ഇന്‍ഹെരിറ്റന്‍സ് ടാക്സില്‍ വര്‍ധനവ് കൊണ്ടുവരാന്‍ ലേബര്‍ സര്‍ക്കാര്‍; നാടുവിടാന്‍ ഒരുങ്ങി ബ്രിട്ടനിലെ ഏറ്റവും സമ്പന്നനായ പ്ലംബര്‍; 135 കോടി വിലയുള്ള പെന്റ്ഹൗസ് വില്‍ക്കുന്നു
ബ്രിട്ടനില്‍ തനിക്ക് ഒരു ആസ്തിയും വേണ്ടെന്ന് ചാര്‍ളി മുള്ളിന്‍സ്
ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും ധനികനായ പ്ലംബര്‍ ചാര്‍ളി മുള്ളിന്‍സ് തന്റെ 12 മില്യന്‍ പൗണ്ട് മൂല്യം വരുന്ന വീട് വില്‍ക്കാനൊരുങ്ങുകയാണ്. പിംലികോ പ്ലംബേഴ്സ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനായ ഈ 71 കാരന്‍ പറയുന്നത് ബ്രിട്ടനില്‍ തനിക്ക് ഒരു ആസ്തിയും വേണ്ടെന്നും രാജ്യം വിടാന്‍ ഒരുങ്ങുന്നതിനാല്‍ അടുത്തവര്‍ഷം ഒരു നികുതിയും നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല എന്നുമാണ്. 2021 ല്‍ 145 മില്യന്‍ പൗണ്ടിന് തന്റെ സ്ഥാപനം വിറ്റ് വാര്‍ത്തകളില്‍ ഇടം പിടിച്ച ചാര്‍ലി അതേവര്‍ഷമാണ് തെംസ് നദിയുടെ മനോഹര കാഴ്ച ഒരുക്കുന്ന വീട് വാങ്ങിയത്.
പ്രശസ്ത വെല്‍ഷ് ഗായകന്‍ ടോം ജോണ്‍സിന്റെ തൊട്ടയല്‍വക്കത്താണ് ഈ പെന്റ്ഹൗസ് സ്ഥിതിചെയ്യുന്നത്. ഇന്‍ഹെരിറ്റന്‍സ് ടാക്സ് നല്‍കേണ്ടി വന്നാല്‍ തന്റെ കുടുംബത്തിന് ഭ്രാന്ത് പിടിക്കുമെന്നാണ് ചാര്‍ളി പറയുന്നത്. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഇന്‍ഹെരിറ്റന്‍സ് ടാക്സ് വര്‍ദ്ധിപ്പിക്കും എന്ന ആശങ്കയുള്ളതിനാല്‍ ഇയാള്‍, ബ്രിട്ടനിലെ ആസ്തികള്‍ വിറ്റു കിട്ടുന്ന പണം സ്പെയിനിലും ദുബായിലുമായി നിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നത്.
തന്റെ ശരത്ക്കാല ബജറ്റില്‍, ഏറെ പ്രയാസം ഉണ്ടാക്കുന്ന തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് റേച്ചല്‍ റീവ്‌സ് നേരത്തെ പറഞ്ഞിരുന്നു. സമ്പന്നര്‍ക്കായിരിക്കും കൂടുതല്‍ ഭാരം ചുമക്കേണ്ടി വരിക എന്ന് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറും മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, നികുതി വര്‍ദ്ധിപ്പിക്കുന്നത് ബ്രിട്ടനില്‍ നിന്നും പുറത്തേക്കുള്ള ധനികരുടെ ഒഴുക്കിനെ ത്വരിതപ്പെടുത്തുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബ്രിട്ടനിലെ ചില അതിസമ്പന്നരുടെ ഉപദേശകര്‍ നല്‍കുന്ന സൂചന, തങ്ങളുടെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ അത്തരത്തിലുള്ള ഒരു ഒഴുക്ക് ഇതിനോടകം തുടങ്ങിക്കഴിഞ്ഞു എന്നാണ്.
നേരത്തെ, ലേബര്‍ പാര്‍ട്ടിയുടെ തീരുമാനത്തെ പണം വസൂലാക്കാനുള്ള സോഷ്യലിസ്റ്റ് തന്ത്രം എന്ന് വിശേഷിപ്പിച്ച ചാര്‍ളി ലേബര്‍ സര്‍ക്കാരിന്റെ നികുതി വേട്ടയെ കുറിച്ചും, നികുതി ഒഴിവാക്കുന്നതിനായി താന്‍ നാടുവിടുന്നതിനെ കുറിച്ചും ഇപ്പോള്‍ കൂടുതല്‍ ഉച്ചത്തില്‍ സംസാരിക്കുകയാണ്. ഇനി തനിക്ക് ബ്രിട്ടനില്‍ സ്വത്തുക്കള്‍ ഒന്നും ഉണ്ടാകില്ലെന്നും, വരുന്ന ജനുവരിയില്‍ ആയിരിക്കും താന്‍ ബ്രിട്ടനില്‍ അവസാനമായി നികുതി അടക്കുക എന്നും ദി ടെലെഗ്രാഫിനോട് പറഞ്ഞ ചാര്‍ലി, അതിനുള്ള ഒരുക്കങ്ങള്‍ ധൃതഗതിയില്‍ നടക്കുകയാണെന്നും പറഞ്ഞു.
തന്റെ ആസ്തിയുടെ മൂല്യം 12 മില്യന്‍ പൗണ്ടാണെന്നും, താന്‍ മരണമടയുമ്പോള്‍ 6 മില്യന്‍ പൗണ്ട് സര്‍ക്കാരിന് നല്‍കേണ്ടി വന്നാല്‍ തന്റെ കുടുംബത്തിന് ഭ്രാന്ത് പിടിക്കുമെന്നുമാണ് ചാര്‍ലി പറയുന്നത്. അതുകൊണ്ടാണ്, എം 16 ഹെഡ്ക്വാര്‍ട്ടേഴ്സ്, പാര്‍ലമെന്റ് കെട്ടിടം, ലണ്ടന്‍ ഐ, വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രല്‍ എന്നിവയുടെയൊക്കെ മനോഹരകാഴ്ചകള്‍ നല്‍കുന്ന 3500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സബ് പെന്റ്ഹൗസ് വില്പനക്ക് വച്ചിരിക്കുന്നത് എന്നും അയാള്‍ വിശദീകരിക്കുന്നു