റഷ്യ- യുക്രെയ്ന്‍ പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥതയ്ക്ക് ഇന്ത്യ; സെലെന്‍സ്‌കിയെ കണ്ടശേഷം പുട്ടിനെ ഫോണില്‍ വിളിച്ച് മോദി; അജിത് ഡോവല്‍ മോസ്‌കോയിലേക്ക്

റഷ്യ- യുക്രെയ്ന്‍ പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥതയ്ക്ക് ഇന്ത്യ

Update: 2024-09-08 06:32 GMT

ന്യൂഡല്‍ഹി: റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ശ്രമവുമായി ഇന്ത്യ. ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ തുടരുന്ന സംഘര്‍ഷത്തില്‍ ഇന്ത്യ മധ്യസ്ഥത വഹിച്ചേക്കും. ചര്‍ച്ചകള്‍ക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്‌കോയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയും യുക്രെയ്‌നും സന്ദര്‍ശിച്ച് രണ്ട് രാജ്യങ്ങളിലെയും പ്രസിഡന്റുമാരുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് അജിത് ഡോവലിന്റെ സന്ദര്‍ശനം. രണ്ടര വര്‍ഷത്തോളമായി നീണ്ടു നില്‍ക്കുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് അറുതി വരുത്താന്‍ ഇന്ത്യയുടെ മധ്യസ്ഥത നിര്‍ണായകമാകുമെന്നാണ് കരുതപ്പെടുന്നത്.

റഷ്യ യുക്രെയ്ന്‍ സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്ക് സാധിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജൂലായില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദര്‍ശിച്ചിരുന്നു. അന്ന് റഷ്യ- യുക്രെയ്ന്‍- സംഘര്‍ഷം ചര്‍ച്ചയായിരുന്നു. 'ഇത് യുദ്ധത്തിന്റെ കാലമല്ല' എന്നും മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് യുക്രൈയ്‌നിലേക്കും മോദി സന്ദര്‍ശനം നടത്തിയിരുന്നു. സമാധാനത്തിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കിയോടും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പുട്ടിനുമായി ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി യുക്രെയ്‌നില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച ചെയ്തിരുന്നു.

യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെ കണ്ടശേഷം നരേന്ദ്ര മോദി വ്‌ലാഡിമിര്‍ പുട്ടിനുമായി ഫോണില്‍ സംസാരിച്ചതോടെയാണ് സമാധാന ശ്രമങ്ങള്‍ക്ക് നിര്‍ണായക മുന്നേറ്റമുണ്ടായത്. രാഷ്ട്രീയ, നയതന്ത്ര ചര്‍ച്ചകളിലൂടെ യുക്രൈയ്ന്‍ - റഷ്യ പ്രശ്‌ന പരിഹാരത്തിനുള്ള ഇന്ത്യയുടെ സന്നദ്ധത പ്രധാനമന്ത്രി, റഷ്യന്‍ പ്രസിഡന്റിനെ അറിയിച്ചിരുന്നു. ഈ ഫോണ്‍ ചര്‍ച്ചയിലാണ് അജിത് ഡോവലിനെ റഷ്യയിലേക്ക് അയയ്ക്കാന്‍ തീരുമാനമായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സന്ദര്‍ശന തീയതി സംബന്ധിച്ച് വ്യക്തതയില്ല. സംഘര്‍ഷത്തില്‍ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി, സമാധാനത്തിനായി ഇരു രാജ്യങ്ങളും നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്നും നിര്‍ദേശിച്ചിരുന്നു.

കഴിഞ്ഞ മാസം യുക്രെയ്ന്‍ സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി സംഘര്‍ഷം അവസാനിപ്പിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇന്ത്യ സമാധാനത്തിന്റെ ഭാഗത്താണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. '' നിഷ്പക്ഷ നിലപാടല്ല. ഞങ്ങള്‍ ഒരു പക്ഷത്താണ്; അതു സമാധാനത്തിന്റെ പക്ഷമാണ്. അവിടെ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു''പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയ്ക്ക് പ്രശ്‌ന പരിഹാരത്തിന് നിര്‍ണായക പങ്കുവഹിക്കാനാകുമെന്ന് റഷ്യന്‍ അധികൃതരും വ്യക്തമാക്കിയിരുന്നു. യുക്രെയ്‌നില്‍ എത്രയും വേഗം സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നടത്താന്‍ ഇന്ത്യ ഒരുക്കമാണെന്നു പറഞ്ഞ മോദി, വ്യക്തിപരമായി ഇടപെടാനുള്ള സന്നദ്ധതയും പ്രകടിപ്പിച്ചിരുന്നു. യുദ്ധത്തിന് അവസാനം കാണാന്‍ റഷ്യയും യുക്രെയ്നും ഉള്ളുതുറന്നു ചര്‍ച്ച നടത്തണമെന്നും പ്രായോഗികമായ ഇടപെടലുകളിലൂടെയേ പരിഹാരം ഉണ്ടാകൂവെന്നും ചര്‍ച്ചയ്ക്കു ശേഷം ഇന്ത്യ വ്യക്തമാക്കിരുന്നു.

സെപ്റ്റംബര്‍ 10,11 തീയതികളിലായിരിക്കും അജിത് ഡോവലിന്റെ സന്ദര്‍ശനം. ബ്രിക്‌സ്-എന്‍.എസ്.എ യോഗത്തിലും അജിത് ഡോവല്‍ പങ്കെടുക്കും. യോഗത്തിനിടെ റഷ്യ, ചൈന പ്രതിനിധികളുമായി അജിത് ഡോവല്‍ ചര്‍ച്ച നടത്തും. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യക്കും ചൈനക്കും പങ്കുവഹിക്കാന്‍ സാധിക്കുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയും പറഞ്ഞിരുന്നു. എന്നാല്‍, യുക്രെയ്‌നെ ഒഴിവാക്കി സംഘര്‍ഷം പരിഹരിക്കുകയെന്നത് ഒരിക്കലും ചിന്തിക്കാന്‍ പോലുമാവാത്ത കാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

യുക്രെയ്ന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡമിര്‍ പുട്ടിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യ പ്രതിസന്ധി പരിഹരിക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നുണ്ടെന്നും പുട്ടിന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മെലോനിയുടെ പ്രതികരണവും പുറത്ത് വരുന്നത്.

Tags:    

Similar News