വിനായകന്റെ അസഭ്യ പ്രയോഗങ്ങളില്‍ 'അമ്മ'യ്ക്ക് കടുത്ത അമര്‍ഷം; മലയാള മലയാള സിനിമയുടെ യശ്ശസ്സ് കളയുന്ന നടപടിയെന്ന് വിമര്‍ശനം; മെമ്മറി കാര്‍ഡ് വിവാദം അന്വേഷിക്കാന്‍ അഞ്ചംഗ സമിതിയും; എല്ലാവരെയും ഒപ്പം നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചു ശ്വേത മേനോനും കൂട്ടരും താരസംഘടനയില്‍ ഭരണം തുടങ്ങി
വിനായകന്റെ അസഭ്യ പ്രയോഗങ്ങളില്‍ 'അമ്മ'യ്ക്ക് കടുത്ത അമര്‍ഷം
കൊച്ചി: തിരഞ്ഞെടുപ്പ് കാലത്ത് സംഘടനയില്‍ പൊട്ടിത്തെറികള്‍ക്ക് കാരണമായ മെമ്മറി കാര്‍ഡ് വിവാദത്തില്‍ അന്വേഷണം നടത്താന്‍ 'അമ്മ'. ഇതിനായി അഞ്ചംഗ സമിതിയെ നിയോഗിച്ചു. 60 ദിവസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബുധനാഴ്ച ചേര്‍ന്ന പുതിയ ഭരണസമിതിയുടെ ആദ്യ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. നിര്‍ണായക തീരുമാനങ്ങളുമായി മുന്നോട്ടു പോകാനാണ് ശ്വേതയുടെയും കൂട്ടരുടെയും നീക്കം. എല്ലാവരെയും ഒപ്പം നിര്‍ത്തുമെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍, യോഗം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങളെക്കണ്ട പ്രസിഡന്റ് ശ്വേതാ മേനോന്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീടാണ് മെമ്മറി കാര്‍ഡ് വിവാദത്തില്‍ അന്വേഷണം ഉണ്ടാവുമെന്ന വാര്‍ത്ത പുറത്തുവന്നത്. കമ്മിറ്റി രൂപവത്കരിച്ച കാര്യമോ, ആരൊക്കെയാണ് അംഗങ്ങളെന്നോ, അന്വേഷണ കാലാവധിയോ തുറന്നുപറയാന്‍ ശ്വേത തയ്യാറായിരുന്നില്ല. അന്വേഷണം വേണമെന്ന് ആദ്യ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചിട്ടുണ്ടെന്നും മറ്റ് കാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നുമായിരുന്നു ശ്വേത അറിയിച്ചത്.
സംഘടനാ തിരഞ്ഞെടുപ്പ് കാലത്ത് മെമ്മറി കാര്‍ഡ് വിവാദം 'അമ്മ'യെ പിടിച്ചുകുലുക്കിയിരുന്നു. 'അമ്മ'യിലെ വനിതാ അംഗങ്ങള്‍ തങ്ങള്‍ക്ക് സിനിമാ മേഖലയില്‍നിന്ന് ഉണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞത് ചിത്രീകരിച്ച മെമ്മറി കാര്‍ഡിന് എന്തുസംഭവിച്ചു എന്നതിനെ ച്ചൊല്ലിയായിരുന്നു വിവാദം. സംഭവത്തില്‍ നിലവിലെ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനെതിരേ നടിമാരായ ഉഷാ ഹസീനയും പൊന്നമ്മ ബാബുവും രംഗത്തെത്തിയിരുന്നു.
കുക്കു പരമേശ്വരന്റെ നേതൃത്വത്തിലാണ് യോഗം നടന്നതെന്നും മെമ്മറി കാര്‍ഡിന്റെ ഉത്തരവാദിത്തം അവര്‍ക്കാണെന്നും അമ്മ തിരഞ്ഞെടുപ്പിനിടെ ആരോപണം ഉയര്‍ന്നിരുന്നു. പൊന്നമ്മ ബാബു അടക്കമുള്ള താരങ്ങളാണ് ആരോപണം ഉന്നയിച്ചത്. കുക്കു പരമേശ്വരന്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ രംഗത്ത് വന്നതിന് പിന്നാലെയായിരുന്നു ആരോപണങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത്. ഈ വിഷയത്തില്‍ അന്വേഷണം നടത്താനാണ് പുതിയ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ഇത്തരം വിവാദങ്ങള്‍ വഴിയേ അടങ്ങുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, അടൂര്‍ ഗോപാലകൃഷ്ണനേയും യേശുദാസിനേയും അധിക്ഷേപിച്ചുള്ള പരാമര്‍ശങ്ങളില്‍ നടന്‍ വിനായകനെ 'അമ്മ' തള്ളി. നടന്റെ പരാമര്‍ശങ്ങള്‍ക്കെതിരേ ആദ്യ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം അമര്‍ഷം രേഖപ്പെടുത്തി. മലയാള സിനിമയുടെ യശ്ശസ്സ് അന്തര്‍ദേശീയ തലത്തില്‍ ഉയര്‍ത്തിയ പത്മവിഭൂഷണ്‍ ജേതാക്കളായ അടൂരിനേയും യേശുദാസിനേയും അപകീര്‍ത്തിപ്പെടുത്തുന്നതാണ് വിനായകന്റെ പരാമര്‍ശങ്ങളെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
യേശുദാസിനെതിരായ പോസ്റ്റിലെ അസഭ്യ പ്രയോഗങ്ങള്‍ക്കെതിരെ നിരവധി പേര്‍ പ്രതികരിച്ചപ്പോള്‍ വിനായകന്‍ മറ്റൊരു പോസ്റ്റുമായി രംഗത്തുവന്നിരുന്നു. 'ശരീരത്തില്‍ ഒന്നും അസഭ്യമായില്ല എന്നിരിക്കെ സ്ത്രീകള്‍ ജീന്‍സോ, ലെഗിന്‍സോ ഇടുന്നതിനെ അസഭ്യമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യമല്ലേ എന്നാണ് നടന്‍ കുറിച്ചിരുന്നത്. ഇതിനെതിരെ ഗായകന്‍ ജി വേണുഗോപാലും ഗായകരുടെ സംഘടനയുമെല്ലാം പ്രതിഷേധവുമായി വന്നിരുന്നു. സിനിമ കോണ്‍ക്ലേവില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളെയും വിനായകന്‍ വിമര്‍ശിച്ചിരുന്നു.
സമൂഹമാധ്യമങ്ങളില്‍ തുടര്‍ച്ചയായി അധിക്ഷേപ പോസ്റ്റുകള്‍ ഇട്ടെന്ന പരാതിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് വിനായകനെ കൊച്ചി സൈബര്‍ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഫേസ്ബുക്കില്‍ കവിത എഴുതിയതാണെന്ന വിശദീകരണമാണ് വിനായകന്‍ പൊലീസിന് നല്‍കിയത്. കേസെടുക്കാന്‍ വകുപ്പില്ലെന്ന് കണ്ട് വിനായകനെ സൈബര്‍ പൊലീസ് വിട്ടയക്കുകയായിരുന്നു. ഒന്നര മണിക്കൂറാണ് വിനായകനെ സൈബര്‍ പൊലീസ് ചോദ്യം ചെയ്തത്.