പിണറായി വിജയനെതിരെ മിണ്ടരുതെന്ന് ഷാജ് കിരണ്‍ വഴി സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തി; സ്വര്‍ണക്കള്ളക്കടത്ത് കേസ് അട്ടിമറിച്ചത് എം ആര്‍ അജിത്കുമാര്‍; വെളിപ്പെടുത്തലുമായി എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍

സ്വപ്നയെ നിശ്ശബ്ദയാക്കാന്‍ എല്ലാ നീക്കവും നടത്തി

Update: 2024-09-06 11:15 GMT

ന്യൂഡല്‍ഹി: പി വി അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ, സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് എഡിജിപി എം.ആര്‍.അജിത്കുമാറെന്ന വെളിപ്പെടുത്തലുമായി എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മിണ്ടരുതെന്നു ഷാജ് കിരണ്‍ വഴി കേസിലെ പ്രതി സ്വപ്ന സുരേഷിനോടു പറഞ്ഞു. സ്വപ്നയോട് സംസാരിക്കുന്നതിനിടെ ഷാജിന് എഡിജിപിയുടെ ഫോണ്‍ കോള്‍ വന്നു. എച്ച്ആര്‍ഡിഎസ് സ്റ്റാഫ് ഇതിന് സാക്ഷികളാണെന്നും എച്ച്ആര്‍ഡിഎസിന്റെ ജനറല്‍ സെക്രട്ടറി അജി കൃഷ്ണന്‍ പ്രതികരിച്ചു.

''അന്ന് ഷാജ് കിരണ്‍ സ്വപ്നയെ കാണാന്‍ വന്നിരുന്നപ്പോഴാണ് നിരന്തരം എഡിജിപിയുടെ കോള്‍ വന്നത്. എഡിജിപി വിളിക്കുന്നുവെന്നുപറഞ്ഞു ഷാജ് കിരണ്‍ ഫോണ്‍ കാണിക്കുകയും ചെയ്തു. നിങ്ങള്‍ മറുപടി തരൂ എന്നുപറഞ്ഞ് സ്വപ്നയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ വിഷയത്തില്‍ സ്വപ്നയെ നിശബ്ദയാക്കാനുള്ള എല്ലാ നീക്കങ്ങളും നടത്തി ഭീഷണിപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം. അന്ന് ഷാജ് കിരണ്‍ വന്ന വിഷയം സ്വപ്ന പാലക്കാട് എച്ച്ആര്‍ഡിഎസിന്റെ ഓഫിസില്‍ വാര്‍ത്താസമ്മേളനം വിളിച്ചു പറഞ്ഞതാണ്. അതിന്റെ ഓഡിയോ ഉള്‍പ്പെടുന്ന രേഖകള്‍ അന്ന് പുറത്തുവിട്ടതാണ്'' അജി കൃഷ്ണന്‍ പ്രതികരിച്ചു.

സംഭവം നടക്കുമ്പോള്‍ എം ആര്‍ അജിത് കുമാര്‍ വിജിലന്‍സ് മേധാവിയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സ്വപ്ന സുരേഷിനെ ഷാജ് കിരണ്‍ വഴി അനുനയിപ്പിക്കാന്‍ ശ്രമിച്ചതിന് അജിത് കുമാറിനെ സ്ഥലം മാറ്റിയിരുന്നു. ഏറെ വിവാദമായ കേസില്‍ ഉന്നതരാഷ്ട്രീയ കേന്ദ്രങ്ങളുടെ നിര്‍ദ്ദേശമില്ലാതെ പൊലീസ് ഉദ്യോഗസ്ഥന്‍ സ്വന്തം നിലക്ക് ഇടപെടുമോ എന്ന സംശയവും അന്ന് ഉയര്‍ന്നിരുന്നു. അന്ന് വളരെ നാടകീയമായാണ് വിജിലന്‍സ് ഡയറക്ടറെ മാറ്റിയത്. മുഖ്യമന്ത്രി തന്നെ ഇടപെട്ടാണ് പുതിയ തസ്തിക പോലും നല്‍കാതെ എം ആര്‍ അജിത് കുമാറിനെ മാറ്റിയത്. ഷാജ് കിരണും അജിത്കുമാറും തമ്മില്‍ നിരവധി തവണ സംസാരിച്ചുവെന്ന ഇന്റലിജന്‍സ് കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു നടപടി.

ഫോണ്‍ വിളിയില്‍ മാത്രമല്ല, സരിത്തിനെ നാടകീയമായി വിജിലന്‍സ് കസ്റ്റഡിയിലെടുത്തതിലെ തിടുക്കവും മറ്റൊരു കാരണമായി പറഞ്ഞിരുന്നു. തന്റെ രഹസ്യമൊഴി പിന്‍വലിപ്പിക്കാനാണ് ഷാജ് കിരണ്‍ എത്തിയതെന്നും മുഖ്യമന്ത്രിയുടെ ദൂതനാണെന്നും സ്വപ്ന ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഷാജ് കിരണും രണ്ട് എഡിജിപിമാരും നിരവധി തവണ ഫോണില്‍ സംസാരിച്ചുവെന്നും സ്വപ്ന ആരോപിച്ചിരുന്നു. അജിത്കുമാറിന്റെ നിര്‍ദേശപ്രകാരമാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തതെന്നായിരുന്നു ആരോപണം. ഇത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഒപ്പം, അജിത്കുമാര്‍, വിജയ് സാഖറെ എന്നീ എ.ഡി.ജി.പി.മാര്‍ വിളിച്ചിരുന്നതായി ഷാജ് കിരണ്‍ പറയുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നു.

അജിത്കുമാര്‍ ഷാജ് കിരണിനെ വിളിച്ചിട്ടുണ്ടെന്നും ഇത്തരം ഒരു വ്യക്തിയുമായി അദ്ദേഹത്തിനു ബന്ധമുണ്ടെന്നും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയതോടെ അജിത് കുമാറിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും സര്‍ക്കാര്‍ മാറ്റുകയായിരുന്നു. ഷാജ് കിരണ്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകനായിരിക്കെ സിറ്റി പോലീസ് കമ്മിഷണര്‍ ആയിരുന്നു അജിത്കുമാര്‍. സരിത്തിനെ കസ്റ്റഡിയിലടുത്ത വിവരം ഷാജ് കിരണ്‍ ആദ്യമറിഞ്ഞത് അജിത്കുമാര്‍ പറഞ്ഞാണെന്നും സ്വപ്ന പറഞ്ഞിരുന്നു.

Tags:    

Similar News