'ഭീരുത്വപരമായ പ്രവൃത്തി ജനങ്ങൾക്കെതിരായ ആക്രമണം'; കേരളം ദില്ലിയിലെ ജനങ്ങളോടൊപ്പം; കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം; രാജ്യത്തിൻ്റെ സമാധാനത്തിന് ഭീഷണിയാകുന്ന ശക്തികളെ പരാജയപ്പെടുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം ഉണ്ടായ സ്ഫോടനത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭീരുത്വപരമായ ഈ പ്രവൃത്തി രാജ്യത്തിനും ജനങ്ങൾക്കുമെതിരായ ആക്രമണമാണെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം, ദില്ലിയിലെ ജനങ്ങളോടൊപ്പം കേരളം നിലകൊള്ളുമെന്നും അറിയിച്ചു. കുറ്റക്കാരെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും രാജ്യത്തിൻ്റെ സമാധാനത്തിന് ഭീഷണിയാകുന്ന ശക്തികളെ പരാജയപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. സ്ഫോടന ബാധിതർക്ക് എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയെന്നും, ഡൽഹി പൊലീസ് കമ്മീഷണർ സതീഷ് ഗോൾചയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റവാളികളെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ജാഗ്രതാ നിർദേശം. സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഉൾപ്പെടെ തിരക്കേറിയ കേന്ദ്രങ്ങളിൽ സുരക്ഷാ പരിശോധന ശക്തമാക്കി. ഡോഗ് സ്ക്വാഡിന്റെയും ബോംബ് സ്ക്വാഡിന്റെയും സഹായത്തോടെയാണ് പരിശോധനകൾ പുരോഗമിക്കുന്നത്.
ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും എന്നാൽ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനം ഐഇഡി ഉപയോഗിച്ചുള്ള ഭീകരാക്രമണമാണെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന. സ്ഫോടനത്തിൽ ഒൻപത് പേർ മരണപ്പെടുകയും മുപ്പതിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ആറുപേരുടെ നില ഗുരുതരമാണ്.
സംസ്ഥാനത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കാൻ ഡിജിപി റവാഡ ചന്ദ്രശേഖർ നിർദ്ദേശം നൽകി. തിരക്കേറിയ സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും ആളുകൾ കൂടുന്ന കേന്ദ്രങ്ങളിലും കൂടുതൽ ശ്രദ്ധ പുലർത്തണം. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും വിശദമായ പരിശോധനകൾ നടത്താനും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാർ ഈ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കണം.
വൈകുന്നേരം 6.55 ഓടെയാണ് സംഭവം നടന്നത്. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കാറിനുള്ളിൽ ഒന്നിലധികം പേർ ഉണ്ടായിരുന്നതായി സൂചനയുണ്ട്. സ്ഫോടനം നടന്നത് ഒരു പുതിയ വാഹനത്തിലാണോ എന്ന കാര്യത്തിൽ പൊലീസ് സ്ഥിരീകരണം നൽകിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഫോടനം ഭീകരാക്രമണമാണെന്ന സൂചനകളാണ് ലഭിക്കുന്നത്. സംഭവസ്ഥലത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദർശനം നടത്തി.
