പാലക്കാട്ടെ 'ബിജെപി നേതാവിന്റെ' കുടുംബത്തില്‍ പ്രശ്‌നമോ? ഒരു കുടുംബ പ്രശ്‌നമുണ്ടെന്ന ബിജെപി പരിവാറുകാരുടെ സമ്മതം നല്‍കുന്നത് അതൊരു ബോംബ് അല്ലെന്ന ആത്മവിശ്വാസം; സിപിഎമ്മിനെ പിടിച്ചുലയ്ക്കാന്‍ സതീശന്‍ കരുതി വച്ചിരിക്കുന്നത് എന്ത്? 'ബോംബില്‍' ആര്‍ക്കും ഒരു വ്യക്തതയില്ല; കേരളം ഞെട്ടുമെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ്
തിരുവനന്തപുരം: കേരളം ഞെട്ടുമോ? സിപിഎമ്മും ബിജെപിയും പ്രതിക്കൂട്ടിലാകുമോ? പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എപ്പോള്‍ ബോംബ് പൊട്ടിക്കുമെന്ന ചോദ്യം രാഷ്ട്രീയ കേരളത്തില്‍ ചര്‍ച്ചയായി നിറയുകയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ശരിയായ തീരുമാനമാണ് കോണ്‍ഗ്രസ് എടുത്തതെന്നും അതു ചെയ്യാത്തവര്‍ സൂക്ഷിച്ചോളൂ എന്നുമുള്ള മുന്നറിയിപ്പായിരുന്നു സതീശന്റേത്. ഇനിയും ചിലതെല്ലാം പുറത്തുവന്നേക്കാമെന്ന സന്ദേശം കൂടി അതു നല്‍കി. ഒരുപേടിയുമില്ലെന്ന മറുപടിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നല്‍കിയത്. ഇതിന് പിന്നാലെ ചര്‍ച്ചകള്‍ പല തലത്തിലെത്തി. ഐഎഎസുകാരിയോട് മോശമായി പെരുമാറിയ മന്ത്രി അടക്കം ചര്‍ച്ചകളില്‍ എത്തുമെന്നാണ് സൂചന.
പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, സന്ദീപ് വാരിയര്‍ 'കോര്‍ കമ്മിറ്റി അംഗത്തിനെതിരെ നടപടിയെടുക്കുമോ' എന്നു ചോദിച്ചതോടെ ബിജെപിക്കുള്ളിലും കൊണ്ടുപിടിച്ച ചര്‍ച്ച നടക്കുന്നുണ്ട്. അതിനിടെ ഒരു പരാതിക്കാരി ബിജെപി സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞ ദിവസം പരാതി നല്‍കിയെന്നു വിവരമുണ്ട്. കുടുംബപരമായ പ്രശ്‌നങ്ങള്‍ മാത്രമാണ് അതെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ വിശദീകരണം.'സിപിഎമ്മുകാര്‍ അധികം കളിക്കരുത്. ഞെട്ടിപ്പോകും' എന്നാണ് പ്രതിപക്ഷ നേതാവിന്റെ മുന്നറിയിപ്പ്. ഒരു വനിതാനേതാവ് പാര്‍ട്ടിക്കു നല്‍കിയ പരാതിയെക്കുറിച്ച് രഹസ്യമായി ലഭിച്ച വിവരം പങ്കുവയ്ക്കുകയാണ് സതീശന്‍ ചെയ്തതെന്ന് കരുതുന്നവരുണ്ട്. അതായത് ബിജെപിയിലെ കുടുംബ പ്രശ്‌നത്തിന് സമാനമാണ് സിപിഎമ്മിലേതും എന്ന സൂചനകള്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്നുണ്ട്.
രാഹുലിനെതിരെ നടപടി കൈക്കൊണ്ടശേഷവും പ്രതിപക്ഷ നേതാവിന്റെ വസതിക്കു മുന്നില്‍ സിപിഎമ്മും ബിജെപിയും നടത്തിയ പ്രതിഷേധം കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. എല്‍ഡിഎഫ് മന്ത്രിസഭയിലും മുഖ്യമന്ത്രിയുടെ ഓഫിസിലും ആരോപണ വിധേയര്‍ ഉണ്ടായിരിക്കെ കോണ്‍ഗ്രസിനെതിരെ സംസാരിക്കാന്‍ എന്തു ധാര്‍മികതയാണ് സിപിഎമ്മിന് ഉള്ളതെന്ന ചോദ്യം കെപിസിസി നേതൃയോഗത്തില്‍ ഉയര്‍ന്നു. പാര്‍ട്ടിക്കകത്തെ ഈ വികാരമാണ് സതീശന്റെ വാക്കുകളിലൂടെ പുറത്തുവന്നതെങ്കിലും അതിലൂടെ അദ്ദേഹം ഒരു വന്‍ സസ്‌പെന്‍സും നല്‍കി.
'ഞെട്ടിക്കുന്ന വാര്‍ത്ത വരുന്നുണ്ട്' പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഈ പ്രസ്താവനയെ വെറും പുകമറയല്ലെന്ന് വിശദീകരിച്ച് കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചകള്‍ക്ക് പുതമാനം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഗൗരവത്തില്‍ എടുക്കുന്നില്ലെന്നാണ് സിപിഎം പക്ഷം. അതിനിടെ പ്രതിപക്ഷ നേതാവിന്റെ 'ബോംബ്' എന്താണെന്ന് കണ്ടെത്താന്‍ ബിജെപിയും ശ്രമം തുടങ്ങിയിട്ടുണ്ട്. പാലക്കാട്ടെ യുവ നേതാവിനെതിരെയുളള നനഞ്ഞ പടക്കമാണ് അതെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ പറയുന്നത്. ഐഎഎസുകാരിയുമായി ബന്ധപ്പെട്ട പ്രചരണങ്ങളൊന്നും ശരിയല്ലെന്നാണ് സിപിഎം പറയുന്നത്. ഏതായാലും ഭരണ-പ്രതിപക്ഷ-ബിജെപി ഏറ്റുമുട്ടല്‍ അതിന്റെ പാരമ്യതയിലെത്തുമെന്ന് വ്യക്തമാക്കുന്നതാണ് വിഡി സതീശന്റെ വെല്ലുവളിയും സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണവും.
സതീശന്റെ കൈയ്യില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് പുറത്തു വിടണമെന്നാണ് സിപിഎം നിലപാട്. മുഖ്യമന്ത്രി പിണറായി വിജയനും എന്തു പറഞ്ഞാലും നേരിടാമെന്ന വിലയിരുത്തലാണ്. സിപിഎമ്മിന്റെ സൈബര്‍ സേനയും സജ്ജമായി കഴിഞ്ഞു. എന്തുകൊണ്ട് ബോംബ് ഇടുന്നില്ലെന്ന ചോദ്യം സതീശനോട് നിരന്തരം സൈബര്‍ സഖാക്കള്‍ ഉയര്‍ത്തും. അങ്ങനെ അതൊരു വെറും നുണ ബോംബ് മാത്രമാണെന്ന് വരുത്താനും ശ്രമിക്കും. നിരന്തരം ആരോപണം പുറത്തു പറയാന്‍ സതീശനെ വെല്ലുവിളിക്കുകയും ചെയ്യും. കോണ്‍ഗ്രസിനുള്ളില്‍ സതീശന് പിടി കൈവിട്ടുവെന്നാണ് സിപിഎം പറയുന്നത്. മുസ്ലീം ലീഗും സതീശനെ പിന്തുണയ്ക്കുന്നില്ല. അതുകൊണ്ട് എന്തെങ്കിലും ചെയ്ത് നേതാവ് താനെന്ന് വരുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും സിപിഎം വിശദീകരിക്കും. അങ്ങനെ 'ബോംബിനെ' നേരിടാനാണ് സിപിഎം തയ്യാറെടുപ്പുകള്‍. അതിനിടെ സതീശന്റെ കൈയ്യില്‍ വല്ലതുമുണ്ടോ എന്ന് പരിശോധിക്കാനും നീക്കം സജീവമാണ്.
എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി എടുത്തതോടെ സിപിഎം പ്രതിരോധത്തിലായെന്നും ഇനി വരുന്ന ആരോപണത്തില്‍ അവര്‍ക്കും അതിന് സമാനമായ നടപടി എടുക്കേണ്ടി വരുമെന്നും കോണ്‍ഗ്രസ് നേതാക്കളും പറയുന്നു. സിപിഎമ്മുകാര്‍ അധികം കളിക്കരുതെന്നും ഞെട്ടിക്കുന്ന വാര്‍ത്ത അധികം വൈകാതെ തന്നെ പുറത്തുവരുമെന്നായിരുന്നു വിഡി സതീശന്റെ വെല്ലുവിളി. ബിജെപിക്കെതിരേയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കാളയുമായി തന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തിയവരെക്കൊണ്ട് തന്നെ രാജീവ് ചന്ദ്രശേഖറുടെ വീട്ടിലേക്ക് താന്‍ പ്രതിഷേധം നടത്തിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ഒന്നിനേയും സിപിഎം ഭയക്കുന്നില്ലെന്നതാണ് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം.