എട്ട് ഡി.സി.സി അദ്ധ്യക്ഷന്മാരെ മാറ്റണമെന്ന് വി.ഡി സതീശന്‍; കെ.പി.സി.സി സെക്രട്ടറി സ്ഥാനത്തിനായി യുവനേതാക്കള്‍; ഹൈക്കമാന്‍ഡില്‍ പരാതി നല്‍കി ഒരു വിഭാഗം; മിടുക്കന്മാര്‍ ജില്ലാതലത്തില്‍ എത്തിയാലേ തിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം കൊയ്യാനാകൂ എന്ന് സതീശന്‍; ഇപ്പോള്‍ മാറ്റം വന്നാല്‍ തിരിച്ചടി ഭയന്ന് സണ്ണി ജോസഫ്; പുന:സംഘടന പൂര്‍ണമാകുന്നതിന് മുന്‍പ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
പുന:സംഘടന പൂര്‍ണമാകുന്നതിന് മുന്‍പ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
തിരുവനന്തപുരം: എട്ട് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റുമാരെ മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയോജക മണ്ഡല ചുമതല നല്‍കി കെ.പി.സി.സി സെക്രട്ടറിമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നിലവിലെ പുന:സംഘടനാ നീക്കങ്ങള്‍ക്കെതിരെ ഹൈക്കമാന്‍ഡില്‍ പരാതി നല്‍കി യുവ നേതാക്കള്‍. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരെ തീരുമാനിച്ചത് ആവശ്യമായ ചര്‍ച്ചകള്‍ നടത്താതെയെന്ന് ഒരുവിഭാഗം നേതാക്കള്‍ പറയുന്നു. പുന:സംഘടനാ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാകുന്നതിനു മുന്‍പ് തന്നെ കോണ്‍ഗ്രസില്‍ രൂക്ഷമായ വിഭാഗീയതയും പൊട്ടിത്തെറിയും ഉണ്ടായിരിക്കുകയാണ്.
കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരെയും വൈസ് പ്രസിഡന്റുമാരെയും നിയമിക്കുന്നതില്‍ മാത്രം പുനസംഘടന ഒതുക്കുന്നതില്‍ സംഘടനക്കുള്ളില്‍ കടുത്ത അതൃപ്തിയാണ് ഉയരുന്നത്. പ്രവര്‍ത്തന മികവില്ലാത്ത എട്ട് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്‍്റുമാരെ മാറ്റിയേ മതിയാകൂവെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മാര്‍ട്ടിന്‍ ജോര്‍ജ് (കണ്ണൂര്‍), വി.എസ് ജോയ് (മലപ്പുറം), കെ. പ്രവീണ്‍കുമാര്‍ (കോഴിക്കോട്), മുഹമ്മദ് ഷിയാസ് (എറണാകുളം) എന്നിവരെ നിലനിര്‍ത്തണമെന്നാണ് പ്രതിപക്ഷ നേതാവിന്‍െ്റ അഭിപ്രായം. തൃശൂര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ചുമതലയേറ്റെടുത്ത അഡ്വ. ജോസഫ് ടാജറ്റ്, വയനാട് കഴിഞ്ഞ മാസം ചുമതലയേറ്റെടുത്ത ടി.ജെ ഐസക്ക് എന്നിവരെയും നിലനിര്‍ത്തണമെന്ന നിലപാടിലാണ് വി.ഡി സതീശന്‍.
ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റുമാരെ ഉള്‍പ്പെടെയുള്ളവരെ മാറ്റി പുന:സംഘടന നടത്തണമെന്ന നിലയിലാണ് മാസങ്ങള്‍ക്കു മുന്‍പ് ചര്‍ച്ച തുടങ്ങിയത്. കെ.പി.സി.സിയില്‍ പുതിയ സെക്രട്ടറിമാരെയും നിയോഗിക്കാന്‍ ആലോചിച്ചു. എന്നാല്‍ പല വട്ടം ചര്‍ച്ച നടത്തി അവസാനം എത്തിയത് കെപിസിസി ജനറല്‍ സെക്രട്ടറിമാരെയും വൈസ് പ്രസിഡന്റുമാരെയും ട്രഷററെയും പ്രഖ്യാപിക്കാമെന്ന അഭിപ്രായത്തിലായിരുന്നു. അന്‍പതോളം ജനറല്‍ സെക്രട്ടറിമാര്‍, ഒന്‍പത് വൈസ് പ്രസിഡന്റുമാര്‍ ഒരു ട്രഷറര്‍ എന്നിങ്ങനെയാണ് ഇപ്പോള്‍ ധാരണയായിട്ടുള്ളത്.
പ്രവര്‍ത്തനം തൃപ്തികരമല്ലാത്ത ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്നും ജില്ലാതലത്തില്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുന്നവര്‍ എത്തിയാലേ വരുന്ന തെരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടാനാകൂയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പ്് അടുത്ത സാഹചര്യത്തില്‍ ഡി.സി.സി പ്രസിഡന്റുമാരെ മാറ്റുന്നത് തിരിച്ചടിയാകുമെന്ന അഭിപ്രായത്തിലാണ് കെ.പി.സി.സി അദ്ധ്യക്ഷന്‍. തിരഞ്ഞെടുപ്പിനു മുന്‍പ് കെപിസിസി സെക്രട്ടറിമാരെ നിയോഗിക്കണമെന്നും നേതൃതലത്തില്‍ തന്നെ ശക്തമായ ആവശ്യമുണ്ട്. എണ്‍പതോളം കെപിസിസി സെക്രട്ടറിമാരെ നിയോഗിക്കാനും ഓരോ നിയോജക മണ്ഡലത്തിന്റെ ചുമതല നല്‍കാനുമാണ് ആദ്യം ആലോചിച്ചിരുന്നത്. അതില്‍ നിന്നു മാറിയതാണ് യുവ നേതാക്കളെ ചൊടിപ്പിച്ചത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായിരുന്നവര്‍ ഉള്‍പ്പെടെയുള്ള ചില നേതാക്കള്‍ പുന:സംഘടനയില്‍ സ്ഥാനം പ്രതീക്ഷിച്ചിരുന്നു. നേതൃത്വം ഇതുസംബന്ധിച്ച ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ കെപിസിസി സെക്രട്ടറിമാരുടെ പട്ടിക മാറ്റിവച്ചതോടെ ഇതിനുള്ള സാധ്യത ഇല്ലാതായി. ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷനും രാഹുല്‍ ഗാന്ധിക്കും അടക്കം കൂട്ടത്തോടെ യുവ നേതാക്കള്‍ പരാതി അയച്ചത്. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ നേരിട്ടു കണ്ടും പരാതി അറിയിച്ചിട്ടുണ്ട്.
പുന:സംഘടന വിഷയം കഴിഞ്ഞ കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ ഉന്നയിക്കപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.