1950 ന് ശേഷം ആദ്യമായി പെന്‍ഷന്‍ പ്രായം ക്രമേണ വര്‍ദ്ധിപ്പിക്കുവാനുള്ള നടപടികളുമായി ചൈന; പുരുഷന്മാരുടെ റിട്ടയര്‍മെന്റ് 60 ല്‍ നിന്നും 63 ലേക്ക് ആക്കുമ്പോള്‍ സ്ത്രീകളുടേത് 58 വരെ; നടപ്പാക്കുന്നത് 2025 ജനുവരി മുതല്‍

വൈറ്റ് കോളര്‍ ജോലികളില്‍ ഉള്ളവരുടെ വിരമിക്കല്‍ പ്രായം 55 ല്‍ നിന്നും 58 ആക്കും

Update: 2024-09-16 04:31 GMT

ബീജിംഗ്: വളര്‍ച്ച മന്ദഗതിയിലായ സാമ്പത്തികരംഗം, കുറയുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, കഴിഞ്ഞ ഒരു പതിറ്റാണ്ടായി നടപ്പിലാക്കുന്ന 'ഒരു കുട്ടി മാത്രം' എന്ന നയത്തിന്റെ ഫലമായ പ്രായമേറുന്ന ജനതതി. പിടിച്ചു നില്‍ക്കാനായി, 1950 ന് ശേഷം ഇതാദ്യമായി ചൈന പെന്‍ഷന്‍ പ്രായം കൂട്ടുന്നു. ഒപ്പം പെന്‍ഷന്‍ ബജറ്റ് വെട്ടിച്ചുരുക്കാനും തയ്യാറെടുക്കുകയാണ്. ബ്ലൂ കോളര്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളുടെ പെന്‍ഷന്‍ പ്രായം 50 ല്‍ നിന്നും 55 ആക്കിയും വൈറ്റ് കോളര്‍ ജോലികളില്‍ ഉള്ളവരുടെ വിരമിക്കല്‍ പ്രായം 55 ല്‍ നിന്നും 58 ആക്കിയും ഉയര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശം ചൈന പാര്‍ലമെന്റിന്റെ ഉന്നതാധികാര സമിതി അംഗീകരിച്ചു.

പുരുഷന്മാരുടെ വിരമിക്കല്‍ പ്രായം 60 ല്‍ നിന്നും 63 ആക്കിയും ഉയര്‍ത്തും. ലോകത്തിലെ തന്നെ ഏറ്റവും കുറവ് വിരമിക്കല്‍ പ്രായപരിധിയുള്ള രാജ്യങ്ങളില്‍ ഒന്നാണ് ചൈന. വെള്ളിയാഴ്ച പാസ്സാക്കിയ പ്ലാന്‍ അനുസരിച്ച് ഇത് 2025 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും. അടുത്ത 15 വര്‍ഷക്കാലത്തിനിടയില്‍ അല്‍പാല്പമായി വര്‍ദ്ധിപ്പിച്ചായിരിക്കും പെന്‍ഷന്‍ പ്രായം നിശ്ചയിച്ച പരിധിയില്‍ എത്തിക്കുക. നിര്‍ദ്ദിഷ്ഠ പ്രായത്തിന് മുന്‍പായി വിരമിക്കാന്‍ അനുവദിക്കില്ല എന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ന്യൂസ് ഏജന്‍സിയായ ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതുപോലെ, വിരമിക്കല്‍ പ്രായം കഴിഞ്ഞ് മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്യാനുള്ള അനുവാദവും ഉണ്ടാകില്ല. അതുപോലെ 2030 മുതല്‍ തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷാ സംവിധാനത്തിലേക്ക് കൂടുതല്‍ സംഭാവനങ്ങള്‍ നല്‍കിയാല്‍ മാത്രമെ പെന്‍ഷന് അര്‍ഹത ഉണ്ടാവുകയുള്ളു. 2039 ആകുമ്പോഴേക്കും 20 വര്‍ഷത്തെ സംഭാവന നല്‍കിയവര്‍ക്ക് മാത്രമായിരിക്കും പെന്‍ഷന്‍. നേരത്തെ 2019 ല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചൈനീസ് അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസ്, 2035 ആകുമ്പോഴേക്കും ദേശീയ പെന്‍ഷന്‍ ഫണ്ടില്‍ പണം അവശേഷിക്കുകയില്ല എന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു.

കോവിഡ് 19 ന് മുന്‍പ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ മുന്നറിയിപ്പ്. എന്നാല്‍, കോവിഡ് ചൈനീസ് സമ്പദ്ഘടനയെ വലിയ രീതിയില്‍ തന്നെ തകര്‍ത്തിരുന്നു. അതോടെ, പെന്‍ഷന്‍ ഫണ്ടില്‍ പണമില്ലാതാകുന്നത് നേരത്തെ സംഭവിച്ചേക്കാം എന്ന ആശങ്കയും ഉയര്‍ന്നു. ശരാശരി ആയുസ്സ്, ആരോഗ്യ നില, ജനസംഖ്യാ ഘടന, വിദ്യാഭ്യാസനിലവാരം, തൊഴിലാളികളുടെ ലഭ്യത എന്നിവയെല്ലാം കണക്കിലെടുത്താണ് പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചതെന്ന് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News