ആ ട്രോളി ബാഗില്‍ ദുരൂഹതയില്ലെന്ന നിലപാടില്‍ പോലീസ്; കള്ളപ്പണമായിരുന്നില്ലെങ്കില്‍ ഇത്ര ലാഘവത്തോടെ ബാഗ് കൈകാര്യം ചെയ്യില്ലെന്ന് നിഗമനം; 'കുരിശ്' ഒഴിവാക്കാന്‍ നിയമോപദേശം തേടാന്‍ തീരുമാനം; സിപിഎം നേതാക്കളുടെ പരാതി ഗൗരവത്തില്‍ എടുക്കാതെ പോലീസ്; പാതിരാ റെയ്ഡില്‍ കേസിന് സമ്മര്‍ദ്ദത്തിന് 'ട്രോളി ബാഗ്' സമരത്തിന് ഡിഫി

Update: 2024-11-07 02:46 GMT

പാലക്കാട് : യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിന്റെ നേതൃത്വത്തില്‍ പാലക്കാട്ടെ ഹോട്ടലില്‍ കള്ളപ്പണം കൊണ്ടു വന്നെന്ന സിപിഎം നേതാക്കളുടെ പരാതി പോലീസ് ഗൗരവത്തില്‍ എടുക്കുന്നില്ല. ഇനിയും രാഹുല്‍ മാങ്കൂട്ടത്തിന് രാഷ്ട്രീയ മൈലേജ് നല്‍കുന്നതില്‍ സിപിഎമ്മിനുള്ളിലും രണ്ടഭിപ്രായമുണ്ട്. ഈ സാഹചര്യത്തിലാണ് പാലക്കാട് ജില്ലാ സെക്രട്ടറിയുടെ പരാതിയില്‍ പോലീസ് കേസെടുക്കാത്തത്.

ട്രോളി ബാഗില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കള്ളപ്പണമായിരുന്നില്ലെങ്കില്‍ ഇത്ര ലാഘവത്തോടെ ബാഗ് കൈകാര്യം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍. കേസെടുത്താലും എഫ്‌ഐആര്‍ നിലനില്‍ക്കില്ലെന്നാണ് വിലയിരുത്തല്‍. ആ സാഹചര്യത്തില്‍ സിപിഎം നേതാക്കളുടെ പരാതിയില്‍ നിയമോപദേശം തേടിയ ശേഷം മാത്രം തുടര്‍നടപടിയെന്ന നിലപാടിലാണ് പൊലീസ്. നിയമപദേശം തേടിയ ശേഷം കേസ് എടുക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. കള്ളപ്പണം പിടിച്ചെടുക്കാന്‍ പോലീസിനായിട്ടില്ല. കള്ളപ്പണം ട്രോളി ബാങ്കില്‍ കൊണ്ടു വന്ന് ഹോട്ടലില്‍ വിതരണം ചെയ്തുവെന്നാണ് സിപിഎം പരാതി. അങ്ങനെ എങ്കില്‍ ഹോട്ടല്‍ റെയ്ഡില്‍ പണം കിട്ടണമായിരുന്നു. എന്നാല്‍ നൂറ് രൂപ പോലും അനധികൃതമായുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ട്രോളി ബാഗിലെ കള്ളപ്പണാരോണം ഉന്നയിക്കാന്‍ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്.

കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയ ഹോട്ടലിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് പൊലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ട്രോളി ബാഗുമായി ഹോട്ടലില്‍ എത്തുന്ന ദൃശ്യങ്ങള്‍ സിപിഎമ്മും ഇന്നലെ പുറത്തു വിട്ടു. ബാഗില്‍ കള്ളപ്പണം കടത്തിയെന്നതാണ് സിപിഎം ആരോപണം. രാവിലെ 7.30നു ട്രോളി ബാഗുമായി പാലക്കാട് കോട്ടമൈതാനിയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചിട്ടുണ്ട്. അതിനിടെ പോലീസ് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതും വിവാദമായിട്ടുണ്ട്. എന്നാല്‍ തങ്ങളല്ല നല്‍കിയതെന്നാണ് പോലീസ് വിശദീകരണം. സിപിഎം സ്വതന്ത്രനായി പെരിന്തല്‍മണ്ണയില്‍ മത്സരിച്ച കെപിഎം മുസ്തഫയുടേതാണ് കെപിഎം റീജന്‍സി എന്ന ഹോട്ടല്‍. ഇതും വിവാദങ്ങളില്‍ യുഡിഎഎഫിന് രാഷ്ട്രീയ മുന്‍തൂക്കം നല്‍കുന്നു.

അതെ സമയം വനിതാ നേതാക്കളുടെ മുറിയില്‍ പോലീസ് അതിക്രമിച്ചു കടന്നെന്ന് ചൂണ്ടിക്കാട്ടി തുടര്‍പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. അതേ സമയം പാതിരാ റെയ്ഡില്‍ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ കേസെടുത്തു. കെപിഎം ഹോട്ടലിന്റെ പരാതിയിലാണ് സൗത്ത് പൊലീസ് കേസെടുത്തത്. അതിക്രമിച്ച് കയറി നാശനഷ്ടം ഉണ്ടാക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിയാണ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയ്ഡ് നടന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണയില്‍ ഇടതുസ്വതന്ത്രനായി മത്സരിച്ച കെ.പി.മുഹമ്മദ് മുസ്തഫയുടേതാണ് റെയ്ഡ് നടന്ന കെപിഎം റീജന്‍സി ഹോട്ടല്‍. ഇടതു സഹയാത്രികനായ മുസ്തഫ ഈയിടെയും ഇടതുപക്ഷവുമായി ബന്ധപ്പെട്ട ഒട്ടേറെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.

കള്ളപ്പണം പരിശോധിക്കാനെന്ന പേരില്‍ കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടല്‍ മുറികളില്‍ പൊലീസ് പാതിരാത്രി പരിശോധന നടത്തിയത് സിപിഎമ്മില്‍നിന്നുള്ള തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലെന്നു സൂചന പുറത്തു വന്നു കഴിഞ്ഞു. പൊലീസിനു നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ സേനയില്‍ത്തന്നെ അമര്‍ഷമുണ്ട്. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിനായി കള്ളപ്പണം എത്തിച്ചെന്ന് ആരോപിച്ചാണ് നഗരത്തിലെ ഹോട്ടലില്‍ മുന്‍ എംഎല്‍എ ഷാനിമോള്‍ ഉസ്മാന്‍, എഐസിസി അംഗം ബിന്ദു കൃഷ്ണ എന്നിവരുടെ മുറികളില്‍ ബുധനാഴ്ച അര്‍ധരാത്രി പൊലീസ് റെയ്ഡ് നടത്തിയത്. മണിക്കൂറുകള്‍ നീണ്ട പരിശോധനയ്‌ക്കൊടുവില്‍ പണമൊന്നും കിട്ടിയില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എഴുതിനല്‍കേണ്ട അവസ്ഥയിലായി എഎസ്പി അശ്വതി ജിജി. എന്നാല്‍, അതിനുശേഷവും സംഭവം അന്വേഷിക്കുമെന്ന നിലപാട് പൊലീസ് ആവര്‍ത്തിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ഇന്നലെ ശേഖരിച്ചു. പരിശോധനയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടില്ലെന്നു പൊലീസ് രാത്രി അറിയിച്ചു.

പൊലീസെത്തും മുന്‍പുതന്നെ സിപിഎം നേതാക്കളെത്തിയിരുന്നതായി യുഡിഎഫ് ആരോപിക്കുന്നു. ഹോട്ടലിനകത്തു പണപ്പെട്ടിയുമായി ഒളിച്ചിരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ഇറങ്ങിവരണമെന്നു സിപിഎം, ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ രാഹുല്‍ കോഴിക്കോട്ടുനിന്നു സമൂഹമാധ്യമത്തിലൂടെ ലൈവിലെത്തിയതും സിപിഎമ്മിന് നാണക്കേടായി.

Tags:    

Similar News