'ഒരു നാടിനെയും, സമുദായത്തെയും അപകീര്‍ത്തിപ്പെടുത്തുന്നു; മത സപര്‍ദ്ധയുണ്ടാക്കി കലാപം ഉണ്ടാക്കലാണ് ലക്ഷ്യം'; സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളില്‍ ഭൂരിഭാഗവും മുസ്ലിംങ്ങളെന്ന കെ ടി ജലീലിനെതിരെ മലപ്പുറം എസ്പിക്ക് യൂത്ത് ലീഗിന്റെ പരാതി

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളില്‍ ഭൂരിഭാഗവും മുസ്ലിംങ്ങളെന്ന കെ ടി ജലീലിനെതിരെ മലപ്പുറം എസ്പിക്ക് യൂത്ത് ലീഗിന്റെ പരാതി

Update: 2024-10-07 07:15 GMT

മലപ്പുറം: സ്വര്‍ണ്ണക്കടത്ത് കേസുകളിലെ പ്രതികളില്‍ ഭുരിഭാഗവും മുസ്ലിംങ്ങളാണെന്ന് പ്രസ്താവന നടത്തിയ തവനൂര്‍ എംഎല്‍എ കെ ടി ജലീലിനെതിരെ കേസെടുക്കണമെന്ന് ആവശ്യം. മലപ്പുറം എസ്പിക്ക് യൂത്ത് ലീഗാണ് പരാതി നല്‍കിയത്. യൂത്ത് ലീഗ് നേതാവ് യു എ റസാഖാണ് പരാതി നല്‍കിയത്. ജലീലിന്റെ പ്രസ്താവന ഒരു നാടിനെയും, സമുദായത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും മത സപര്‍ദ്ധയുണ്ടാക്കി കലാപം ഉണ്ടാക്കലാണ് ജലീലിന്റെ ലക്ഷ്യമെന്നും പരാതിയില്‍ ആരോപിക്കുന്നു.

സ്വര്‍ണ്ണക്കടത്തിലെ പ്രതികളില്‍ ഭുരിഭാഗവും മുസ്ലിംങ്ങളെന്നും ഹജ്ജിന് പോയ മതപണ്ഡിതന്‍ തിരികെ വരുമ്പോള്‍ സ്വര്‍ണ്ണം കടത്തിയെന്നുമാമ് കെ ടി ജലീല്‍ പറഞ്ഞത്. സ്വര്‍ണ്ണക്കടത്ത് ഹവാല കേസുകളിലെ പ്രതികള്‍ മുസ്ലിം സമുദായക്കാരാണെന്നും പാണക്കാട് തങ്ങള്‍ മതവിശ്വാസികളെ ഉപദേശിക്കണം എന്നുമായിരുന്നു ജലീലിന്റെ പ്രസ്താവന.

ഫേസ്ബുക്കിലുടെ നടത്തിയ പ്രസ്താവന വിവാദമായതോടെ വിശദീകരിക്കുമ്പോഴാണ് ജലീല്‍ കുറെ കൂടി കടന്ന് മതപണ്ഡിതരെ കൂടി ആരോപണത്തിന്റെ പരിധിയില്‍ കൊണ്ടു വന്നത്. തെറ്റു ചെയ്യുന്നത് ഏത് സമുദായക്കാരായാലും അതിനെതിരെ ശക്തമായ എതിര്‍പ്പുയരേണ്ടത് ബന്ധപ്പെട്ട മതവിഭാഗങ്ങളില്‍ നിന്നാണെന്നും കെ ടി ജലീല്‍ വിശദീകരിച്ചിരുന്നു.

അതേസമയം സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട പ്രതികരണം നടത്തിയ കെ ടി ജലീല്‍ എംഎല്‍എക്കെതിരെ എസ് വൈ എസ് നേതാവ് നാസര്‍ ഫൈസി കൂടത്തായി രംഗത്തുവന്നിരുന്നു. ജലീലിന്റെ പ്രസ്താവന ദുരുദ്ദേശപരമാണെന്ന് നാസര്‍ ഫൈസി പറഞ്ഞു. മതപണ്ഡിതന്മാരെ അനാവശ്യമായി വലിച്ചിഴക്കുകയാണ് ജലീല്‍. ജലീല്‍ പിണറായിയുടെ ഉപകരണമാണെന്നും അദ്ദേഹം പറഞ്ഞു.

കള്ളക്കടത്തിന് മതവല്‍ക്കരണം കൊണ്ടുവരാനാണ് ജലീല്‍ ശ്രമിക്കുന്നത്. ഇതിനെ മതപരമായ വീക്ഷണത്തില്‍ കൊണ്ടുവരരുത്. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ ആരായാലും പൊതുസമൂഹം നേരിടുകയും പരമാവധി ബോധവല്‍ക്കരണം നടത്തുകയും ചെയ്യണം. മുസ്ലിം പണ്ഡിതന്‍മാരെയും ഖാളിമാരേയും പാണക്കാട് തങ്ങന്‍മാരേയും കുറിച്ചുള്ള ജലീലിന്റെ പ്രസ്താവനകള്‍ ദുരുദ്ദേശപരമാണ്. കെടി ജലീല്‍ നേരത്തേയും സമസ്ത നേതാക്കന്‍മാരേയും ആലിക്കുട്ടി മുസ്ലിയാരേയും അടച്ചാക്ഷേപിച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്ത് മറ്റു വിഭാഗത്തിന്റെ സിംപതി നേടലാണ് ജലീലിന്റെ ലക്ഷ്യം. ജലീല്‍ പിണറായി വിജയന്റെ ഉപകരണമായി പ്രവര്‍ത്തിക്കുകയാണെന്നും നാസര്‍ ഫൈസി പറഞ്ഞു.

ജലീല്‍ എംഎല്‍എക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസും രംഗത്തെത്തിയിരുന്നു. ജലീലിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവന വിദ്വേഷം ഉണ്ടാക്കുന്നതെന്ന് പികെ ഫിറോസ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ കൈ പൊള്ളിയപ്പോള്‍ പിആര്‍ ഏജന്‍സി ഏല്‍പ്പിച്ച ദൗത്യമാണ് ജലീല്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും ഫിറോസ് കുറ്റപ്പെടുത്തി. ജലീല്‍ ഏറ്റെടുത്തത് ബിജെപിയുടെ പ്രചാരണമാണെന്നും പ്രസ്താവന പിന്‍വലിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. സമുദായത്തിലെ ആരെങ്കിലും ചെയ്യുന്ന കുറ്റത്തിന് എല്ലാവരും എങ്ങനെ ഉത്തരവാദി ആകുമെന്നും ഫിറോസ് ചോദിച്ചു. മലപ്പുറത്തെ ഒറ്റുകൊടുത്തത് ജലീലാണെന്നും പ്രസ്താവന പിന്‍വലിച്ച് നാടിനോട് മാപ്പ് പറയണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

Tags:    

Similar News