മലപ്പുറത്തെ സ്വര്‍ണ്ണ വേട്ട പ്രതികാരമായെന്ന് എഡിജിപിയുടെ മൊഴി; വിശദീകരണം എഴുതി നല്‍കുന്നതും ആരോപണം രേഖയുടെ ഭാഗമാക്കാന്‍; ഇനിയും മൊഴിയെടുക്കും; 'അന്‍വറില്‍' സത്യം തെളിയാന്‍ വേണ്ടത് സിബിഐ

തനിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന അന്‍വറിനെതിരെ എന്തെങ്കിലും തെളിവ് അജിത് കുമാര്‍ നല്‍കിയിട്ടുമില്ലെന്നാണ് സൂചന

Update: 2024-09-13 02:59 GMT


തിരുവനന്തപുരം: തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പി.വി അന്‍വറിന് പിന്നില്‍ മാഫിയ സംഘം പ്രവര്‍ത്തിക്കുന്നുവെന്ന് എഡിജിപി എംആര്‍ അജിത് കുമാറിന്റെ മൊഴിയില്‍ നിറയുന്നത് കേന്ദ്ര ഏജന്‍സി അന്വേഷണത്തിന്റെ അനിവാര്യത. കുഴല്‍പ്പണ ഇടപാടുകാരും തീവ്രവാദ ബന്ധമുള്ളവരും ആണ് പിന്നില്‍ എന്നും എഡിജിപി മൊഴി നല്‍കിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ നടന്ന സ്വര്‍ണ്ണവേട്ടയും പ്രതികാരത്തിന് കാരണമായെന്നും ഡിജിപിക്ക് നല്‍കിയ മൊഴിയില്‍ എംആര്‍ അജിത്കുമാര്‍ ആരോപിക്കുന്നു. എഡിജിപിയ്‌ക്കെതിരെയുള്ള അന്വേഷണം കേരളാ പോലീസ് നടത്തുന്നത് അസ്വാഭാവികതയാണ്. അതുകൊണ്ട് തന്നെ അന്‍വറിന്റേയും അജിത് കുമാറിന്റേയും ആക്ഷേപങ്ങളില്‍ എഫ് ഐ ആര്‍ ഇട്ട് അന്വേഷണം അനിവാര്യമാണെന്ന വിലയിരുത്തലുമുണ്ട്.

ഇപ്പോഴത്തെ ആരോപണങ്ങളില്‍ എ.ഡി.ജി.പി.ക്കെതിരേ നടപടി വൈകുന്നതിനുകാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ താത്പര്യക്കുറവുതന്നെയാണ് ഇടതു മുന്നണി യോഗത്തോടെ വ്യക്തമായിരുന്നു. ആ നിലയിലായിരുന്നു കഴിഞ്ഞദിവസം എല്‍.ഡി.എഫ്. യോഗത്തില്‍ മുഖ്യമന്ത്രിയുടെ വാദമുഖങ്ങള്‍. തന്നെയും മകളെയും ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങളില്‍ ചിലരെങ്കിലും വീണുപോയിട്ടുണ്ടെന്ന് മുന്നണിയോഗത്തില്‍ പരിഭവിച്ച അദ്ദേഹം, ഈ ഘട്ടത്തില്‍ ഒന്നിച്ചു നില്‍ക്കണമെന്നും ആവശ്യപ്പെട്ടു. പരസ്യമായ വെളിപ്പെടുത്തലുകള്‍ നടത്തിയ പി.വി. അന്‍വറിനോടുള്ള അതൃപ്തിയും മറച്ചുവെച്ചില്ല. ഇടതുപക്ഷ രാഷ്ട്രീയത്തിലൂടെവന്ന ആളല്ലല്ലോ എന്നായിരുന്നു അന്‍വറിനെക്കുറിച്ചുള്ള വിശേഷണം. ഈ സാഹചര്യവും സിബിഐ അന്വേഷണം അനിവാര്യമാക്കുന്നുവെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ എഫ് ഐ ആര്‍ ഇടാനോ അന്വേഷണം സിബിഐയ്ക്ക് കൈമാറാനോ സംസ്താന സര്‍ക്കാരിന് താല്‍പ്പര്യമില്ല. പോലീസ് മേധാവി അന്വേഷിക്കുന്നതിനോടാണ് അന്‍വറിനും താല്‍പ്പര്യം. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകില്ല. അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും അജിത് കുമാറിന്റെ മൊഴിയെടുക്കും. ആരോപണങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്‍കാന്‍ അവസരം വേണമെന്നും അജിത് കുമാര്‍ ആവശ്യപ്പെട്ടു. അന്‍വറിനെതിരായ ആരോപണങ്ങള്‍ രേഖയാക്കാനുള്ള നീക്കമാണ് ഇത്. നേരത്തെ വിശദമായ പരാതി പോലീസ് മേധാവിക്കും മുഖ്യമന്ത്രി പിണറായി വിജയനും അജിത് കുമാര്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ ഇതുവരേയും അന്വേഷണം നടന്നില്ല. സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ അജിത് കുമാറിന്റെ ആരോപണവും അന്വേഷിക്കണമെന്നുണ്ടായിരുന്നു. ഇതിനിടെ ആര്‍ എസ് എസ് കൂടിക്കാഴ്ച ഉയര്‍ത്തി ചര്‍ച്ചകള്‍ മറ്റൊരു വഴിയിലേക്ക് കൊണ്ടു പോയി.

അന്‍വറിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി എഡിജിപി എം ആര്‍ അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്. ഐജി സ്പര്‍ജന്‍ കുമാറും മൊഴിയെടുക്കുമ്പോഴുണ്ടായിരുന്നു. മൂന്നര മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പ് വിഡിയോ റെക്കോര്‍ഡ് ചെയ്തു. അന്‍വറിന്റെ ആരോപണത്തിന് പുറമെ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് എഡിജിപി നല്‍കിയ മൊഴിയും രാഷ്ട്രീയ കേരളം കാത്തിരിക്കുകയാണ്. തൃശൂരിലെ കൂടിക്കാഴ്ച വ്യക്തിപരമെന്ന മൊഴിയാണ് എഡിജിപി ഇക്കാര്യത്തില്‍ നല്‍കിയത്. എന്നാല്‍ കോവളത്ത് രാം മാധവുമായുള്ള കൂടിക്കാഴ്ച എഡിജിപി നിഷേധിച്ചതായും സൂചനയുണ്ട്.

തനിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന അന്‍വറിനെതിരെ എന്തെങ്കിലും തെളിവ് അജിത് കുമാര്‍ നല്‍കിയിട്ടുമില്ലെന്നാണ് സൂചന. എന്നാല്‍ വിശദീകരണം എഴുതി നല്‍കുമ്പോള്‍ ഇതും സമര്‍പ്പിക്കുമെന്നാണ് ലഭ്യമായ വിവരം.

Tags:    

Similar News