ചൂരല്‍മലയില്‍ സുരക്ഷിതവും വാസയോഗ്യവുമായ സ്ഥലങ്ങള്‍ അടയാളപ്പെടുത്താന്‍ ശ്രമം; റിസോര്‍ട്ടുടമകളെ സംരക്ഷിക്കാനുള്ള നീക്കമെന്ന് ആരോപണം; സര്‍വേ തടഞ്ഞ് നാട്ടുകാര്‍; സര്‍വ കക്ഷിയോഗം വിളിച്ച് ജില്ലാ കളക്ടര്‍

ശാസ്ത്രീയമായി സര്‍വേ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കണമെന്ന് ആവശ്യം

Update: 2024-10-14 14:09 GMT

കല്‍പ്പറ്റ: മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ മേഖലയില്‍ സുരക്ഷിതവും വാസയോഗ്യവുമായ സ്ഥലങ്ങള്‍ അടയാളപ്പെടുത്താനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം നാട്ടുകാരുടെ പ്രതിഷേധത്താല്‍ തടസ്സപ്പെട്ടതോടെ സര്‍വ കക്ഷിയോഗം വിളിച്ച് ജില്ലാ കളക്ടര്‍ മേഘശ്രീ. ജനകീയ സമിതിയുടെയും ജനപ്രതിനിധികളുടെയും യോഗമാണ് കലക്ടര്‍ വിളിച്ചുചേര്‍ത്തത്. ജോണ്‍ മത്തായിയുടെ റിപ്പോര്‍ട്ട് അവഗണിക്കണമെന്നും ശാസ്ത്രീയമായി സര്‍വേ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ സുരക്ഷിത മേഖല അടയാളപ്പെടുത്താനായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് സംഭവം. നാട്ടുകാരുടെ പ്രതിഷേധം മൂലം ഉദ്യോഗസ്ഥര്‍ മടങ്ങി. ആശങ്ക പരിഹരിക്കാതെ ചൂരല്‍ മലയില്‍ സുരക്ഷിത മേഖലകള്‍ അടയാളപ്പെടുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്.

ചൂരല്‍മലയിലെ വാസയോഗ്യപ്രദേശവും പ്രകൃതിദുരന്ത ഭീഷണിനേരിടുന്ന പ്രദേശങ്ങളും സര്‍വേ നടത്തി നിര്‍ണയിക്കാനായി നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ മുന്‍ ശാസ്ത്രജ്ഞന്‍ ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.

ജോണ്‍ മത്തായി റിപ്പോര്‍ട്ടിലെ മാനദണ്ഡം അശാസ്ത്രീയമാണെന്നും റിസോര്‍ട്ടുടമകളെ സംരക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും സിപിഐ പ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞു. 30 മീറ്ററിലധികം അകലത്തില്‍ വീടുള്ള ആളുകളെ ഇനിയും കൊലയ്ക്ക് കൊടുക്കരുതെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം സുരക്ഷിത മേഖല അടയാളപ്പെടുത്താനായി എത്തിയ ഉദ്യോഗസ്ഥരെ തിങ്കളാഴ്ച രാവിലെയാണ് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞത്. വൈത്തിരി തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരാണ് ചൂരല്‍ മലയില്‍ എത്തിയത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ ചൂരല്‍ മലയില്‍ സുരക്ഷിത മേഖലകള്‍ അടയാളപ്പെടുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. സുരക്ഷിത മേഖലകള്‍ തിരിക്കാനുള്ള നീക്കത്തില്‍ മേപ്പാടി പഞ്ചായത്തും എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. നിലവിലെ മാനദണ്ഡ പ്രകാരം സുരക്ഷിത മേഖല തിരിക്കാന്‍ അനുവദിക്കില്ലെന്ന് പഞ്ചായത്തും കളക്ടറെ അറിയിച്ചിട്ടുണ്ട്.

തീരുമാനമെടുക്കുന്നതുവരെ സര്‍വ്വേ നടത്തുന്നത് നിര്‍ത്തിവെക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 30 മുതല്‍ 50 മീറ്റര്‍ വരെ വീതിയിലാണ് സുരക്ഷിത മേഖല നിര്‍ണയിക്കാന്‍ പോകുന്നത്. ഇപ്രകാരം മേഖലകള്‍ നിര്‍ണയിക്കപ്പെടുമ്പോള്‍ 'സങ്കീര്‍ണ മേഖലയിലു'ള്ള, തീര്‍ത്തും സുരക്ഷിതത്വമില്ലാത്ത വീടുകള്‍ ഉള്‍പ്പെടാതെ പോവുമെന്നും പടവെട്ടിക്കുന്ന് പോലെയുള്ള പ്രദേശങ്ങളില്‍ ആളുകള്‍ താമസം തുടരാന്‍ നിര്‍ബന്ധിതരാവുന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും യോഗത്തില്‍ ആശങ്ക ഉയര്‍ന്നു. ആശങ്കകള്‍ കേട്ട ശേഷം അന്തിമ തീരുമാനം എടുക്കുന്നതുവരെ സര്‍വേ നിര്‍ത്തിവെക്കാന്‍ ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വൈത്തിരി തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് ചൂരല്‍ മലയില്‍ എത്തിയിരുന്നത്. സുരക്ഷിത മേഖലകള്‍ തിരിക്കാനുള്ള നീക്കത്തെ എതിര്‍ത്ത് മേപ്പാടി പഞ്ചായത്തും രംഗത്തെത്തി. നിലവിലെ മാനദണ്ഡ പ്രകാരം സുരക്ഷിത മേഖല തിരിക്കാന്‍ അനുവദിക്കില്ലെന്ന് പഞ്ചായത്ത് വ്യക്തമാക്കി. എന്നാല്‍ ചില വീടുകള്‍ ഒറ്റപ്പെട്ടുപോകുന്ന സാഹചര്യമുണ്ടാകുമെന്നും അന്തിമമായി സര്‍വ്വേ പൂര്‍ത്തിയായാല്‍ മാത്രമേ മുഴുവന്‍ ചിത്രം വ്യക്തമാകൂവെന്നും കളക്ടര്‍ പറയുന്നു. ജോണ്‍ മത്തായിയുടെ റിപ്പോര്‍ട്ട് അവഗണിക്കണമെന്നും ശാസ്ത്രീയമായി സര്‍വേ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Tags:    

Similar News