ബോണ്ടി ബീച്ച് വെടിവെപ്പ് കേസിലെ പ്രതികള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചു; ഫിലിപ്പീന്‍സ് സന്ദര്‍ശിക്കാന്‍ ഉപയോഗിച്ച് ഇന്ത്യന്‍ പാസ്‌പോര്‍ട്ടെന്ന് റിപ്പോര്‍ട്ടുകള്‍; അവിടെ നിന്ന് സിഡ്‌നിയിലേക്ക് പോയി; പാക്കിസ്ഥാന്‍ വംശജനെന്ന് റിപ്പോര്‍ട്ടുകളെങ്കിലും ഏതുരാജ്യത്തുനിന്നും കുടിയേറിയെന്നതില്‍ സ്ഥിരീകരണമില്ല; ഐഎസ് ബന്ധത്തെ കുറിച്ച് അന്വേഷണം ഊര്‍ജ്ജിതം

ബോണ്ടി ബീച്ച് വെടിവെപ്പ് കേസിലെ പ്രതികള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചു

Update: 2025-12-16 07:37 GMT

സിഡ്നി: ഓസ്‌ട്രേലിയയെ നടക്കിയ ഭീകരാക്രമണത്തില്‍ ആക്രമണം നടത്തിയ പ്രതികള്‍ പാക്കിസ്ഥാന്‍ വംശജരാണെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ലോകത്തെ നടുക്കിയ ഭീകരര്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഫിലിപ്പീന്‍സ് സന്ദര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. പ്രതികളായ സാജിദ് അക്രമും (50) മകന്‍ നവീദ് അക്രമും (24) ഫിലിപ്പീന്‍സ് സന്ദര്‍ശിച്ചുവെന്ന കാര്യം ഇമിഗ്രേഷന്‍ അധികൃതരെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇവര്‍ നവംബര്‍ ഒന്നിനാണ് ഫിലിപ്പീന്‍സ് സന്ദര്‍ശനത്തിനെത്തിയത്. ഇതിനായി ഉപയോഗിച്ചത് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ആണെന്നും ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് ഇവിടെ നിന്ന് നവംബര്‍ 28ന് തിരികെ പോയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഫിലിപ്പീന്‍സ് അധികൃതര്‍ പറഞ്ഞു. ഈ ഫിലിപ്പീന്‍സ് സന്ദര്‍ശനത്തിന് പിന്നില്‍ മറ്റു ലക്ഷ്യങ്ങള്‍ ഉണ്ടാകാമെന്നാണ് നിഗമനം.

ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കുന്നതിനിടെ ഉണ്ടായ വെടിവെപ്പില്‍ 15 പേര്‍ മരിച്ചിരുന്നു. പത്തുവയസ്സുകാരിയും ജൂതപുരോഹിതനും ഇസ്രയേല്‍ പൗരനും നാസികളുടെ ജൂതവംശഹത്യയെ അതിജീവിച്ചയാളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റ 42 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 50 വയസ്സുകാരന്‍ സാജിദ് അക്രവും മകന്‍ നവീദ് അക്രവുമാണ് (24) ആള്‍ക്കൂട്ടത്തിനുനേരേ വെടിവെച്ചത്. ഇവരില്‍ സാജിദ് അക്രം പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ മകന്‍ ചികിത്സയിലാണ്.

1998-ലാണ് സാജിദ് വിദ്യാര്‍ഥി വിസയില്‍ ഓസ്‌ട്രേലിയയിലെത്തിയത്. ഇയാള്‍ ഏതുരാജ്യത്തുനിന്നാണ് കുടിയേറിയതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പാക് വംശജനാണെന്ന് ചില പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു. നവീദ് ഓസ്ട്രേലിയയിലാണ് ജനിച്ചത്. ഓസ്ട്രേലിയയുടെ ആഭ്യന്തര ചാരസംഘടനയായ ദി ഓസ്ട്രേലിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് ഏജന്‍സി 2019-ല്‍ നവീദിനെക്കുറിച്ച് ആറുമാസത്തോളം അന്വേഷണം നടത്തിയിരുന്നതായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് തിങ്കളാഴ്ച പറഞ്ഞു.

സിഡ്നിയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് സംഘവുമായി ഇയാള്‍ക്കുള്ള ബന്ധത്തെക്കുറിച്ചാണ് ഏജന്‍സി അന്വേഷിച്ചതെന്നാണ് സൂചന. അതേസമയം, സംഭവസ്ഥലത്തുനിന്ന് രണ്ട് ഐഇഡികള്‍ ലഭിച്ചെന്നും ബോംബുകള്‍ നിര്‍വീര്യമാക്കിയെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഓസ്ട്രേലിയയിലെ അല്‍-മുറാദ് ഇന്‍സ്റ്റിറ്റ്യൂട്ട് അവരുടെ വെബ്സൈറ്റും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും നീക്കം ചെയ്തു. ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, പ്രതികളിലൊരാളായ നവേദ് അക്രം ഇവിടെ പഠനം നടത്തിയിട്ടുണ്ട്.

2022 ഫെബ്രുവരിയില്‍, ഖുര്‍ആന്‍ നിയമങ്ങളുടെ പാരായണമായ താജ്വീദിന്റെ എല്ലാ നിയമങ്ങളിലും പ്രാവീണ്യം നേടിയതിന് നവേദിനെ അല്‍-മുറാദ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലവന്‍ ആദം ഇസ്മായില്‍ സാമൂഹികമാധ്യമത്തിലൂടെ പ്രശംസിച്ചിരുന്നു. ഇതിന്റെ സര്‍ട്ടിഫിക്കറ്റുമായി നില്‍ക്കുന്ന നവേദിന്റെ ഫോട്ടോ അടക്കമുള്ള ഈ പോസ്റ്റും അവര്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. തന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്മാരില്‍ ഒരാളെന്നാണ് പോസ്റ്റില്‍ നവേദിനെ ആദം ഇസ്മായില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

അതേസമയം, 2022-ന്റെ തുടക്കത്തില്‍ തന്നെ നവേദുമായി തനിക്കുണ്ടായിരുന്ന ബന്ധം ഇല്ലാതായതായി ഇസ്മായില്‍ സിഡ്‌നി മോണിംഗ് ഹെറാള്‍ഡിനോട് പറഞ്ഞു. ബോണ്ടിയിലെ ഇരകളുടെ ചിത്രങ്ങള്‍ കണ്ട് താന്‍ തകര്‍ന്നുപോയെന്ന് ഇസ്മായില്‍ പറഞ്ഞു. തനിക്കും കുടുംബത്തിനും വധഭീഷണികള്‍ ലഭിച്ചെന്നും ഇത് കാരണം വീടുവിട്ട് പോകേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞതായി ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അല്‍ മുറാദ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയിരുന്ന കാലയളവില്‍ തന്നെ ഇസ്മായില്‍ '5 ബിഫോര്‍ 5 സൊല്യൂഷന്‍സ്' എന്ന സ്ഥാപനത്തിലും മെന്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ ഓസ്ട്രേലിയന്‍ സ്ഥാപനത്തില്‍ കൗണ്‍സിലിംഗും ഇസ്ലാമിക യുവജന വികസന പരിപാടികളുമാണ് നല്‍കുന്നത്. അതേസമയം, ഓസ്ട്രേലിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍ (അടകഛ) 2019ല്‍ നവേദിന് തീവ്രവാദ ബന്ധങ്ങളുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നതായി എബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവദിവസം നവേദും പിതാവ് സാജിദും ഷോട്ട്ഗണ്ണുകളും ബോള്‍ട്ട്-ആക്ഷന്‍ റൈഫിളുമായാണ് ബോണ്ടി ബീച്ചില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തിയത്. ആക്രമണം ഏകദേശം 10 മിനിറ്റ് നീണ്ടുനിന്നതായും നൂറുകണക്കിന് ആളുകള്‍ സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 10-നും 87-നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവരില്‍ അധികവും. മിക്കവരും യഹൂദരായിരുന്നു.

അക്രമികളില്‍ ഒരാളായ സാജിദ് അക്രം സംഭവസ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടതായും, നവേദ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നും പോലീസ് സ്ഥിരീകരിച്ചു. അക്രമികളില്‍ ഒരാളെ കീഴടക്കുകയും ആയുധം പിടിച്ചുവാങ്ങുകയും ചെയ്ത 43-കാരനായ അഹമ്മദ് അല്‍ അഹമ്മദ് എന്നയാളെ ലോകം പ്രശംസകൊണ്ട് മൂടുകയാണ്. ആക്രമണത്തിനിടെ വെടിയേറ്റ അല്‍ അഹമ്മദ് ശസ്ത്രക്രിയയ്ക്ക് വിധേയനായി. '1998-ല്‍ സ്റ്റുഡന്റ് വിസയില്‍ ഓസ്ട്രേലിയയില്‍ എത്തിയ ആളാണ് സാജിദ് അക്രം. അതേസമയം, മകന്‍ നവേദ് ഓസ്ട്രേലിയയില്‍ ജനിച്ച പൗരനാണ്.' മന്ത്രി ടോണി ബര്‍ക്ക് പറഞ്ഞു.

Tags:    

Similar News