മനോരമയിലെ സക്കീര്‍ ഹുസൈന്‍ കൊണ്ടുപോയി പുഴുങ്ങി തിന്നോ ഇതാണ് സമ്പാദ്യം! വാര്‍ത്തയിലെ മറ്റ് ആരോപണങ്ങള്‍ നിഷേധിക്കാതെ സമ്പാദ്യം വെളിപ്പെടുത്തി അമല്‍ മനോജ്; പി ആര്‍ ഡി അഴിമതിയില്‍ ചര്‍ച്ചയാകുന്നത് പിഎം മനോജിന്റെ മകന്‍ തന്നെ
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് (പിആര്‍ഡി) ഫെബ്രുവരിയില്‍ തയാറാക്കിയ പാനലിലാണ് അമല്‍ മനോജ് എന്നയാള്‍ ഉടമയായ 'സ്ട്രീംലൈന്‍ പ്രിന്റേഴ്‌സ് ആന്‍ഡ് അഡ്വര്‍ടൈസേഴ്‌സ്' രണ്ടു വിഭാഗത്തിലും ഉള്‍പ്പെട്ടത്.
തിരുവനന്തപുരം: മനോരമയിലെ സക്കീര്‍ ഹുസൈന്‍ കൊണ്ടുപോയി പുഴുങ്ങി തിന്നോ ഇതാണ് സമ്പാദ്യം-മനോരമയുടെ പിആര്‍ഡി വാര്‍ത്തയില്‍ സ്ഥിരീകരണം. മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ സംഘത്തിലെ പ്രധാനി പിഎം മനോജിന്റെ മകന്‍ അമല്‍ മനോജിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റാണ് ആരോപണ വിധേയനെ വ്യക്തമാക്കുന്നത്. മനോരമ വാര്‍ത്തയ്‌ക്കെതിരെ എന്ന് സൂചിപ്പിക്കും തരത്തില്‍ അമല്‍ മനോജ് ഇട്ട സമ്പാദ്യ പോസ്റ്റാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച. മകന് പലവഴിയേ എന്ന തലക്കെട്ടില്‍ മനോരമയില്‍ അഴിമതിയുമായി ബന്ധപ്പെട്ട് വിശദ വാര്‍ത്ത വന്നിരുന്നു. ഇതിനുള്ള പ്രതികരണമാണ് ബാങ്ക് അക്കൗണ്ട് ഡീറ്റയില്‍ എന്ന് തോന്നും വിധമുള്ള പോസ്റ്റുമായി അമല്‍ മനോജ് നടത്തുന്നത്.
മനോരമ ഉയര്‍ത്തുന്ന മറ്റാരോപണങ്ങളെയൊന്നും അമല്‍ മനോജ് തള്ളി പറയുന്നുമില്ല. തന്റെ അക്കൗണ്ടില്‍ ഒന്നുമില്ലെന്ന് മാത്രം വരുത്താനാണ് അമല്‍ പോസ്റ്റിലൂടെ ശ്രമിക്കുന്നത്. ഇതോടെ വിവാദം പുതിയ തലത്തിലുമെത്തും. സര്‍ക്കാരിനു വേണ്ടി വിവിധ പ്രചാരണോപാധികള്‍ തയാറാക്കാനുള്ള പാനലില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ മാധ്യമസംഘത്തിലെ പ്രധാനിയുടെ മകന്റെ സ്ഥാപനം ഉള്‍പ്പെട്ടതു രണ്ടു വിഭാഗത്തില്‍ എന്നായിരുന്നു മനോരമാ വാര്‍ത്ത. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് (പിആര്‍ഡി) ഫെബ്രുവരിയില്‍ തയാറാക്കിയ പാനലിലാണ് അമല്‍ മനോജ് എന്നയാള്‍ ഉടമയായ 'സ്ട്രീംലൈന്‍ പ്രിന്റേഴ്‌സ് ആന്‍ഡ് അഡ്വര്‍ടൈസേഴ്‌സ്' രണ്ടു വിഭാഗത്തിലും ഉള്‍പ്പെട്ടത്.
സര്‍ക്കാരിന്റെ വിവിധ കാംപെയ്‌നുകള്‍ക്കുള്ള ക്രിയേറ്റീവുകള്‍ തയാറാക്കാന്‍ 3 വര്‍ഷത്തേക്കു തിരഞ്ഞെടുത്തവരുടെ പട്ടികയാണിത്. ടിവി, നാടകം, സമൂഹമാധ്യമങ്ങള്‍, റേഡിയോ എന്നിവയ്ക്കുള്ള ക്രിയേറ്റീവാണ് ഒരു വിഭാഗം. അച്ചടി മാധ്യമങ്ങള്‍ക്കും ഔട്‌ഡോര്‍ പരസ്യങ്ങള്‍ക്കും മറ്റൊന്ന്. രണ്ടിലും 'സ്ട്രീംലൈന്‍' ഇടംപിടിച്ചു. ഈ സ്ഥാപനത്തിന്റെ സമൂഹമാധ്യമ പേജില്‍ ഉടമ അമല്‍ മനോജാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. അമലിന്റെ സമൂഹമാധ്യമ അക്കൗണ്ടിലും 'സ്ട്രീംലൈന്‍' ഉടമ എന്നു കാണിച്ചിട്ടുണ്ടെന്നും വാര്‍ത്തയിലുണ്ടായിരുന്നു. ഈ വാര്‍ത്തയിലെ വാദങ്ങളെ ഒന്നും അമല്‍ മനോജ് നിഷേധിക്കുന്നില്ല. അമല്‍ മനോജിന്റെ അക്കൗണ്ടില്‍ ആരോപണമൊന്നും മനോരമയില്‍ സക്കീര്‍ ഹുസൈന്‍ എഴുതിയ വാര്‍ത്തയിലുണ്ടായിരുന്നതുമില്ല.
ക്രിയേറ്റീവുകള്‍ തയാറാക്കാനുള്ള പാനലില്‍ രണ്ടു വിഭാഗത്തിലും ഇടം പിടിച്ചതു 'സ്ട്രീംലൈന്‍' മാത്രമല്ല. പിആര്‍ഡി, രാഷ്ട്രീയ ബന്ധമുള്ള വേറെയും സ്ഥാപനങ്ങളുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സി ഡിറ്റും കെഎസ്എഫ്ഡിസിയും പട്ടികയിലുണ്ടെങ്കിലും പലപ്പോഴും കരാറുകള്‍ കിട്ടാറില്ല. കിട്ടിയാല്‍ തന്നെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഉപകരാറായി കൈമാറും. ഇതു കിട്ടുന്നതാകട്ടെ രാഷ്ട്രീയ, ഉദ്യോഗസ്ഥ ബന്ധമുള്ള സ്ഥാപനങ്ങള്‍ക്കും-ഇതാണ് മനോരമ വാര്‍ത്ത. ബന്ധുക്കള്‍ക്ക് കരാറും ജോലിയും കിട്ടുന്നതിന് സിപിഎം എതിരാണ്. മുമ്പ് ബന്ധുത്വ നിയമന വിവാദങ്ങള്‍ സിപിഎമ്മിനെ പിടിച്ചു കുലുക്കുകയും ചെയ്തു. ഇതിനിടെയാണ് പി ആര്‍ ഡിയിലെ കരാര്‍ വിവാദത്തിലാകുന്നത്.
മുഖ്യമന്ത്രിയുടെ വിശ്വസ്തന്റെ മകന്റെ ഉടമസ്ഥതയിലുള്ള 'പോര്‍ട്ടലിന്റെ ബില്ലുകള്‍ തടഞ്ഞു വച്ച ഐപിആര്‍ഡി ഡയറക്ടര്‍ ടി.വി. സുഭാഷിനെ തെറിപ്പിക്കാന്‍ നീക്കമുണ്ടായെന്നും വാര്‍ത്തകളെത്തിയിരുന്നു. നവകേരള സദസ് , കേരളീയം തുടങ്ങിയ പരിപാടികളുടെ സമൂഹ മാധ്യമ ലൈവ് സ്ട്രീമിങ് ചുമതല ടെന്‍ഡര്‍ ഇല്ലാതെ പോര്‍ട്ടലിനു നല്‍കിയിരുന്നുവെന്നായിരുന്നു ആ വാര്‍ത്തകള്‍. ഐപിആര്‍ഡി ഡപ്യൂട്ടി ഡയറക്ടര്‍ കെ. സുരേഷ് കുമാറാണ് നടപടി ക്രമങ്ങള്‍ പാലിക്കാതെ കരാര്‍ അമലിനു നല്‍കിയത്.
പോര്‍ട്ടലിലെ ആറംഗ സംഘം ഔദ്യോഗിക ടീമിന്റെ ഭാഗമായി നവകേരള സഭസിനൊപ്പം യാത്ര ചെയ്തതിന്റെ ചെലവും സര്‍ക്കാര്‍ വഹിച്ചു. ഭീമമായ ബില്‍ ഡയറക്ടറുടെ അപ്രൂവലിനു ചെന്നപ്പോഴാണ് പിടി കൂടിയത്. ടെന്‍ഡര്‍ നടപടിയില്ലാതെ കരാര്‍ നല്‍കിയ ഡപ്യൂട്ടി ഡയറക്ടറോട് ഡയറക്ടര്‍ വിശദീകരണം തേടിയെന്നും റിപ്പോര്‍ട്ട് എത്തിയിരുന്നു. ഡയറക്ടര്‍ക്ക് അനുകൂലമായി ചീഫ് സെക്രട്ടറി ഇടപെട്ടതിനാല്‍ തല്‍ക്കാലം മാറ്റമില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഇതിനിടെയാണ് മനോരമ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.