വഴിയാത്രക്കാരും കളിക്കാൻ പോകുന്ന കുട്ടികളും ദാഹിച്ചു വലയുന്നു; അവരുടെ മുഖത്തെ ക്ഷീണത മനസിലാക്കി കുഞ്ഞു മനസ്; വീടിന് പുറത്ത് കുടിവെള്ളം ഒരുക്കാൻ തീരുമാനിച്ച് കുട്ടികൾ; ഫുൾ സപ്പോർട്ടായി കൂടെ നിന്ന് ഉപ്പയും; പിള്ളേരുടെ ആഗ്രഹം പോലെ 'പൈപ്പ് ഫിറ്റ്' ചെയ്തു; കുടിവെള്ളം ഒരുക്കി നൽകി; കൈയ്യടിച്ച് നാട്ടുകാർ; ആയിഷയും,അഭിനാനും ഒരു നാടിന് തന്നെ മാതൃകയാകുമ്പോൾ!
കൊല്ലം: 'ജലം അമൂല്യമാണ് അത് പാഴാക്കരുത്' എന്ന ഈ പഴഞ്ചൊല്ലാലിന് സമൂഹത്തിൽ ഇപ്പോൾ ഭയങ്കര പ്രസക്തിയാണ്. കാരണം സമൂഹത്തിൽ ജലം വെറുതെ പാഴാക്കുന്നവർ ഏറെയാണ്. അതുപോലെ കുടി വെള്ളം ലഭിക്കാതെ വലയുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. അങ്ങനെ കുടിവെള്ളം കിട്ടാതെ വലയുന്നവർക്ക് ആശ്വാസമായി എത്തിയിരിക്കുകയാണ് രണ്ട് സഹോദരങ്ങൾ.
പേരൂർ കുറ്റിച്ചിറയിൽ നടന്ന സംഭവമാണ് ചർച്ചയായിരിക്കുന്നത്. സഹോദരങ്ങളായ അഭിനാനും,ആയിഷയും വയലിൽ കളിക്കാൻ പോകുന്ന കുട്ടികൾക്കും വഴിയാത്രക്കാർക്കും തങ്ങളുടെ വീടിന് പുറത്ത് കുടിവെള്ളം ഒരുക്കി നൽകിയിരിക്കുയാണ്. സംഭവം വൈറലായതിന് പിന്നാലെ സഹോദരങ്ങളായ ഇരുവർക്കും നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. സംഭവം ഇങ്ങനെ..
വഴിയാത്രക്കാർക്കും ,കളിസ്ഥലത്ത് കളിക്കാൻ എത്തുന്ന കുട്ടികൾക്കുമായി കുടിവെള്ളം വീടിനു പുറത്ത് ഒരുക്കിയിരിക്കുകയാണ് സഹോദരങ്ങളായ അഭിനാനും,ആയിഷയും. കൊല്ലം പേരൂർ കുറ്റിച്ചിറയിൽ ചിറയിൽ തെക്കതിൽ വീട്ടിൽ ഇർഷാദിന്റെയും,അനീസയുടെയും മക്കളായ 7-ാം ക്ലാസ്സ്കാരി ആയിഷയും 3- ാം ക്ലാസ്സ്കാരൻ അഭിനാനും മാണ് ദാഹിച്ച് വലഞ്ഞ് റോഡിലൂടെ പോകുന്നവർക്കും , സമീപത്തെ വയലിൽ കളിക്കാൻ എത്തുന്ന കുട്ടികൾക്കും വേണ്ടി വീടിനു പുറത്ത് മതിലിൽ കുടിവെള്ളമൊരുക്കിയത്.
എല്ലാ വീടുകളും ഇപ്പോൾ ഗേറ്റിട്ട് അടച്ചതുകൊണ്ട് വഴിയാത്രക്കാർക്കും കുട്ടികൾക്കും ഒന്നും ദാഹം അടക്കാൻ കഴിയില്ല. പലപ്പോഴും ദാഹിച്ചു വലിഞ്ഞു പോകുന്ന വരെയും സമീപത്തെ റേഷൻ കടയിൽ എത്തിച്ചേരുന്നവരും വെള്ളം കുടിക്കാൻ ദാഹിച്ചു നിൽക്കുന്ന കാഴ്ചകളും ഒക്കെ കുട്ടികൾ സ്ഥിരമായി കാണുകയുണ്ടായി.
അങ്ങനെ ആയിഷയുടെ മനസ്സിൽ ഉദിച്ചു വന്ന ആശയം ആയിരുന്നു വീടിന് പുറത്ത് ഒരു പൈപ്പ് സ്ഥാപിക്കുക എന്നുള്ളത്.പിന്നെ ആഗ്രഹം അനുജനോടും പങ്കുവെച്ചു.പിന്നീട് ഇരുവരും ചേർന്ന് മാതാപിതാക്കളോടും ആശയം അവതരിപ്പിച്ചു. കുട്ടികളുടെ പിതാവ് വർഷങ്ങൾക്കു മുമ്പ് സൗദിയിൽ ജോലിക്ക് പോയതും അവിടുത്തെ അറബികളുടെ വീടിന് മുമ്പിൽ ഇതുപോലെ പൈപ്പുകൾ ഫിറ്റ് ചെയ്തു വച്ചിരിക്കുന്ന കാര്യങ്ങളും ഒക്കെ ഇവർക്ക് പറഞ്ഞു നൽകുമായിരുന്നു.
ഇതൊക്കെ മനസിൽ വച്ചുകൊണ്ടാണ് തങ്ങളുടെ വീടിന് പുറത്തും ഇങ്ങനെ ഒരു പൈപ്പ് വേണമെന്നും കുട്ടികൾ പറയാനുണ്ടായതും. കുട്ടികളുടെ ആഗ്രഹം കേട്ട പിതാവ് ഇർഷാദിനും വലിയ സന്തോഷമായി. താനും ഈ വയലിൽ കളിച്ചാണ് വളർന്നത് അന്ന് മതിലുകളില്ലായിരുന്നു പല വീടുകളുടെയും പൈപ്പിൻ്റെ മൂട്ടിലും കിണറുകളിലും ചെന്ന് വെള്ളം കുടിച്ച കഥയും ഇർഷാദ് മക്കൾക്ക് പറഞ്ഞ് നൽകി.
പിന്നീട് മക്കളുടെ ആഗ്രഹപ്രകാരം പ്ലംബർ കൂടിയായ ഇർഷാദ് പൈപ്പ് ഫിറ്റ് ചെയ്തു നൽകി. ജലം അമൂല്യമാണ് എന്ന ബോർഡും കുട്ടികൾ ഇവിടെ സ്ഥാപിച്ചു. ഇന്ന് ഈ നാട്ടുകാർക്ക് വലിയ ആശ്വാസമാണ് കുട്ടികളുടെ ഈ പ്രവർത്തി കാരണം ഉണ്ടായത്. രണ്ടുപേരും കൊല്ലം അമൃത വിദ്യാലയം സ്കൂളിലെ വിദ്യാർഥികളാണ്.