നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റു ചെയ്ത് ഞെട്ടിച്ച ഒന്നാം പിണറായി; ഹണി റോസിനെ ഫോണിലൂടെ പിന്തുണ അറിയിച്ച മുഖ്യമന്ത്രി വാഗ്ദാനം ചെയ്തത് നിയമ നടപടികള്‍ക്കുള്ള പിന്തുണ; പിന്നാലെ ആയിരം ഏക്കര്‍ റിസോര്‍ട്ടിലെത്തി പോലീസ് കസ്റ്റഡിയില്‍ എടുത്തത് കോടീശ്വര ബിസിനസ്സുകാരനായ ബോച്ചെയെ; ബോബി ചെമ്മണ്ണൂരിന്റെ 'സ്വര്‍ണ്ണ തള്ളുകള്‍ക്ക്' വിരാമമിട്ട് പിണറായി ഇടപെടല്‍

Update: 2025-01-08 06:39 GMT

കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ചെമ്മണൂര്‍ ഇന്റര്‍നാഷനല്‍ ജ്വല്ലേഴ്‌സ് ഉടമ ബോബി ചെമ്മണൂരിനെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരം. ഹണി റോസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ ബന്ധപ്പെട്ട് എല്ലാ നിയമപടികള്‍ക്കും പിന്തുണ അറിയിച്ചു. പിന്നാലെയാണ് അറസ്റ്റ് നടന്നത്. നേരത്തെ പോലീസ് മേധാവിയുമായും ഹണി റോസ് ഫോണില്‍ സംസാരിച്ചിരുന്നു. മുഖ്യമന്ത്രിയുമായി സംസാരിക്കണമെന്ന് ഹണി റോസ് ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹണി റോസുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചത്. അതിവേഗം തന്നെ ഹണി റോസിന്റെ പരാതിയില്‍ പരിഹാരം ഉണ്ടാവുകയും ചെയ്തു. താര സംഘടനയായ 'അമ്മ'യുടെ അടക്കം പിന്തുണ ഉറപ്പാക്കിയാണ് ഹണി റോസിന്റെ നിയമ നടപടികള്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് സ്ത്രീ വിഷയങ്ങളില്‍ സര്‍ക്കാര്‍ നല്‍കുന്ന പരിഗണനയ്ക്ക് തെളിവായി വിലയിരുത്തപ്പെടുന്നു. ഇതിന് ശേഷം രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ വമ്പന്‍ കസ്റ്റഡിയാണ് ബോബി ചെമ്മണ്ണൂരിന്റേത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അതി നിര്‍ണ്ണായക നീക്കമാണ് പിണറായി നടത്തുന്നത്. കേരളത്തിലെ അതിസമ്പന്നനായ ബിസിനസ്സുകാരനാണ് ബോബി ചെമ്മണ്ണൂര്‍. ടൂറിസം രംഗത്ത് ഇടതു സര്‍ക്കാരിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തി. എന്നാല്‍ ഹണി റോസിന്റെ പരാതിയില്‍ അതൊന്നും സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തില്ല. കൃത്യമായ നടപടികള്‍ എടുത്തുവെന്നതാണ് വസ്തുത. വയനാട് മേപ്പടിക്ക് അടുത്തള്ള ആയിരംകണ്ടി എന്ന സ്ഥലത്തെ ആയിരം എക്കര്‍ എന്ന എസ്റ്റേറ്റില്‍ നിന്നാണ് നാടകീയമായി ബോച്ചെയെ കേരളാ പോലീസ് അറസ്റ്റു ചെയ്തത്.

ഹണി റോസിന്റെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തുമെന്നും പിന്നീട് ബോബി ചെമ്മണ്ണൂരിനെ ചോദ്യം ചെയ്യും എന്നുമായിരുന്നു സൂചനകള്‍. എന്നാല്‍ ഈ കേസില്‍ ഇളവുകളൊന്നും നല്‍കേണ്ടതില്ല എന്ന തീരുമാനം പൊലീസ് സ്വീകരിച്ചു. കാരണം ഹണി റോസ് ആദ്യം നല്‍കിയ പരാതി സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ അസഭ്യപ്രയോഗങ്ങളും അപകീര്‍ത്തി പരാമര്‍ശങ്ങളും നടത്തിയവര്‍ക്കെതിരെ ആയിരുന്നു. ഇതില്‍ ഉടന്‍ തന്നെ 30 പേര്‍ക്കെതിരെ കേസെടുക്കുകയും കുമ്പളം സ്വദേശി ഷാജിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇത്തരത്തില്‍ കേസെടുക്കുകയും ഒരാളെ അറസ്റ്റ്‌ െചയ്യുകയും ചെയ്ത സാഹചര്യത്തില്‍ ഇതിനേക്കാള്‍ ഗൗരവമായ പരാതിയാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് നല്‍കിയിരുന്നത് എന്നതിനാല്‍ നടപടി സ്വീകരിക്കാന്‍ പൊലീസിനു മേലും സമ്മര്‍ദ്ദമുണ്ടായിരുന്നു. മുഖ്യമന്ത്രിയും പച്ചക്കൊടി ചെയ്തതോടെ കാര്യങ്ങള്‍ എല്ലാം അതിവേഗതയിലായി. മുഖ്യമന്ത്രിയോട് തനിക്കുണ്ടായ അപമാനവും മാനസിക വിഷമവും ഹണി റോസ് കൃത്യമായി തന്നെ അറിയിക്കുകയും ചെയ്തു. പോലീസ് മേധാവിക്കും നടിയുടെ വികാരം പിടികിട്ടി. ഇതോടെയാണ് അതിവേഗ നടപടികള്‍ക്ക് കൊച്ചി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയ്ക്ക് നിര്‍ദ്ദേശം പോയത്. അതീവ രഹസ്യമായി കരുക്കള്‍ നീക്കാനും ശ്രമിച്ചു. പോലീസിലെ ബോച്ചെ ഫാന്‍സുകാര്‍ ആരും ഒന്നും അറിയാതിരിക്കാനായിരുന്നു ഇത്. അതുകൊണ്ട് തന്നെ പോലീസിന്റെ നീക്കമൊന്നും കോടീശ്വരനായ സ്വര്‍ണ്ണക്കട മുതലാളി അറിഞ്ഞില്ല. അങ്ങനെ ഹണി റോസിന്റെ പരാതിയില്‍ എല്ലാ ഗൗരവത്തോടെയും പോലീസ് ഇടപെട്ടുവെന്നതാണ് വസ്തുത.

വയനാട്ടില്‍ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയില്‍ എടുത്തത്. നടി പരാതി നല്‍കിയതോടെ ബോബി ചെമ്മണ്ണൂരിന്റെ നീക്കങ്ങള്‍ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഒളിവില്‍ പോകാനും മുന്‍കൂര്‍ ജാമ്യം നേടാനും ഒരുങ്ങുന്നു എന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. വയനാട്ടിലെ റിസോര്‍ട്ടിലേക്ക് മാറിയെന്ന വ്യക്തമായ വിവരം ലഭിച്ചതോടെ കൊച്ചി പൊലീസ് വയനാട് പൊലീസിനെ ഇക്കാര്യം അറിയിച്ചു. കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘം എത്തിയാണ് ബോബിയെ കസ്റ്റഡിയിലെടുത്തത്. എറണാകുളം സെന്‍ട്രല്‍ എ.സി.പി ജയകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നടിയുടെ പരാതി അന്വേഷിക്കുന്നത്.സ്ത്രീത്വത്തെ അപമാനിക്കും വിധം സമൂഹ മാദ്ധ്യമങ്ങളിലൂടെയും മറ്റും അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നല്‍കിയത്. പരാതി നല്‍കിയ കാര്യം ഹണി റോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചതും. എന്നാല്‍ ദ്വയാര്‍ത്ഥ പ്രയോഗമോ ദുരുദ്ദേശ്യപരമായ സംസാരമോ ഉണ്ടായിട്ടില്ലെന്നും സാമൂഹ്യമാദ്ധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നുമാണ് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് ബോബി ചെമ്മണൂര്‍ പറഞ്ഞത്. നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ ലൈംഗികാധിക്ഷേപങ്ങള്‍ നടത്തിയവര്‍ക്കെതിരെ ഹണി റോസ് പരാതി നല്‍കിയിരുന്നു. ഇന്നലെ പരാതി നല്‍കിയ വിവരം ഹണി റോസ് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.

കുറിപ്പിന്റെ പൂര്‍ണരൂപം

ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരേ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരേ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസിക നിലയുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരേയുള്ള പരാതികള്‍ പുറകേയുണ്ടാവും. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു.

തനിക്ക് നേരിട്ട അപമാനം തുറന്നുപറഞ്ഞ നടി ഹണി റോസിനെതിരെ തുടരെ സൈബര്‍ ആക്രമണം വന്നിരുന്നു. തന്നെ ഒരാള്‍ പലവേദികളിലും തുടര്‍ച്ചയായി അപമാനിച്ചുവെന്ന് പറഞ്ഞാണ് നടി രംഗത്തുവന്നത്. കരുതിക്കൂട്ടിയുള്ള നീക്കമാണെന്ന നിഗമനത്തിലാണ് ഉടനടി പരാതി നല്‍കാനുള്ള തീരുമാനത്തിലേക്ക് താരം എത്തിയത്. നേരിട്ടും മാധ്യമങ്ങള്‍ വഴിയും നിരന്തരം അപമാനിക്കുന്ന ഒരാള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് കൊണ്ട് നടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

''പ്രസ്തുത വ്യക്തി പിന്നീടും ചടങ്ങുകള്‍ക്ക് എന്നെ ക്ഷണിച്ചപ്പോള്‍ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമായി ഞാന്‍ പോകുന്ന മറ്റ് പരിപാടികളില്‍ എത്തി അവിടെയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പെരുമാറുന്നു''. ഇതായിരുന്നു ചുരുക്കം. ഇതിന്റെ കമന്റുകളിലൂടെയും മറ്റും അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ആണ് ആദ്യം പരാതി നല്‍കിയത്.

Tags:    

Similar News