യൂട്യൂബര്‍ക്ക് ആ സ്‌ക്രീന്‍ഷോട്ട് അയച്ചു നല്‍കിയത് ഞാന്‍ തന്നെ; അഡ്മിന്‍ പാനലിന്റെ സ്‌ക്രീന്‍ ഷോട്ട് ആവശ്യപ്പെട്ടപ്പോള്‍ അയച്ചു നല്‍കി; 'അമ്മയുടെ പെണ്‍മക്കള്‍' കൂട്ടായ്മ തുടങ്ങിയത് ബാബുരാജിന് വേണ്ടിയല്ലെന്ന് ഉഷ ഹസീന; മെമ്മറി കാര്‍ഡ് വിവരം മുമ്പ് പറയാത്തത് എന്തെന്ന മാല പാര്‍വതിയുടെ ചോദ്യത്തിന് ഉത്തരമില്ലാതെ ഉഷ; അമ്മയില്‍ വനിതകള്‍ തമ്മില്‍ പോര് മുറുകുമ്പോള്‍
അമ്മയില്‍ വനിതകള്‍ തമ്മില്‍ പോര് മുറുകുമ്പോള്‍
തിരുവനന്തപുരം: താരസംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം കൊഴുക്കുകയാണ്. നടി ഉഷ ഹസീന അമ്മയുടെ സ്ത്രീകളുടെ കൂട്ടായ്മയിലെ വാട്‌സ് ആപ്പ് ഗ്രൂപ്പിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ചു മാല പാര്‍വതി രംഗത്തുവന്നിരുന്നു. ഗുരുതര ഡാറ്റാ ചോര്‍ച്ചയായി പാര്‍വതി ഈ വിഷയം ഉന്നയിച്ചതോടെ വിശദീകരണവുമായി ഉഷയും രംഗത്തുവന്നു.
ഒരു യൂട്യൂബര്‍ക്ക് വാട്‌സ് ആപ്പിന്റെ സ്‌ക്രീന്‍ഷോട്ട് അയച്ചു നല്‍കിയത് താനാണെന്ന് ഉഷ ന്യൂസ് 18 ചാനലിനോട് പ്രതികരിക്കവേ സമ്മതിച്ചു. കൂട്ടായ്മ തുടങ്ങിയെന്ന് അറിഞ്ഞ് വിളിച്ചപ്പോള്‍ സ്‌ക്രീന്‍ഷോട്ട് ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയെന്നാണ് ഉഷ സമ്മതിച്ചത്. അഡ്മിന്‍ പാനലിന്റെ സ്‌ക്രീന്‍ ഷോട്ട് അയച്ചു നല്‍കുകയാണ് ചെയ്തത്. അതേസമയം ഗ്രൂപ്പില്‍ നടക്കുന്ന വിവരങ്ങളെല്ലാം തനിക്ക് ലഭിച്ചെന്ന് ആ യൂട്യൂബര്‍ തന്നോട് പറഞ്ഞുവെന്നും ഉഷ പറയുന്നു. ഇപ്പോഴത്തെ വിവാദത്തില്‍ മാല പാര്‍വതി അനാവശ്യമായി ഇടപെടുകയാണെന്നും അവര്‍ ആരോപിക്കുന്നു.
അമ്മയിലെ സ്ത്രീകള്‍ക്ക് വേണ്ടി തുടങ്ങിയ കൂട്ടായ്മയാണിത്. ജനറല്‍ ബോഡി യോഗത്തിന് ശേഷമാണ് ഈ ഗ്രൂപ്പ് തുടങ്ങിയത്. അമ്മയിലെ സ്ത്രീകള്‍ക്ക് ഒരു പ്രശ്‌നം വരുമ്പോള്‍ സ്ത്രീകള്‍ കൂട്ടമായി നില്‍ക്കുന്നില്ല. അതിന് വേണ്ടിയാണ് ഗ്രൂപ്പു തുടങ്ങിയതെന്നും ഉഷ പറഞ്ഞു. ഗ്രൂപ്പു തുടങ്ങിയത് ബാബുരാജ് അറിഞ്ഞിട്ട് പോലുമില്ലെന്നാണ് ഉഷ പറയുന്നത്. ഞാനാണ് ഇക്കാര്യം ബാബുരാജിനോട് പറഞ്ഞത്. നല്ലകാര്യമാണെന്ന് ബാബു പറഞ്ഞുവെന്നു ഉഷ ഹസീന വ്യക്തമാക്കി. ഞാനായിരുന്നു ആദ്യം അഡ്മിന്‍. പിന്നീട് പൊന്നമ്മ ബാബുവു അഡ്മിനായി.
ഒരിക്കല്‍ ബാബുരാജ് ഒരു നടിക്ക് സുഖമില്ലെന്ന് തനിക്ക് സന്ദേശം അയച്ചു. ഓപ്പറേഷനാണെന്ന മെസേജ് ഇട്ടു. ഈ മെസേജ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ താനിട്ടുവെന്നും ഉഷ പറഞ്ഞു. എന്നാല്‍,് ഇത് ബാബുരാജ് തുടങ്ങിയ ഗ്രൂപ്പാണോ എന്നു ചോദിച്ചു കുക്കുപരമേശ്വരന്‍ രംഗത്തുവരികയാണ് ഉണ്ടായത്. ഇതോടെ ബാബുരാജിന്റെ വോയിസ് താന്‍ ഡിലീറ്റ് ചെയ്തുവെന്നും ഉഷ പറഞ്ഞു.
ഗ്രൂപ്പില്‍ മെമ്മറി കാര്‍ഡിനെ കുറിച്ചുള്ള ചര്‍ച്ചയുണ്ടായപ്പോല്‍ മാല പാര്‍വതി ലെഫ്റ്റടിച്ചു പോയത്. പാര്‍വതി ഇല്ലാത്ത സമയത്ത് നടന്ന സംഭവത്തെ കുറിച്ച് ഇവര്‍ക്കെങ്ങനെ അറിയാമെന്നും മാല പാര്‍വതി ചോദിച്ചു. അന്ന് അവിടെ സംസാരിച്ചത് എന്താണെന്ന് കുക്കുപരമേശ്വരനും ഇടവേള ബാബുവിനും അവിടെ ഉണ്ടായിരുന്നവര്‍ക്കും അറിയാമെന്നും. ഈ വിവരങ്ങള്‍ വെച്ച് ആരെയൊക്കെ ബ്ലാക്‌മെയില്‍ ചെയ്തിരിക്കാമെന്നും ഉഷ ചോദിക്കുന്നു.
അതേസമയം ചാനല്‍ ചര്‍ച്ചയില്‍ മാല പാര്‍വതിയെ പങ്കെടുപ്പിച്ചതോടെ ഉഷ ഹസീന തര്‍ക്കിച്ച് ഫോണ്‍ കട്ടു ചെയ്തു പോകുകയാണ് ഉണ്ടായത്. 2018 മുതല്‍ 2025വരെ വരെ നടന്ന യോഗങ്ങളില്‍ ഇങ്ങനെയൊരു മെമ്മറി കാര്‍ഡ് വിഷയം എ്തുകൊണ്ട് ഉന്നയിച്ചില്ലെന്നാണ് മാല പാര്‍വതി ചോദിച്ചത്. ഹേമ കമ്മറ്റിയില്‍ നടിമാരില്‍ നിന്നും വിവരങ്ങള്‍ തേടിയിരുന്നു. ഇത് കൂടാതെ പലഘട്ടങ്ങളിലും ഇതേക്കുറിച്ച് പറയാന്‍ അവസരം ഉണ്ടായിരുന്നു. അന്നൊന്നും പറഞ്ഞില്ല. ഒരു യുട്യൂബര്‍ പറയുമ്പോഴാണ് കേള്‍ക്കുന്നത്. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്‍ കുക്കു പരമേശ്വരനെ പിന്തുണച്ചവരാണ് ഇപ്പോള്‍ മെമ്മറി കാര്‍ഡിനെ കുറിച്ച് പരാമര്‍ശിച്ചു രംഗത്തു വന്നതെന്നും മാല പാര്‍വതി പറഞ്ഞു. മാലയുടെ വാക്കുകള്‍ക്കിടെയാണ ഉഷ പ്രതികറണം അവസാനിപ്പിച്ചതും.
നേരത്തെ സ്ത്രീകളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലുണ്ടായ വിഷയങ്ങള്‍ തുറന്നു പറഞ്ഞ് മാലാ പാര്‍വതിയാണ് രംഗത്തുവന്നത്. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ചിലര്‍ ഒരുക്കിയ തന്ത്രങ്ങളുടെ ഭാഗമാണ് ആ ഗ്രൂപ്പെന്നും അതില്‍ പങ്കുവച്ച കാര്യങ്ങള്‍ ഒരു യുട്യൂബര്‍ക്ക് ചോര്‍ത്തിക്കൊടുത്തത് അതിലെ അംഗം തന്നെയാണെന്നും മാലാ പാര്‍വതി ആരോപിച്ചു. ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ പുറത്തു പങ്കുവയ്ക്കരുതെന്നും അങ്ങനെ ചെയ്താല്‍ നടപടിയുണ്ടാകുമെന്ന് ആവര്‍ത്തിച്ച അഡ്മിന്‍ പാനലിലെ അംഗം തന്നെ ഗ്രൂപ്പിലെ വിവരങ്ങള്‍ ചോര്‍ത്തി കൊടുക്കുന്നതിലുള്ള ആശങ്കയും മാലാ പാര്‍വതി പങ്കുവച്ചു. ഉഷ ഹസീനയെ പേരെടുത്ത് പരാമര്‍ശിച്ചാണ് മാലാ പാര്‍വതിയുടെ പോസ്റ്റ്.
ഈ പോസ്റ്റ് ഇങ്ങനെ: ''മോഹന്‍ലാല്‍ മാറിയതിന് ശേഷം ഉണ്ടായ അധികാര വടം വലിയില്‍, സീറ്റുറപ്പിക്കാന്‍ തുടങ്ങിയ ഗ്രൂപ്പില്‍ അഡ്മിന്‍ മുമ്പോട്ട് വച്ചിരുന്ന നിര്‍ദേശം, അഥവാ നിയമം ഈ ഗ്രൂപ്പിലെ വാര്‍ത്തകള്‍ പുറത്ത് വിടരുത് എന്നതായിരുന്നു. ശരിയാണ്, ഒരു പാട് സെലിബ്രിറ്റീസ് ഉള്ള ഗ്രൂപ്പില്‍ നിന്ന് വാര്‍ത്തകള്‍ പുറത്ത് പോകുന്നത്, ഡാറ്റ ചോര്‍ച്ച എന്ന നിലയ്ക്ക് തന്നെ കരുതപ്പെടാവുന്ന ഗുരുതര തെറ്റ് തന്നെയാണ്.
എന്നാല്‍ ജൂലൈ 16ന് ഒരു യൂട്യൂബ് ചാനലില്‍, താര സംഘടനയില്‍ ജാതി വല്‍ക്കരണവും, കാവി വല്‍ക്കരണവും എന്ന പേരില്‍ ഇറങ്ങിയ വിഡിയോയില്‍, ഞെട്ടിക്കുന്ന ഒരു കാര്യം കണ്ടു. പത്ത് മിനിറ്റ് 52 സെക്കന്‍ഡ് ഉള്ള വിഡിയോയില്‍, (- 6.05) -ല്‍ ഒരു സ്‌ക്രീന്‍ ഷോട്ട് പ്രത്യക്ഷമാവുന്നുണ്ട്. ഗ്രൂപ്പിന്റെ ആധികാരികത കാണിക്കാന്‍ ചെയതതാണ്. എന്നാല്‍ ആ സ്‌ക്രീന്‍ ഷോട്ടില്‍ നാലാമത്തെ നമ്പര്‍. 'മൈ നമ്പര്‍' എന്നാണ് കിടക്കുന്നത്. അപ്പോള്‍ ആ ഫോണില്‍ നിന്നാണ് ആ സ്‌ക്രീന്‍ ഷോട്ട് പോയിരിക്കുന്നത്. അതു അഡ്മിന്റെ ഫോണില്‍ നിന്ന് തന്നെ. സ്‌ക്രീന്‍ ഷോട്ടിലെ മൈ നമ്പര്‍, നാലാമതാണ് വന്നിരിക്കുന്നത്. ഗ്രൂപ്പംഗങ്ങള്‍ക്കത് ഉഷ ഹസീന ആണ്.
അങ്ങനെ വാട്ട്‌സാപ്പ് രൂപീകരിച്ച്, യൂട്യൂബര്‍ക്ക് എക്‌സ്‌ക്ലൂസിവ് കണ്ടന്റ് കൊടുക്കുന്നതില്‍, വലിയ പ്രതിഷേധം അംഗങ്ങള്‍ക്കിടയില്‍ ഉണ്ടായി. പിന്നീടങ്ങോട്ട് യൂട്യൂബര്‍ 'അമ്മ'യില്‍ നടക്കുന്നതും, നടക്കാനിരിക്കുന്നതുമായ എല്ലാ വിവാദങ്ങളും മുന്‍ കൂട്ടി പ്രവചിക്കാന്‍ തുടങ്ങി.'' അമ്മയിലെ പെണ്‍മക്കള്‍' എന്ന ഗ്രൂപ്പില്‍ നിന്ന് പുറത്തുവരാനുള്ള കാരണവും മാലാ പാര്‍വതി മറ്റൊരു പോസ്റ്റില്‍ വെളിപ്പെടുത്തി. ഊര്‍മിള ഉണ്ണി, സീമ ജി.നായര്‍, ശ്രീലത നമ്പൂതിരി തുടങ്ങിയവര്‍ ഗ്രൂപ്പ് വിടാനുണ്ടായ സാഹചര്യം തന്നെ അലോസരപ്പെടുത്തിയെന്നും ഗ്രൂപ്പില്‍ 'ഭീഷണിയുടെ സ്വരം' ഉണ്ടെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും താരം പറഞ്ഞു.
ഈ പോസ്റ്റ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ നിന്നും മാല പാര്‍വതി പിന്‍വലിക്കുകയാണ് ഉണ്ടായത്.