കടം കയറി മുടിഞ്ഞ പാക്കിസ്ഥാന് മൂന്നുദിവസം ഇന്ത്യയുടെ അടി കിട്ടിയതോടെ മതിയായി; ഐഎംഎഫ് വായ്പ വേണെങ്കില്‍ വെടിനിര്‍ത്തലിന് റെഡിയാവാന്‍ അമേരിക്കയുടെ വിരട്ടും സമ്മര്‍ദ്ദവും; ഒരുലിറ്റര്‍ പാലിന് 150 രൂപ വിലയുള്ള രാജ്യത്തെ നേതാക്കള്‍ കൊതിയോടെ നോക്കിയ ഐഎംഎഫ് വായ്പയുടെ ചരടും വെടിനിര്‍ത്തലിലേക്ക് എത്താന്‍ കാരണമായോ?
ഐഎംഎഫ് ഫണ്ടിന്റെ ചരടും വെടിനിര്‍ത്തലിലേക്ക് എത്താന്‍ കാരണമായോ?
ന്യൂഡല്‍ഹി: ഒരു വലിയ യുദ്ധത്തിലേക്ക് പോകുമെന്ന് ശങ്കിച്ചിരുന്ന ഇന്ത്യ - പാക്ക് സംഘര്‍ഷം എങ്ങനെയാണ് ഇത്ര പെട്ടെന്ന് സമാധാനത്തിലേക്ക് എത്തിയത്? ഇന്ത്യയുടെ തിരിച്ചടി ഭയന്ന് മൂന്ന് ദിവസത്തെ ആക്രമണത്തിന് ശേഷം പാക്കിസ്ഥാന് തോല്‍വി സമ്മതിക്കുകയായിരുന്നുവെന്നതിലും തര്‍ക്കമില്ല. എന്നാല്‍ വെടിനിര്‍ത്തലിലേക്ക് എത്താന്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നോ ?
പാക്കിസ്ഥാന് 700 കോടി ഡോളറിന്റെ ധനസഹായപദ്ധതിക്ക് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) എക്സിക്യൂട്ടീവ് ബോര്‍ഡ് കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വെടിനിര്‍ത്തല്‍ പാക്കിസ്ഥാന്‍ തയ്യാറിയിരിക്കുന്നതും. ആദ്യഗഡുവായ 100 കോടി ഡോളര്‍( 8500 കോടി രൂപ) പണമായി നല്‍കാന്‍ തീരുമാനമായെന്നു പാക്കിസ്ഥാന്‍ അറിയിച്ചു. പണം ഭീകരപ്രവര്‍ത്തനത്തിനായി ദുരുപയോഗം ചെയ്തേക്കുമെന്നു ചൂണ്ടിക്കാട്ടി ധനസഹായം നല്‍കുന്നതിനെ ബോര്‍ഡ് യോഗത്തില്‍ ഇന്ത്യ എതിര്‍ത്തു.
പാക്കിസ്ഥാന് ഇത്തരത്തില്‍ ധനസഹായം നല്‍കിയത് സംഘര്‍ഷത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ധാരണയോടെയാകാമെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതെങ്കിലും, വായ്പ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി ഇന്ത്യ ടുഡേ റിപ്പോര്‍്ട്ട് ചെയ്യുന്നു.
പാക്കിസ്ഥാന് ധനസഹായം നല്‍കുന്നതിനെ ഇന്ത്യ ശക്തമായി എതിര്‍ത്തിരുന്നു. പാകിസ്ഥാന്‍ ഇന്ത്യന്‍ ജനവാസ മേഖലകളും, സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചുകൊണ്ടിരുന്ന സമയത്ത്, വായ്പ അനുവദിച്ചതിനെ ഇന്ത്യ വിമര്‍ശിച്ചിരുന്നു. ഐഎംഎഫ് ബോര്‍ഡ് അതിന്റെ സാമ്പത്തിക സൗകര്യങ്ങളുടെ അവസ്ഥകള്‍ അവലോകനം ചെയ്യേണ്ട സമയമാണെന്നും ഇന്ത്യ വിമര്‍ശിച്ചിരുന്നു,. ധനസഹായം ഭീകരതയ്ക്കായി വഴിമാറ്റിയാല്‍ ഫണ്ട് നല്‍കുന്ന ഏജന്‍സികളുടെ പ്രതിച്ഛായയ്ക്കും കോട്ടമുണ്ടാകാമെന്ന് ഇന്ത്യ പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തികകാര്യങ്ങളില്‍ സൈന്യത്തിന്റെ ഇടപെടല്‍ പാക്കിസ്ഥാനു വലിയ ഭീഷണിയാണ്. സിവിലിയന്‍ സര്‍ക്കാരാണു ഭരിക്കുന്നതെങ്കിലും ആഭ്യന്തര രാഷ്ട്രീയത്തില്‍ സൈന്യം വലിയ തോതില്‍ ഇടപെടുന്നുണ്ടെന്നും ഇന്ത്യ വാദിച്ചു. ധനസഹായം നല്‍കുന്നതില്‍ അന്തിമമായി ഒപ്പിടുന്നത് യുഎസ് ആയതിനാല്‍ അമേരിക്കയുടെ അനുമതി ഇല്ലാതെ ഐഎംഎഫിന് വായ്പ്പ അനുവദിക്കാന്‍ സാധിക്കില്ല.
ഒരു രാത്രി മുഴുവന്‍ നീണ്ട അമേരിക്കയുടെ മധ്യസ്ഥ ശ്രമത്തിന് ശേഷമാണ് ധാരണയായതെന്ന് ട്രംപ് അവകാശപ്പെട്ടത്. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായി തള്ളുകയായിരുന്നു. എന്നിരുന്നാലും, പാകിസ്ഥാനില്‍ നേരിട്ട് സമ്മര്‍ദ്ദം ചെലുത്തി ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതില്‍ യുഎസ് ഒരു പ്രധാന പങ്ക് വഹിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു
പാക്കിസ്ഥാന്‍ നിലനില്‍ക്കുന്നത് തന്നെ വായ്പ്പകള്‍ കൊണ്ടാണ്. ഐഎംഎഫ് വെബ്‌സൈറ്റ് പ്രകാരം, 2025 മാര്‍ച്ച് 31 വരെ പാകിസ്ഥാന്റെ വായ്പകള്‍ 6.2 ബില്യണ്‍ ഡോളറായിരുന്നു. ലോകബാങ്കും 48 ബില്യണ്‍ ഡോളറിലധികം സഹായം നല്‍കി. മൊത്തത്തില്‍, 2024-ല്‍ പാകിസ്ഥാന്റെ വിദേശ വിദേശ കടം 130 ബില്യണ്‍ ഡോളറായിരുന്നു.
പാകിസ്ഥാന്‍ പാപ്പരത്തത്തിന്റെ വക്കിലാണ്, ചൈന, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ സഹായത്താലാണ് പാകിസ്ഥാന്‍ അതിജീവിക്കുന്നത് തന്നെ. വ്യാപാര കമ്മി, കുറഞ്ഞ നികുതി വരുമാനം, ഉയര്‍ന്ന പൊതു കടം എന്നിവ കാരണം, പാകിസ്ഥാന്റെ സമ്പദ്വ്യവസ്ഥ വര്‍ഷങ്ങളായി പ്രതിസന്ധിയിലാണ്.
അതിനാല്‍ ഈ പ്രതിസന്ധിയ്ക്കിടെ ഐഎംഎഫ് വായ്പയുടെ ഈ ഗഡു പാകിസ്ഥാന് ഒരു ആശ്വാസമാണ്. അതിനാല്‍, വെടിനിര്‍ത്തല്‍ വ്യവസ്ഥയോട് വിയോജിക്കാനും പാക്കിസ്ഥാന് കഴിയുമായിരുന്നില്ല. ഇക്കാരണങ്ങള്‍ കൊണ്ട് ഐഎംഎഫ് വായ്പയും ഇതില്‍ ഒരു പങ്കു വഹിച്ചിരിക്കാമെന്നാണ് വിലയിരുത്തന്നത്