയിങ് 787 വിമാനങ്ങള്‍ നിരീക്ഷിക്കാനായി ഡിജിസിഎ ഉത്തരവിട്ടിട്ടെന്നും എട്ടുവിമാനങ്ങള്‍ ഇതിനകം പരിശോധിച്ചെന്നും ഉടന്‍തന്നെ മുഴുവന്‍ പരിശോധനയും പൂര്‍ത്തിയാക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.