ബംഗ്ലാദേശില്‍ 24 മണിക്കൂറിനിടെ രണ്ട് ഹിന്ദു യുവാക്കള്‍ കൂടി കൊല്ലപ്പെട്ടു; ഇന്നലെ രാത്രി 10 മണിയോടെ നര്‍സിംഗ്ഡി ജില്ലയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് പലചരക്ക് കട ഉടമയായ ശരത് മണി ചക്രവര്‍ത്തി; പത്രപ്രവര്‍ത്തകനും കൊല്ലപ്പെട്ടു; 18 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 6 ഹിന്ദുക്കള്‍
ബംഗ്ലാദേശില്‍ 24 മണിക്കൂറിനിടെ രണ്ട് ഹിന്ദു യുവാക്കള്‍ കൂടി കൊല്ലപ്പെട്ടു
ധാക്ക: ബംഗ്ലാദേശില്‍ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുക്കള്‍ക്കെതിരേ ആക്രമണങ്ങള്‍ തുടരുന്നു. ബംഗ്ലാദേശില്‍ വീണ്ടും ഹിന്ദു യുവാവ് കൊല്ലപ്പെട്ടു. പലചരക്ക് കട ഉടമയായ ശരത് മണി ചക്രവര്‍ത്തി (40) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെ നര്‍സിംഗ്ഡി ജില്ലയിലായിരുന്നു ആക്രമണം നടന്നത്. അക്രമികള്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ട് യുവാവിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം പിന്നീട് മരണപ്പെടുകയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് ഇതരമതസ്ഥന്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്.
ഇതേദിവസം തന്നെ ജഷോറിലെ മണിരാംപൂരില്‍ തലയില്‍ വെടിയേറ്റ നിലയില്‍ പത്രപ്രവര്‍ത്തകനായ റാണ പ്രതാപ് ബൈരാഗിയുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ കഴുത്ത് അറുത്ത നിലയിലുമായിരുന്നു. മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് മണിയെ ആക്രമിച്ചത്. പലാഷ് ഉപാസിലയിലെ ചാര്‍സിന്ദൂര്‍ ബസാറില്‍ പലചരക്ക് കട നടത്തുകയായിരുന്നു മണി. അജ്ഞാതരായ അക്രമികള്‍ മുന്നറിയിപ്പൊന്നും കൂടാതെ പെട്ടെന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി ബംഗ്ലാദേശ് വാര്‍ത്താ ചാനലായ ബ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്തു. അക്രമത്തില്‍ ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിയില്‍ വെച്ചാണ് മണി മരിക്കുന്നത്.
ഷിബ്പൂര്‍ ഉപാസിലയില്‍ സദാര്‍ച്ചര്‍ യൂണിയനില്‍ താമസിക്കുന്ന മദന്‍ ഠാക്കൂറിന്റെ മകനാണ് ശരത് ചക്രവര്‍ത്തി മണി. ഭാര്യ അന്താര മുഖര്‍ജി വീട്ടമ്മയാണ്. 12 വയസ്സുള്ള ഒരു മകന്‍ ഉണ്ട് ഇദ്ദേഹത്തിന്. മണി മുമ്പ് ദക്ഷിണ കൊറിയയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തിയത്. പിന്നീട് നര്‍സിംഗ്ഡി പട്ടണത്തില്‍ സ്വന്തമായി വീട് പണിത് അവിടെ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു.
മണി സമാധാനപരമായ ജീവിതമാണ് നയിച്ചിരുന്നതെന്നും അദ്ദേഹത്തിന് ആരുമായും തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങളില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 'എല്ലായിടത്തും അക്രമം വ്യാപിക്കുന്നു. എന്റെ ജന്മസ്ഥലം മരണത്തിന്റെ താഴ് വരയായി മാറിയിരിക്കുന്നു,' ഡിസംബര്‍ 19ന് മണി സാമൂഹികമാധ്യമമായ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതായി ബ്ലിറ്റ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മണിയക്ക് ആരും ശത്രുക്കളില്ലെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ അയല്‍ക്കാരന്‍ കൊലപാതകത്തിന് ഏക കാരണം അദ്ദേഹം ഹിന്ദുവായിരുന്നുവെന്നതാണെന്ന് അഭിപ്രായപ്പെട്ടു.
ജാഷോറിലെ മണിരാംപൂരില്‍ ഹിന്ദുവായ പത്രപ്രവര്‍ത്തകന്‍ റാണാ പ്രതാപ് ബൈരാഗിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ചയാണ് സംഭവം. ബിഡി ഖോബോറിന്റെ ആക്ടിംഗ് എഡിറ്ററായ അദ്ദേഹം ഫാക്ടറി ഉടമ കൂടിയാണ്. തലയില്‍ നിരവധി തവണ വെടിയേറ്റ അദ്ദേഹം കോപാലിയ ബസാര്‍ പ്രദേശത്ത് കഴുത്ത് അറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിത്.
തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് റാണയ്ക്കെതിരേ ആക്രമണമുണ്ടായതെന്ന് മോണിറാംപൂര്‍ പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് എംഡി റസുള്ള ഖാന്‍ പറഞ്ഞു. റാണയുടെ തലയില്‍ മൂന്ന് തവണ വെടിയേറ്റിരുന്നു. കഴുത്ത് അറുത്ത നിലയിലായിരുന്നു. വിവരം അറിഞ്ഞയുടന്‍ ഞങ്ങള്‍ സംഭവസ്ഥലത്തേക്ക് പോയി. മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. അക്രമികളെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചു, അദ്ദേഹം പറഞ്ഞു.
മോട്ടോര്‍ സൈക്കിളില്‍ എത്തിയ അക്രമികള്‍ റാണയെ തന്റെ ഐസ് ഫാക്ടറിയില്‍ നിന്ന് വിളിച്ചുവരുത്തി പലതവണ വെടിവച്ച ശേഷം ഉടന്‍ തന്നെ ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷി പറഞ്ഞു. കേശബ്പൂര്‍ ഉപാസിലയിലെ അരുവ ഗ്രാമത്തില്‍ നിന്നുള്ള ഒരു സ്‌കൂള്‍ അധ്യാപകന്റെ മകനാണ് റാണ. രണ്ട് വര്‍ഷമായി ഐസ് ഫാക്ടറി നടത്തിവരികയായിരുന്നു. മൈമെന്‍സിങ് ജില്ലയില്‍, പ്രാദേശിക വസ്ത്ര ഫാക്ടറി തൊഴിലാളിയായ ദിപു ചന്ദ്ര ദാസ് എന്നയാളെ കഴിഞ്ഞ മാസം ജനക്കൂട്ടം മര്‍ദ്ദിച്ചുകൊല്ലുകയും ഇതിന് ശേഷം മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച, കെഹെര്‍ബംഗ ബസാറിലെ കട അടച്ചുപൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഹിന്ദുവായ ഫാര്‍മസി ഉടമയും ബികാഷ് മൊബൈല്‍ ബാങ്കിംഗ് ഏജന്റുമായ ഖോകോണ്‍ ദാസ് (50) എന്നയാള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുകയും കൊല്ലപ്പെടുകയും ചെയ്തിരുന്നു. തിലായ് പ്രദേശത്തിന് സമീപം മൂന്നോ നാലോ അക്രമികള്‍ ചേര്‍ന്നാണ് അദ്ദേഹത്തെ ആക്രമിച്ചത്. കഴിഞ്ഞയാഴ്ച, മൈമെന്‍സിംഗിലെ ഒരു ഫാക്ടറിയില്‍ ജോലിക്കിടെ ഹിന്ദുവായ വസ്ത്ര ഫാക്ടറി തൊഴിലാളിയായ ബജേന്ദ്ര ബിശ്വാസ് എന്നയാളും വെടിയേറ്റ് മരിച്ചിരുന്നു.
കൊലപാതകങ്ങള്‍ക്കൊപ്പം ഹിന്ദുക്കളായ സ്ത്രീകള്‍ക്കെതിരേ ലൈംഗിക അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും പ്രതിഷേധത്തിന് കാരണമായി. ജെനൈദ ജില്ലയില്‍, 40 വയസ്സുള്ള ഒരു ഹിന്ദു വിധവയെ രണ്ട് നാട്ടുകാര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും മരത്തില്‍ കെട്ടിയിടുകയും മുടി മുറിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ബംഗ്ലാദേശില്‍ തുടര്‍ച്ചയായി ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളും കൊലപാതകങ്ങളും അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിനു കീഴില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന നിരന്തരമായ അതിക്രമങ്ങളില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിക്കുകയും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
