മൂന്നുപേരില്‍ ഒരാള്‍ക്ക് ബ്രയിന്‍ സര്‍ജറി ചെയ്തു; ഒരാള്‍ക്ക് മള്‍ട്ടിപ്പിള്‍ ഫ്രാക്ചര്‍; ഒരാള്‍ അതീവ ഗുരുതരാവസ്ഥയില്‍; കളര്‍കോട് അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്‌ഐആര്‍; കേസെടുത്തത് അലക്ഷ്യമായി വാഹനം ഓടിച്ചതിന്

കളര്‍കോട് അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്‌ഐആര്‍

Update: 2024-12-03 14:22 GMT

ആലപ്പുഴ: ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്‌ഐആര്‍. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് ആദ്യം ലഭിച്ച വിവരം. ആദ്യ വിവരപ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസിന്റെ വിശദീകരണം. സിസിടിവി ദൃശ്യങ്ങളുടെയും മൊഴികളുടേയും അടിസ്ഥാനത്തില്‍ ഇതില്‍ മാറ്റം വരുമെന്നും പൊലീസ് വിശദീകരിച്ചു.

വാഹനാപകടത്തില്‍ കാറിലുണ്ടായിരുന്ന മറ്റു ആറു പേരും ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു. ഇതില്‍ രണ്ടു പേരുടെ ആരോഗ്യ നില ഗുരുതരമാണെന്നും ഒരാള്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഇവര്‍ വെന്റിലേറ്ററില്‍ചികിത്സയിലാണ്. മൂന്നുപേരില്‍ ഒരാള്‍ക്ക് ബ്രയിന്‍ സര്‍ജറി ചെയ്തിരുന്നു. ഒരാള്‍ക്ക് മള്‍ട്ടിപ്പിള്‍ ഫ്രാക്ചറുമുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നവരുടെ ചികിത്സക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചതായും എല്ലാ ചികിത്സയും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇന്നലെ രാത്രിയായിരുന്നു നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ വാഹനാപകടം ഉണ്ടായത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. രണ്ട് മാസം മുമ്പാണ് അഞ്ച് പേരും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് ചേര്‍ന്നത്.

കാറില്‍ 11 പേരുണ്ടായിരുന്നു ഉണ്ടായിരുന്നത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്നു യുവാക്കള്‍. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്ത് എടുത്തത്. കാറിലുണ്ടായിരുന്ന മറ്റ് ആറ് പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്.

വാഹനാപകടത്തിലേക്ക് നയിച്ചത് പ്രതികൂല കാലാവസ്ഥയും ഡ്രൈവിങ്ങിലെ പരിചയക്കുറവുമാണെന്നാണ് ഗതാഗത വകുപ്പിന്റെ കണ്ടെത്തല്‍. കനത്ത മഴയും, വാഹനം ഓടിച്ച ആളുടെ പരിചയകുറവും, ഓവര്‍ ലോഡും, വാഹനത്തിന്റെ കാലപ്പഴക്കവുമാണ് അപകടത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു.

വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ച വാഹനം സ്വകാര്യ വ്യക്തിയുടേതാണ്. വാഹനം വാടകക്ക് നല്‍കാനുള്ള ലൈസന്‍സ് വാഹന ഉടമയ്ക്ക് ഇല്ല. വാടകയ്ക്ക് നല്‍കിയതാണോ എന്ന കാര്യം പരിശോധിക്കുമെന്നും മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചു. ഉടമയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. 2010 രജിസ്‌ട്രേഷനാണ് വാഹനം. വാഹനത്തിന്റെ പേപ്പറുകളുടെ കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്.

റെന്റ് എ കാര്‍ അല്ലെങ്കില്‍ റെന്റ് എ കാബ് എന്ന തരത്തിലുള്ള ലൈസന്‍സ് വാഹനത്തിനില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് വാഹനം നല്‍കിയതെന്ന കാര്യത്തില്‍ കാര്‍ ഉടമ വ്യക്തത വരുത്തണം. അമ്പലപ്പുഴ കക്കാഴം സ്വദേശിയുടെതാണ് കാറ്. വണ്ടാനം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുമായുള്ള പരിചയത്തിന്റെ പേരിലാണ് വാഹനം വിട്ടുനല്‍കിയതെന്നെന്നാണ് ഇദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്. അപകടത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാറാണ് കാറിനായി ബന്ധപ്പെട്ടത്. പരിചയത്തിന്റെ പേരിലാണ് വാഹനം നല്‍കിയതെന്നാണ് കാര്‍ ഉടമ പറയുന്നത്. ജബ്ബാറും മറ്റ് രണ്ട് വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് കാര്‍ കൊണ്ടുപോയതെന്നും ഉടമ പറഞ്ഞു.

ഇന്നലെ രാത്രി 9.30 ഓടെ കളര്‍കോട് ചങ്ങനാശേരി മുക്കിലായിരുന്നു അപകടം ഉണ്ടായത്. ഗുരുവായൂരില്‍ നിന്ന് കായംകുളത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചറും വണ്ടാനം ഭാഗത്തുനിന്നു ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന ടവേര കാറുമാണ് കൂട്ടിയിടിച്ചത്.

Tags:    

Similar News