ദുരൂഹതയുണര്‍ത്തി വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; നിസാരമായി കാണാനാകില്ലെന്ന് വ്യോമയാന മന്ത്രി; ഗുരുതര കുറ്റകൃത്യമാക്കുന്നത് പരിഗണനയില്‍; ഭീഷണികള്‍ നടത്തുന്നവരെ നോ ഫ്‌ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും; കടുത്ത നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍

നിയമഭേദഗതി കൊണ്ടുവരുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ആലോചനയില്‍

Update: 2024-10-21 10:25 GMT

ന്യൂഡല്‍ഹി: വിമാന സര്‍വീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി മുഴക്കുന്നത് ഗുരുതര കുറ്റകൃത്യമാക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍. കേന്ദ്ര വ്യോമയാന മന്ത്രി കെ.റാം മോഹന്‍ നായിഡുവാണ് ഇതു സംബന്ധിച്ച് സുപ്രധാന വിവരം പ്രഖ്യാപിച്ചത്. ഇതിനായി നിയമഭേദഗതി കൊണ്ടുവരുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ആലോചനയിലുണ്ടെന്നും റാം മോഹന്‍ നായിഡു അറിയിച്ചു. നിലവില്‍ രാജ്യത്തെ വിമാന സര്‍വീസുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഭീഷണി സന്ദേശത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഭീഷണികളെ നിസാരമായി കാണാന്‍ ആകില്ലെന്ന് മന്ത്രി പറഞ്ഞു. ബോംബ് ഭീഷണി വന്നാല്‍ പാലിക്കേണ്ട സുരക്ഷാക്രമീകരണങ്ങള്‍ നടപ്പാക്കുന്നുണ്ട്. ഇത് ചെയ്‌തേ മതിയാകൂ. ഭീഷണി വ്യാജമാണെങ്കിലും സുരക്ഷാ പരിശോധനകള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയം ഗൗരവത്തോടെ പരിശോധിച്ചു വരികയാണ്. വ്യോമയാന രംഗത്തെ വിവിധ തലങ്ങളില്‍ പെട്ടവരുമായി കൂടിയാലോചനകള്‍ തുടരുന്നുണ്ട്. ഇത്തരം ഭീഷണികള്‍ നേരിടാന്‍ പുതിയ നിയമം കൊണ്ടുവരുന്ന കാര്യവും പരിഗണനയിലാണ്.

''ഭീഷണികള്‍ നിസാരമായി കാണാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. വ്യാജ കോളുകള്‍ക്കെതിരെയും ഇമെയിലുകള്‍ക്കെതിരെയും കര്‍ശന നടപടി വേണം. ഇത്തരം വ്യാജ ഭീഷണികള്‍ യാത്രക്കാര്‍ക്കും കമ്പനികള്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇതിനു പരിഹാരം കണ്ടെത്തിയേ മതിയാകൂ.

ഏത് എയര്‍ലൈനു ഭീഷണിയുണ്ടായാലും അത് ഞങ്ങള്‍ക്കെതിരെയുള്ള ഭീഷണിയായി തന്നെയാണ് കണക്കാക്കുന്നത്. വിപിഎന്‍ ഉപയോഗിച്ചാണ് പലരും വ്യാജ കോളുകള്‍ ചെയ്യുന്നത്. അതിനാല്‍ തന്നെ വേറെ രാജ്യങ്ങളില്‍ നിന്നായിരിക്കും ഈ കോളുകള്‍ വരുന്നത്.'' റാം മോഹന്‍ നായിഡു ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇത്തരം വ്യാജ ബോംബ് ഭീഷണികള്‍ നടത്തുന്നവരെ നോ ഫ്‌ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ഇക്കാര്യത്തില്‍ നിയമത്തില്‍ ഭേദഗതി വരുത്തുമെന്നും മന്ത്രി പറഞ്ഞു. വ്യോമയാന സുരക്ഷ നിയമത്തില്‍ ഭേദഗതി വരുത്താനും ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് നിയമവിധരുമായി കൂടിയാലോചന തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബോംബ് ഭീഷണിയെ തുടര്‍ന്ന് എട്ടു വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുവെന്നും റാം മോഹന്‍ നായിഡു അറിയിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന ഭീഷണികളില്‍ അടക്കം പരിശോധനകള്‍ തുടരുകയാണ്.

മറ്റ് മന്ത്രാലയങ്ങളുമായി അടക്കം ചേര്‍ന്ന് നടപടികള്‍ ഉണ്ടാകും. യാത്രക്കാര്‍ക്കുള്ള ബുദ്ധിമുട്ട് പരമാവധി ഒഴിവാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഇന്‍ഡിഗോ, വിസ്താര, എയര്‍ ഇന്ത്യ, ആകാശ കമ്പനികളുടെ 20 വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ച്ചയായുള്ള ബോംബ് ഭീഷണിയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഭീഷണി സന്ദേശം ലഭിച്ചാല്‍ സിവില്‍ ഏവിയേഷന്‍ സുരക്ഷാ വിഭാഗത്തിന്റെ മാനദണ്ഡമനുസരിച്ചുള്ള സുരക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നാണ് നിര്‍ദേശം.

നവംബര്‍ ഒന്നു മുതല്‍ 19 വരെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്രക്കാര്‍ സഞ്ചരിക്കരുതെന്ന ഖാലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പഥ്വന്ത് സിങ് പന്നു ഭീഷണി മുഴക്കിയിട്ടുണ്ട്. സിഖ് വംശഹത്യയുടെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഈ തീയതികളില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കുനേരെ ആക്രമണങ്ങള്‍ ഉണ്ടാകുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. ഒരാഴ്ചക്കിടെ രാജ്യത്തിനകത്തെയും പുറത്തെയും 70 വിമാന സര്‍വീസുകള്‍ക്കാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.

Tags:    

Similar News