ടാക്‌സ് റെയ്ഡ് ഭയന്ന് ബ്രിട്ടീഷ് കമ്പനികള്‍ വീണ്ടും ഇന്ത്യയിലേക്ക് ഔര്‍സോഴ്‌സിങ് തുടങ്ങി; കറീസ് 1000 ഐടി ജോലികള്‍ ഇന്ത്യയിലേക്ക് പറിച്ചു നട്ടു കഴിഞ്ഞു; ബ്രിട്ടന്റെ പ്രതിസന്ധി ഇന്ത്യക്ക് മുതല്‍ക്കൂട്ട് ആവുന്നതിങ്ങനെ

ടാക്‌സ് റെയ്ഡ് ഭയന്ന് ബ്രിട്ടീഷ് കമ്പനികള്‍ വീണ്ടും ഇന്ത്യയിലേക്ക് ഔര്‍സോഴ്‌സിങ് തുടങ്ങി

Update: 2025-01-16 01:57 GMT

ലണ്ടന്‍: റെയ്ച്ചല്‍ റീവ്‌സിന്റെ സാമ്പത്തിക നയങ്ങള്‍ ബ്രിട്ടനെ തകര്‍ക്കും എന്ന ആരോപണം ഉയരുമ്പോഴും അത് ഇന്ത്യയ്ക്ക് അനുകൂലമാവുകയാണ് എന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. മിനിമം വേതന നിരക്ക് വര്‍ദ്ധിപ്പിച്ചതും, നാഷണല്‍ ഇന്‍ഷുറന്‍സ് തൊഴിലുടമ വിഹിതം വര്‍ദ്ധിപ്പിച്ചതുമെല്ലാം ലക്ഷക്കണക്കിന് പൗണ്ടിന്റെ അധിക ബാധ്യതയാണ് പല സ്ഥാപനങ്ങള്‍ക്കും ഉണ്ടാക്കിയിരിക്കുന്നത്. ഇത് പല ജീവനക്കാരെയും പിരിച്ചുവിടാനും, പുതിയ നിയമനങ്ങള്‍ കുറയ്ക്കുവാനും വ്യാപാര വ്യവസായ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കും എന്ന് അന്നു തന്നെ വ്യവസായ- വ്യാപാര മേഖ്‌ലയിലെ പ്രമുഖര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതുമാണ്.

ഈ മുന്നറിയിപ്പ് യാഥാര്‍ത്ഥ്യമാകുന്നു എന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ ഇലക്ട്രിക്കല്‍ ചില്ലറ വില്പന മേഖലയിലുള്ള കറീസ് നല്‍കുന്നത്. പുതിയതായി ആളുകളെ ജോലിയില്‍ നിയമിക്കുന്നതില്‍ കടുത്ത നിയന്ത്രണം വരുത്തുകയാണ് കറീസ്. നിലവിലുള്ള 28,000 വരുന്ന ജീവനക്കാരെ പിരിച്ചു വിടുകയില്ലെന്നും, എന്നാല്‍, പുതിയവരെ നിയമിക്കുന്നത്കുറയ്ക്കുകയുമാണ് എന്നാണ് കറീസ് ചീഫ് എക്സിക്യൂട്ടീവ് അലക്സ് ബാള്‍ഡോക്ക് പറഞ്ഞത്. ഇന്‍ഷുറന്‍സിലെയും മിനിമം വേതനത്തിലെയും വര്‍ദ്ധനവ് കാരണം പുതിയതായി ആളുകളെ നിയമിക്കുന്നതില്‍32 മില്യന്‍ പൗണ്ടിന്റെ അധിക ചെലവാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചെലവില്‍ വരുന്ന വര്‍ദ്ധനവ് തീര്‍ച്ചയായും ഉല്‍പ്പന്നങ്ങളുടെ വിലയിലും പ്രതിഫലിക്കുമെന്ന് കഴിഞ്ഞ മാസം തന്നെ കറീസ് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. അതോടൊപ്പം കൂടുതല്‍ മേഖലകളില്‍ ഓട്ടോമേഷന്‍ നടത്തുമെന്നും ഇന്ത്യയിലേക്ക് പുറം കരാര്‍ (ഔട്ട് സോഴ്സിംഗ്) ജോലികള്‍ നല്‍കേണ്ടി വരുമെന്നും കറീസ് സൂചനകള്‍ നല്‍കിയിരുന്നു. നിലവില്‍, കറീസിന്റെ മൊത്തം ജീവനക്കാരില്‍ 3.6 ശതമാനം പേര്‍ ഇന്ത്യയില്‍ ഇരുന്നാണ് ജോലി ചെയ്യുന്നത്.ഇവരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് കറീസിന്റെ തീരുമാനം.

പ്രധാനമായും, ഭരണ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട ജോലികളും ഐ ടി ജോലികളുമാണ് ഇന്ത്യയില്‍ ചെയ്യുന്നത്. നിലവില്‍, ഏകദേശം ആയിരത്തോളം പേരാണ് ഇന്ത്യയില്‍ കറീസിനു വേണ്ടി ജോലി ചെയ്യുന്നത്. ബ്രിട്ടനില്‍ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ചെലവ് വര്‍ദ്ധിക്കുമ്പോള്‍ ഔട്ട്‌സോഴ്സിംഗ് അല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്നാണ് കമ്പനി വക്താവ് പറയുന്നത്. ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട ശമ്പളം നല്‍കണം എന്നു തന്നെയാണ് തങ്ങളുടെ നയം എന്ന് ബാള്‍ഡോക്ക് പറയുന്നു എന്നാല്‍, ഇപ്പോള്‍ റീവ്‌സ് പ്രഖ്യാപിച്ച പലതും തൊഴില്‍ മേഖലക്ക് ഹാനികരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

നാഷണല്‍ ഇന്‍ഷുറന്‍സ് ടാക്സ് എന്നത് തൊഴിലിനു മുകളില്‍ ചുമത്തുന്ന നികുതിയാണെന്നും അതുകൊണ്ട് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് പ്രത്യേകിച്ച് പ്രയോജനമൊന്നും ഇല്ലെന്നും അദ്ദേഹം പറയുന്നു. പകരം, ഇത്തരം നീക്കങ്ങള്‍ രാജ്യത്തെ തൊഴിലവസരങ്ങള്‍ കുറയ്ക്കുമെന്നും ഔട്ട്‌സോഴ്സിംഗ് പ്രവണതയെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, കൂടുതല്‍ നിക്ഷേപം നടത്തുന്നതില്‍ നിന്നും നിക്ഷേപകരെ പിന്തിരിപ്പിക്കുകയും ചെയ്യും.

സമാനമായ രീതിയില്‍ എയ്ഞ്ചല റെയ്നാര്‍ കൊണ്ടുവന്ന തൊഴിലാളി അവകാശ ബില്ലും വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ജോലിക്ക് കയറിയ ആദ്യ ദിവസം മുതല്‍ തന്നെ തൊഴിലാളികള്‍ക്ക് അവകാശങ്ങള്‍ ഉറപ്പാക്കുന്നതും, യൂണിയനുകള്‍ക്ക് പുതിയ അധികാരം നല്‍കുന്നതുമൊക്കെയാണ് ബില്ലില്‍ ഉള്ളത്. നല്ല ഉദ്ദേശത്തോടു കൂടിയാണ് ബില്‍ കൊണ്ടു വന്നിരിക്കുന്നത് എന്ന് ബാള്‍ഡോക്ക് സമ്മതിക്കുന്നു. പക്ഷെ അതിന്റെ പര്‍ശ്വഫലം എന്തായിരിക്കുമെന്നു കൂടി ചിന്തിക്കണം എന്നാണ് അദ്ദേഹം പറയുന്നത്.

Tags:    

Similar News