മിണ്ടാതെ, ഉരിയാടാതെ ഇരിക്കണമത്രെ, സോറി സാറെ! ഡോ.ജയതിലകിന് എതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ ശേഷം നാലാമത്തെ അച്ചടക്ക നടപടി; കീം പരീക്ഷയിലെ ഹൈക്കോടതി വിധി ഉദ്ധരിച്ചതിന് എന്‍ പ്രശാന്തിന് എതിരെ വീണ്ടും ചീഫ് സെക്രട്ടറിയുടെ പകപോക്കല്‍; ജയതിലകിന് മുഖ്യധാരാ മാധ്യമങ്ങള്‍ പരിരക്ഷ നല്‍കുന്നെന്നും ബ്രോ
ഡോ.ജയതിലകിന് എതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ ശേഷം നാലാമത്തെ അച്ചടക്ക നടപടി
തിരുവനന്തപുരം: എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെന്‍ഷന്‍ നീട്ടാന്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് പകപോക്കല്‍ നടപടികള്‍ തുടരുന്നതായി ആരോപണം. ഡോ.ജയതിലകിന് എതിരെ പ്രശാന്ത് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് ശേഷം നാലാമത്തെ അച്ചടക്ക നടപടിക്ക് മെമ്മോ ഇറക്കി.
കീം പ്രവേശന പരീക്ഷയുടെ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ തിരുത്താനുള്ള നിയമവിരുദ്ധ നീക്കം ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയ വിധി ഉദ്ധരിച്ച് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ഇട്ടതിനാണ് ബ്രോയ്ക്ക് പുതിയ ചാര്‍ജ് മെമ്മോ കിട്ടിയത്. ഈ വര്‍ഷത്തെ നിയമവിരുദ്ധമായ തീരുമാനത്തിന് പിന്നില്‍ ചീഫ് സെക്രട്ടറിയുടെ മോശം ഉപദേശമാണ് എന്ന് ചില മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും അഭിപ്രായപ്പെട്ടിരുന്നു. വിമര്‍ശനങ്ങളോട് ഡോ. ജയതിലകിനുള്ള അസഹിഷ്ണുതയാണ് അച്ചടക്ക നടപടിക്ക് പിന്നിലെന്നാണ് ആക്ഷേപം. കോടതിയുടെ ഉത്തരവ് ഉദ്ധരിക്കുന്നത് വഴി ജയതിലകിന്റെ/സര്‍ക്കാറിന്റെ പ്രതിച്ഛായ ഇല്ലാതാക്കിയെന്നാണ് മെമ്മോയില്‍ കുറ്റം ചുമത്തുന്നതെന്ന് എന്‍. പ്രശാന്ത് കുറിച്ചു. ജയതിലക് തന്നോട് പകപോക്കുകയാണെന്നും, നിയമവിരുദ്ധമായി സസ്‌പെന്‍ഷനിലാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കീമുമായി ബന്ധപ്പെട്ട. കോടതി വിധി ഉദ്ധരിച്ച് ജൂലൈ 10ന് ഒരു ചെറിയ പോസ്റ്റ് ഇട്ടതിനാണ് ഇപ്പോള്‍ അച്ചടക്ക നടപടി വന്നിരിക്കുന്നത്. എന്നാല്‍, നിയമപരമായ തത്വങ്ങളെയും ഭരണഘടനാ മേധാവിത്വത്തെയും പരസ്യമായി ഉയര്‍ത്തിപ്പിടിക്കാനും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനുമുള്ള കടമയുടെ ഭാഗമായാണ് താന്‍ വിധി പങ്കുവെച്ചതെന്നും, കോടതി വിധി വായിക്കുന്നതോ അതിലെ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതോ കുറ്റകരമല്ലെന്നും പ്രശാന്ത് പറഞ്ഞു. നിയമ ലംഘനത്തെ പ്രകീര്‍ത്തിക്കണമെന്നും കോടതി വിധിയെ തമസ്‌കരിക്കണമെന്നും ഉന്നത ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്നത് ശുദ്ധമായ ധാര്‍ഷ്ട്യമാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അഴിമതി ആരോപണങ്ങളും പകപോക്കല്‍ നടപടികളും
ഡോ. ജയതിലകിന്റെ അഴിമതി ചുണ്ടിക്കാണിച്ചതിന് ശേഷം തനിക്കെതിരെ ലഭിക്കുന്ന നാലാമത്തെ അച്ചടക്ക നടപടിയാണ് ഇതെന്നും ബ്രോ പറഞ്ഞു. ഫേസ്ബുക്ക് അരിച്ചു പെറുക്കി ദിവസേന ഓരോ കാരണമുണ്ടാക്കി അച്ചടക്ക നടപടികള്‍ എടുക്കുന്നത്, തന്നെ നിയമപരമല്ലാത്ത രീതിയില്‍ സസ്‌പെന്‍ഷനില്‍ നിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്. അതേസമയം, ഡോ. ജയതിലകിനെതിരെയുള്ള ഗുരുതരമായ അഴിമതി ആരോപണങ്ങളില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന വിരോധാഭാസവും ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നു.
ജയതിലകിന് എതിരെ ചെറുവിരല്‍ അനക്കില്ല
സര്‍ക്കാര്‍ മുന്‍പാകെ വ്യാജ സത്യവാങ്ങ്മൂലം നല്കിയതും, സ്വത്ത് വിവരങ്ങള്‍ മറച്ച് വെച്ചതുമായി ബന്ധപ്പെട്ട് ഡോ. ജയതിലകിനെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് അഖിലേന്ത്യാ സര്‍വീസ് ചട്ടം റൂള്‍ 7 പ്രകാരം പരാതിക്കാരനായ ഉദ്യോഗസ്ഥന്‍ നവംബര്‍ 17 ന് മുഖ്യമന്ത്രിക്ക് (ഡിസിപ്ലിനറി അതോറിറ്റി) പരാതി നല്‍കിയിരുന്നു.: പരാതി നല്‍കി 11 ദിവസമായിട്ടും അതില്‍ ഒരന്വേഷണവും ഉണ്ടായിട്ടില്ല. എന്നാല്‍ പരാതിക്കാരനെതിരെ ദിവസേന ഓരോ അച്ചടക്ക നടപടി ലഭിക്കുന്നുമുണ്ട്.
മാധ്യമ വിലക്കും പ്രസ് ക്ലബ്ബ് അഴിമതിക്കേസും
ജയതിലകിന് എതിരായ അഴിമതി ആരോപണങ്ങള്‍ ഒരിടത്തും വാര്‍ത്തയാകാത്തതിന് പിന്നില്‍ രാഷ്ട്രീയ-മാധ്യമ-ഉദ്യോഗസ്ഥ മാഫിയ (PMB mafia) പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എന്‍ പ്രശാന്ത് ആരോപിച്ചു. 'മുതിര്‍ന്ന മാധ്യമ താപ്പാനകളും മാനേജ്മെന്റും ചേര്‍ന്ന് ഡോ. ജയതിലകിനെതിരെ വാര്‍ത്തകള്‍ നല്‍കേണ്ടെന്ന് കൂട്ടായ തീരുമാനം എടുത്തിട്ടുണ്ടത്രേ'.പ്രസ് ക്ലബ് അഴിമതിക്കേസിന്റെ ഫയല്‍ ഡോ. ജയതിലകിന്റെ നിയന്ത്രണത്തില്‍ ഉള്ളതാണ്. ഈ കേസില്‍ ചാനലുകളിലെ പ്രശസ്തരായ പല മാധ്യമ പ്രവര്‍ത്തകരും അവതാരകരും റിപ്പോര്‍ട്ടര്‍മാരും പ്രതികളാണ്. ഡല്‍ഹി പ്രസ് ക്ലബ്ബ് ഉള്‍പ്പെടെ മിക്ക പ്രസ് ക്ലബുകളിലും വ്യാജ രേഖകള്‍ ചമച്ച് നൂറു കണക്കിന് കോടി രൂപയുടെ സര്‍ക്കാര്‍ പണമാണ് അപഹരിക്കപ്പെട്ടത്. ഈ മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് പണം തിരിച്ച് പിടിക്കാന്‍ സി.എ.ജി റിപ്പോര്‍ട്ടും വിജിലന്‍സ് കേസും നിലവിലുണ്ട്.
തനിക്കെതിരെയുള്ള വാര്‍ത്തകള്‍ മുക്കാതിരിക്കാന്‍ ഡോ. ജയതിലകിന് ഈ കേസില്‍ ഉള്‍പ്പെട്ട മുഖ്യധാരാ മാധ്യമങ്ങള്‍ പരിരക്ഷ ഒരുക്കുകയാണെന്നും, ഇത് പരസ്പര സഹായസഹകരണ പ്രസ്ഥാനമായ രാഷ്ട്രീയ-മാധ്യമ-ഉദ്യോഗസ്ഥ മാഫിയയുടെ നേര്‍ക്കാഴ്ചയാണെന്നും ബ്രോ ആരോപിച്ചു.
എന്‍.പ്രശാന്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
വീണ്ടും ഒരു ചാര്‍ജ്ജ് ഷീറ്റ് കൂടി: മുക്കിയ വാര്‍ത്തകള്‍
ഈ വര്‍ഷത്തെ KEAM പരീക്ഷ എങ്ങനെയാണ് നടന്നതെന്ന് ഓര്‍മ്മയുണ്ടല്ലോ. പരീക്ഷ നടത്തിയ ശേഷം നിയമവിരുദ്ധമായി സെലക്ഷന്‍ ക്രൈറ്റീരിയ തിരുത്താന്‍ ശ്രമിച്ചത് ബഹു. ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയിരുന്നു. എല്ലാ വര്‍ഷവും ഇത്തരത്തില്‍ KEAM പരീക്ഷയില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ബോധപൂര്‍വ്വം ഉണ്ടാക്കുന്നത് ഇതര സംസ്ഥാനങ്ങളിലെ സ്വകാര്യ കോളജ് ലോബിയുടെ സ്വാധീനം കൊണ്ടാണെന്ന ആക്ഷേപം ഉയര്‍ന്ന് വന്നതും ഓര്‍ക്കുമല്ലോ. സമയോചിതമായ കോടതി ഇടപെടല്‍ കാരണം പല ലോബികളുടെയും കോടികളുടെ ബിസിനസ്സാണ് പൊളിഞ്ഞത്. ഈ വര്‍ഷത്തെ നിയമവിരുദ്ധമായ തീരുമാനത്തിന് പിന്നില്‍ ചീഫ് സെക്രട്ടറിയുടെ മോശം ഉപദേശമാണ് എന്ന് ചില മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും അഭിപ്രായപ്പെട്ടിരുന്നു. വിമര്‍ശനങ്ങളോട് ഡോ. ജയതിലകിനുള്ള അസഹിഷ്ണുത പ്രശസ്തമാണല്ലോ! പിന്നീട് എന്ത് സംഭവിച്ചെന്ന് നോക്കാം.
കോടതി വിധി പങ്ക് വെച്ച് ഞാനന്ന് ഒരു ചെറിയ പോസ്റ്റ് ഇട്ടിരുന്നു. കഴിഞ്ഞ ജൂലൈ 10ന്. കുട്ടികളുടെയും രക്ഷിതാക്കളുടെയും ബുദ്ധിമുട്ടും കോടതി വിധിയുടെ അന്തസത്തയും പ്രതിപാദിക്കുന്ന ചെറുകുറിപ്പ് - അതുവഴി ഞാന്‍ 'അച്ചടക്കരാഹിത്യം' കാണിച്ചു എന്ന് ആരോപിക്കുന്ന ഡോ. ജയതിലക് ഒപ്പിട്ട പുത്തന്‍ പുതിയ ചാര്‍ജ് മെമ്മോ ഇന്ന് കൈപ്പറ്റി. ഞെട്ടണ്ട, കോടതിയുടെ ഉത്തരവ് ഉദ്ധരിക്കുന്നത് വഴി അദ്ദേഹത്തിന്റെ/സര്‍ക്കാറിന്റെ പ്രതിച്ഛായ ഇല്ലാതാക്കി പോലും!
അല്ല ഭായ്, എന്താണിവിടെ നടക്കുന്നത്? ബഹു. ഹൈക്കോടതി പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമല്ലേ ചെയ്തത്! നിയമം അനുസരിക്കാനും, നിയമപരമായ തത്വങ്ങളെയും ഭരണഘടനാ മേധാവിത്വത്തെയും പരസ്യമായി ഉയര്‍ത്തിപ്പിടിക്കാനും പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനുമുള്ള കടമയും അവകാശവും എനിക്കുണ്ട്. KEAM അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഡോ. ജയതിലകിന് കോടതി വിധിയോടും കോടതിയോടുമുള്ള സ്വാഭാവികമായ ദേഷ്യം എന്റെ മേല്‍ തീര്‍ക്കുകയാണെന്നാണ് തോന്നുന്നത്. Don't shoot the messenger bro!
ഒരു ഹൈക്കോടതി വിധി വായിക്കുന്നതോ അതില്‍ പറഞ്ഞത് ആവര്‍ത്തിക്കുന്നതോ കുറ്റകരമാണോ? നിയമ ലംഘനമാണോ സര്‍ക്കാര്‍ പോളിസി? നിയമ ലംഘനത്തെ പ്രകീര്‍ത്തിക്കണം എന്നും കോടതി വിധിയെ പുച്ഛിക്കണമെന്നും എന്ത് അടിസ്ഥാനത്തിലാണ് ഡോ.ജയതിലക് ആവശ്യപ്പെടുന്നത്? ഒന്നുകില്‍ ഈ ഉന്നത ഉദ്യോഗസ്ഥന് അടിസ്ഥാന ഭരണഘടനാ തത്വങ്ങളോ നാട്ടിലെ നിയമങ്ങളോ വിരമിക്കാറായിട്ടും മനസ്സിലായിട്ടില്ല, അല്ലെങ്കില്‍ നമ്മുടെ കോടതികളുടെ അധികാരത്തേക്കാള്‍ വലുതാണ് അദ്ദേഹത്തിന്റെ 'പ്രതിച്ഛായ' എന്ന് അദ്ദേഹം കരുതുന്നു. ഭരണഘടനയുടെ അനുച്ഛേദം 19(1)(എ), 19(2) എന്നീ ഭാഗങ്ങള്‍ ഈ ഉദ്യോഗസ്ഥന്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പോലും വായിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. ഇന്ത്യയില്‍ 'ഹൈക്കോടതി വിധി ഉദ്ധരിക്കല്‍' എന്ന പേരില്‍ ഒരു കുറ്റമില്ല. കോടതി വിധികള്‍ നിരോധിക്കപ്പെട്ട പുസ്തകമൊന്നുമല്ല. താന്‍ നടത്തുന്ന നിയമലംഘനത്തെ പുകഴത്തണമെന്നും കോടതി വിധിയെപ്പോലും തമസ്‌കരിക്കണം എന്നും അധികാരികള്‍ ആഗ്രഹിക്കുന്നത് ഫാസിസം ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കോടതി വിധിയും നിയമവും ഉദ്ധരിച്ച് ശബ്ദിക്കുന്നവരെ ശിക്ഷിക്കാന്‍ ശ്രമിക്കുന്നത് നിയമവാഴ്ചയോടുള്ള ബഹുമാനമില്ലായ്മ മാത്രമല്ല, ശുദ്ധമായ ധാര്‍ഷ്ട്യമാണ് വെളിവാക്കുന്നത്.
എന്റെ ഫേസ് ബുക്ക് അരിച്ച് പെറുക്കി, എന്തെങ്കിലും കാരണമുണ്ടാക്കി അച്ചടക്ക നടപടികള്‍ ദിവസേന ഒന്ന് വെച്ച്..... - എന്തിനാണ് എന്നറിയാമല്ലോ. എന്നെ നിയമപ്രകാരം സസ്‌പെന്‍ഷനില്‍ നിര്‍ത്താന്‍ വേറെ മാര്‍ഗമില്ലാതെ പാവം ഡോ.ജയതിലക് വെപ്രാളത്തില്‍ കാട്ടിക്കൂട്ടുന്നതാണ്. ഞാന്‍ തിരിച്ച് ജോയിന്‍ ചെയ്യുന്ന ചിന്ത അദ്ദേഹത്തെ വല്ലാതെ അലട്ടുന്നു. വല്ലാത്ത ടെന്‍ഷനിലാണെന്ന് തോന്നുന്നു. അതേ സമയം ഡോ.ജയതിലകിനെതിരെ വളരെ ഗുരുതരമായ ആരോപണങ്ങള്‍ പലതും രേഖാമൂലം കിട്ടിയിട്ടും അവയൊന്നിലും ഒരന്വേഷണവും ഉണ്ടായിട്ടില്ല എന്ന വിരോധാഭാസം മറുവശത്ത്.
സര്‍ക്കാര്‍ മുന്‍പാകെ വ്യാജ സത്യവാങ്ങ്മൂലം നല്കിയതും, സ്വത്ത് വിവരങ്ങള്‍ മറച്ച് വെച്ചതും സര്‍ക്കാരിന്റെ തന്നെ രജിസ്‌ട്രേഷന്‍/റവന്യൂ/സര്‍വേ വകുപ്പ് രേഖകള്‍ വ്യക്തമാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഡോ. ജയതിലകിനെതിരെ വകുപ്പ് തല നടപടികള്‍ സ്വീകരിക്കാന്‍ അഖിലേന്ത്യാ സര്‍വീസ് ചട്ടം റൂള്‍ 7 പ്രകാരം ഡിസിപ്ലിനറി അതോറിറ്റിയായ മുഖ്യമന്ത്രിക്ക് ഞാന്‍ പരാതി നല്‍കിയത് നവംബര്‍ 17-നാണ്. ഇന്നേക്ക് 11 ദിവസമായി. അതില്‍ നടപടിയൊന്നും ഇനിയും ഉണ്ടായിട്ടില്ല. പരാതിക്കാരനായ എനിക്കെതിരെ ദിവസേന ഓരോ ഡിസിപ്ലിനറി നടപടി വെച്ച് കിട്ടുന്നുമുണ്ട്. ഡോ.ജയതിലകിന്റെ അഴിമതി ചുണ്ടിക്കാണിച്ചതിന് ശേഷം ഇത് നാലാമത്തെ അച്ചടക്ക നടപടിയാണ്. മിണ്ടാതെ, ഉരിയാടാതെ ഇരിക്കണമത്രെ. സോറി സാറെ.
NB:
ഇത് ഒരിടത്തും വാര്‍ത്തയായി കണ്ടുകാണില്ല. മുതിര്‍ന്ന താപ്പാനകളും മാനേജ്മെന്റും ചേര്‍ന്ന് ജയതിലകിനെതിരെ വാര്‍ത്തകള്‍ കൊടുക്കേണ്ടെന്ന് കൂട്ടായ തീരുമാനം എടുത്തിട്ടുണ്ടത്രേ. ധാര്‍മ്മിക ബോധമുള്ള മാധ്യമ പ്രവര്‍ത്തകര്‍ സഹികെട്ട് പറഞ്ഞ് കേട്ടതാണ്. പ്രസ് ക്ലബ് അഴിമതിക്കേസിന്റെ ഫയല്‍ ഡോ.ജയതിലകിന്റെ നിയന്ത്രണത്തില്‍ ഉള്ളതാണ് പ്രധാന പ്രശ്‌നം. ചാനലുകളില്‍ പൊട്ടിത്തെറിക്കുന്ന ''നീതിമാന്മാരായ'' പല പ്രശസ്ത മാധ്യമ പ്രവര്‍ത്തകരും അവതാരകരും റിപ്പോര്‍ട്ടര്‍മാരും ഇതില്‍ പ്രതികളാണ്. ഡല്‍ഹി പ്രസ് ക്ലബ് മുതലിങ്ങ് കേരളത്തിലെ മിക്ക പ്രസ് ക്ലബുകളും കേന്ദ്രീകരിച്ച് വ്യാജ രേഖകള്‍ ചമച്ച് നൂറു കണക്കിന് കോടി സര്‍ക്കാര്‍ പണമാണ് വര്‍ഷങ്ങളായി അപഹരിക്കപ്പെട്ടിട്ടുള്ളത്. പാവപ്പെട്ട നികുതിദായകരുടെ പണം തട്ടിപ്പ് നടത്തി അപഹരിച്ച മാധ്യമ പ്രവര്‍ത്തകരെ പേരെടുത്ത് പറഞ്ഞ്, അവരില്‍ നിന്ന് പണം തിരിച്ച് പിടിക്കാന്‍ CAG റിപ്പോര്‍ട്ടും വിജിലന്‍സ് കേസും ഒക്കെ ഉണ്ട്. ഇത് കുടാതെ വേറെ ചില മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന ചില ക്രിമിനല്‍ കേസുകളും PRD ഫണ്ട് റിലീസും ഉണ്ട്. പരസ്പര സഹായസഹകരണ പ്രസ്ഥാനമായ രാഷ്ട്രീയ-മാധ്യമ-ഉദ്യോഗസ്ഥ മാഫിയ (PMB mafia) പ്രവര്‍ത്തിക്കുന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഡോ.ജയതിലകിന് ഈ കേസില്‍ ഉള്‍പ്പെട്ട മുഖ്യധാരാ മാധ്യമങ്ങള്‍ ഒരുക്കുന്ന പരിരക്ഷ.
