ആഡംബരക്കാറില്‍ കൊച്ചിയില്‍ എത്താമെന്ന 'മോഹന വാഗ്ദാനം' അംഗീകരിച്ചില്ല; പൂത്തൂര്‍വയല്‍ വരെ സ്വന്തം വാഹനം അനുഗമിച്ചത് വെറുതെയായി; കോടീശ്വരനായ 'ബോച്ചെ'യ്ക്ക് കേരളാ പോലീസ് നല്‍കിയത് പ്രതികള്‍ക്ക് നല്‍കുന്ന സാധാരണ പരിഗണന മാത്രം; എസ്‌കോര്‍ട്ട് പോലുമില്ലാതെ സാദാ ജീപ്പില്‍ ബോബി ചെമ്മണ്ണൂരുമായി കൊച്ചിയിലേക്ക്‌

Update: 2025-01-08 07:11 GMT

കല്‍പ്പറ്റ: പോലീസ് ജീപ്പില്‍ കയറാന്‍ ബോബി ചെമ്മണ്ണൂരിന് മടിയായിരുന്നു. സ്വന്തംകാറില്‍ കൊച്ചിയില്‍ എത്താമെന്ന വാഗ്ദാനവും പോലീസിന് മുമ്പില്‍ ബോച്ചെ വച്ചു. താന്‍ കടന്നു കളയുന്നില്ലെന്ന് ഉറപ്പിക്കാന്‍ പോലീസുകാരും കാറില്‍ വന്നോളൂവെന്നതായിരുന്നു നിലപാട്. എന്നാല്‍ ഇതൊന്നും കേരളാ പോലീസ് അംഗീകരിച്ചില്ല. സ്ത്രീ അധിക്ഷേപ കേസിലെ പ്രതിയ്ക്ക് നല്‍കുന്ന പരിഗണന മാത്രമേ നല്‍കൂവെന്നും പോലീസ് വ്യക്തമാക്കി. പോലീസ് ജീപ്പിനെ ബോച്ചെയുടെ ആഡംബക്കാര്‍ അനുഗമിച്ചിരുന്നു. വയനാട്ടിലെ പോലീസ് ക്യാമ്പായ പൂത്തൂര്‍വയല്‍ വരെ അതെത്തി. മേപ്പാടിയിലെ തൊള്ളായിരംകണ്ടിക്ക് അടുത്ത ആയിരം ഏക്കറില്‍ ബോബിയുണ്ടെന്ന വിവരം പോലീസിനുണ്ടായിരുന്നു. അവിടെ നിന്നും ബംഗ്ലൂരു വഴി നാടുവിടാനായിരുന്നു ബോബിയുടെ പദ്ധതി. നേരത്തെ കോയമ്പത്തൂരിലേക്ക് മാറാനും ആലോചനയുണ്ടായിരുന്നു. വൈകിട്ട് കോയമ്പത്തൂരിലേക്ക് മാറാനായിരുന്നു തീരുമാനം. അതിനിടെയാണ് പോലീസ് അറസ്റ്റിലെ സൂചനകള്‍ ബോബിക്ക് എത്തിയത്. ഇതോടെയാണ് അതിവേഗം വയനാട്ടില്‍ നിന്നും ബംഗ്ലൂരുവിലേക്ക് പോകാന്‍ തീരുമാനിച്ചത്. ഇതിന് കാര്‍ റെഡ്ഡിയുമായിരുന്നു. അപ്പോഴാണ് പോലീസ് എത്തിയത്. തന്നെ പോലീസ് ജീപ്പില്‍ കൊണ്ടു പോകരുതെന്ന് ബോച്ചെ അഭ്യര്‍ത്ഥിച്ചു. തന്റെ കാറില്‍ പോലീസുകാര്‍ക്കൊപ്പം കൊച്ചിയിലേക്ക് സുഖയാത്രയാണ് ബോബി മുമ്പോട്ട് വച്ചത്. എന്നാല്‍ അത് പറ്റില്ലെന്ന് പോലീസ് വിശദീകരിച്ചു. പ്രത്യേക സുരക്ഷ പോലുമില്ലാതെ സാദാ ജീപ്പിലാണ് കൊച്ചിയിലേക്ക് ബോബിയെ കൊണ്ടു പോയത്. വയനാട് വഴി ബംഗ്ലൂരുവിലേക്ക് പോകാനായി ആയിരംകണ്ടിയില്‍ എത്തിയപ്പോഴാണ് പോലീസ് ബോബിയെ തേടി അവിടെ എത്തിയതെന്നും സൂചനയുണ്ട്. പൂത്തൂര്‍വയലിലെ പോലീസ് ക്യാമ്പ് വരെ ആഡംബര കാറും ഡ്രൈവറും ബോബിയെ പിന്തുടര്‍ന്നു. അതിനിടെ തന്നെ കസ്റ്റഡി വാര്‍ത്ത മാധ്യമങ്ങളിലെത്തി. ഇതോടെ ആ ആഡംബരക്കാര്‍ ബോബിയെ പിന്തുടരുന്നതും അവസാനിപ്പിച്ചു.

മുഖ്യമന്ത്രിയുടെ പിണറായി വിജയന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ബോബി ചെമ്മണ്ണൂരിനെ പിടിക്കാനുള്ള അതിവേഗ നീക്കങ്ങള്‍ക്ക് പോലീസ് ഇറങ്ങിയത്. അതുകൊണ്ട് തന്നെ ഒരു ആനുകൂല്യവും നല്‍കാന്‍ കഴിയില്ലെന്ന നിലപാട് പോലീസ് സ്വീകരിച്ചു. കൊച്ചിയില്‍ എത്തിച്ച് ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് രേഖപ്പെടുത്തും. വൈദ്യ പരിശോധനയും നടത്തും. അതിന് ശേഷം മജിസ്‌ട്രേട്ടിന് മുമ്പിലുമെത്തിക്കും. കോടതിയില്‍ നിന്നും ജാമ്യം കിട്ടിയാല്‍ മാത്രമേ ബോബി ചെമ്മണ്ണൂരിന് ജയില്‍ വാസം ഉറപ്പിക്കാന്‍ കഴിയൂ. മുന്‍കൂര്‍ ജാമ്യത്തിന് ബോബി നീക്കം നടത്തിയിരുന്നു. ഹര്‍ജി കോടതിയില്‍ എത്തും മുമ്പേ തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ബോബിയ്‌ക്കെതിരെ പരാതി കൊടുത്ത വിവരം ഹണി റോസ് വെളിപ്പെടുത്തിയത്. അതുകൊണ്ട് തന്നെ ഇന്നലെ ജാമ്യേപേക്ഷ നല്‍കാന്‍ കഴിഞ്ഞില്ല. രാത്രിയില്‍ തന്നെ കൊച്ചിയില്‍ നിന്നും പോലീസ് വയനാട്ടിലേക്ക് എത്തി. കോഴിക്കോടോ വയനാടോ ബോബി ഉണ്ടെന്ന് മനസ്സിലാക്കിയാണ് ഇത്. രാവിലെയോടെ കൃത്യം ലൊക്കേഷന്‍ ഉറപ്പിച്ചു. അതിന് ശേഷം ജാമ്യ ഹര്‍ജി നല്‍കും മുമ്പേ അറസ്റ്റും എത്തി. അങ്ങനെ അറസ്റ്റൊഴിവാക്കാനുള്ള ബോബിയുടെ നീക്കം തടയുകയും ചെയ്തു പോലീസ്. ഫാന്‍സുകാരാരും ബോബിയുടെ കസ്റ്റഡി അറിഞ്ഞ് തടിച്ചു കൂടിയതുമില്ല. ഇനി അറിയേണ്ടത് കോടതിയുടെ തീരുമാനമാണ്.

ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ചെമ്മണൂര്‍ ഇന്റര്‍നാഷനല്‍ ജ്വല്ലേഴ്‌സ് ഉടമ ബോബി ചെമ്മണൂരിനെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തുത് ബിസിനസ് ലോകത്തേയും ഞെട്ടിച്ചു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത സാഹചര്യത്തിലാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് ഇന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അതിനിടെ, ഹണി റോസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ ബന്ധപ്പെട്ട് എല്ലാ നിയമപടികള്‍ക്കും പിന്തുണ അറിയിച്ചു. നേരത്തെ കേസ് അന്വേഷിക്കാന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് എസിപി സി. ജയകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇന്നലെ വൈകിട്ടു തന്നെ ഇവരുടെ സംഘം വയനാട്ടിലേക്ക് പുറപ്പെട്ടിരുന്നു എന്നാണ് വിവരം. ഹണി റോസിന്റെ വിശദമായ മൊഴി പൊലീസ് ഇന്നു രേഖപ്പെടുത്തുമെന്നും പിന്നീട് ബോബി ചെമ്മണ്ണൂരിനെ ചോദ്യം ചെയ്യും എന്നുമായിരുന്നു സൂചനകള്‍. ഈ സൂചനകള്‍ മുഖവിലയ്‌ക്കെടുത്ത ബോബി ഒളിവില്‍ പോകാന്‍ വൈകിയെന്നതാണ് വസ്തുത. കേസില്‍ ഇളവുകളൊന്നും നല്‍കേണ്ടതില്ല എന്ന തീരുമാനം പൊലീസ് സ്വീകരിച്ചു. കാരണം ഹണി റോസ് ആദ്യം നല്‍കിയ പരാതി സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ അസഭ്യപ്രയോഗങ്ങളും അപകീര്‍ത്തി പരാമര്‍ശങ്ങളും നടത്തിയവര്‍ക്കെതിരെ ആയിരുന്നു.

ഇതില്‍ ഉടന്‍ തന്നെ 30 പേര്‍ക്കെതിരെ കേസെടുക്കുകയും കുമ്പളം സ്വദേശി ഷാജിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇത്തരത്തില്‍ കേസെടുക്കുകയും ഒരാളെ അറസ്റ്റ്‌ െചയ്യുകയും ചെയ്ത സാഹചര്യത്തില്‍ ഇതിനേക്കാള്‍ ഗൗരവമായ പരാതിയാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് നല്‍കിയിരുന്നത് എന്നതിനാല്‍ നടപടി സ്വീകരിക്കാന്‍ പൊലീസിനു മേലും സമ്മര്‍ദ്ദമുണ്ടായിരുന്നു. ബോബി ചെമ്മണൂരിനെതിരെ നടി ഹണി റോസ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പു പ്രകാരവുമാണു കേസ് റജിസ്റ്റര്‍ ചെയ്തത്. ഓഗസ്റ്റ് 7ന് ബോബി ചെമ്മണൂരിന്റെ കണ്ണൂര്‍ ആലക്കോട് ജ്വല്ലറി ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോള്‍ നേരിട്ട ലൈംഗികാതിക്രമങ്ങളും അതിനു ശേഷവും പല വേദികളിലും താന്‍ നേരിട്ട ബുദ്ധിമുട്ടുകളും നടി പരാതിയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

താന്‍ മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ സമയം തേടിയുന്നു എന്നും മുഖ്യമന്ത്രിയുമായി സംസാരിക്കുകയും ശക്തമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പ് ലഭിച്ചതായും വലിയ ആശ്വാസമാണ് അതുണ്ടാക്കിയതെന്നും ഹണി റോസ് പ്രതികരിച്ചു. ഡിജിപിയുമായും ഹണി റോസ് സംസാരിച്ചിരുന്നു. ബോബി ചെമ്മണ്ണൂര്‍ തുടര്‍ച്ചയായി അശ്ലീല അധിക്ഷേപങ്ങള്‍ നടത്തിയെന്നാരോപിച്ച് പരാതി നല്‍കിയശേഷം ഹണി റോസ് തന്നെയാണ് ഇത് സാമൂഹികമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. ''താങ്കളുടെതന്നെ മാനസികനിലയുള്ള കൂട്ടാളികള്‍ക്കെതിരേയുള്ള പരാതികള്‍ പുറകെയുണ്ടാകും. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ. ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു'' -അവര്‍ സാമൂഹികമാധ്യമത്തില്‍ കുറിച്ചു. പ്രതികരണവുമായി ബോബിയും രംഗത്തു വന്നിരുന്നു. മാസങ്ങള്‍ക്കുമുന്‍പ് രണ്ട് ഷോപ്പുകളുടെ ഉദ്ഘാടനങ്ങള്‍ക്ക് നടി വന്നിരുന്നുവെന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു. ആഭരണങ്ങള്‍ ധരിച്ച് മോഡലിങ്ങൊക്കെ ചെയ്ത് അവര്‍ നൃത്തം ചെയ്തിരുന്നു. പോസിറ്റീവായി ഞാനൊരു പരാമര്‍ശം നടത്തി. കുറേപ്പേര്‍ അത് ദ്വയാര്‍ഥത്തില്‍ ഉപയോഗിച്ചു. അവര്‍ക്കത് ഡാമേജായി, വിഷമമായി. അതില്‍ എനിക്കും വിഷമമുണ്ട്. ഞാന്‍ മനപ്പൂര്‍വം ഒരാളോടും ഇങ്ങനെയൊന്നും ചെയ്യില്ല. തമാശയ്ക്ക് എന്തെങ്കിലുമൊക്കെ പറയും. മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായിട്ടായിരുന്നു അതെല്ലാമെന്നും ബോബി പറഞ്ഞിരുന്നു. ഈ വിശദീകരണം തള്ളിക്കൊണ്ടാണിപ്പോള്‍ പോലീസ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്.

Tags:    

Similar News