കഴിഞ്ഞ തവണ പത്ത് എംഎല്‍എമാരും ഉപമുഖ്യമന്ത്രി സ്ഥാനവുമായി 'കിങ് മേക്കര്‍'; കര്‍ഷകരെ ഒപ്പം നിര്‍ത്താന്‍ ബിജെപി സഖ്യം വിട്ടു; ഇത്തവണ മത്സരിച്ച 66 മണ്ഡലങ്ങളില്‍ ഒരിടത്തും നിലം തൊടാതെ ജെ.ജെ.പി; ഹരിയാനയില്‍ ദുഷ്യന്ത് ചൗട്ടാല നേരിട്ടത് കനത്ത തിരിച്ചടി
ദുഷ്യന്ത് ചൗട്ടാല നേടിയതാകട്ടെ വെറും പതിനായിരത്തില്‍ താഴെ വോട്ടുകള്‍
ചണ്ഡീഗഢ്: ബി.ജെ.പിയുടെ സഖ്യകക്ഷിയായി കഴിഞ്ഞ തവണ ഹരിയാന ഭരിച്ച ജനനായക് ജനതാ പാര്‍ട്ടി (ജെ.ജെ.പി) ഇത്തവണ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ വട്ടപൂജ്യം. ഹരിയാന രാഷ്ട്രീയത്തില്‍ 'കിങ് മേക്കര്‍' ആയിരുന്ന ജെ.ജെ.പി. നേതാവായ ദുഷ്യന്ത് ചൗട്ടാല നേടിയതാകട്ടെ വെറും പതിനായിരത്തില്‍ താഴെ വോട്ടുകള്‍ മാത്രം. മത്സരിച്ച 66 മണ്ഡലങ്ങളില്‍ ഒരിടത്തു പോലും ജയിക്കാനാവാതെ വന്നതോടെ ഹരിയാനയുടെ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ പോലും ഇല്ലാത്ത വിധത്തില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ് ജെജെപി.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി.യുമായുള്ള നാലരവര്‍ഷത്തെ സഖ്യം അവസാനിപ്പിച്ച ദുഷ്യന്ത് ചൗട്ടാല ഹരിയാനയിലെ പത്ത് ലോക്‌സഭാ സീറ്റുകളിലേക്കും ജെ.ജെ.പി. സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതോടെ ഭീം ആര്‍മി സ്ഥാപകന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടിക്കൊപ്പം സഖ്യം ചേര്‍ന്നാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ ഒറ്റ സീറ്റുപോലും നേടാന്‍ സാധിച്ചില്ല.
2019-ലെ തിരഞ്ഞെടുപ്പില്‍ 47,452 വോട്ടിനായിരുന്നു ദുഷ്യന്ത് ചൗട്ടാലയുടെ ജയം. എന്നാല്‍ ഇത്തവണ അഞ്ചാം സ്ഥാനത്താണ് അദ്ദേഹം. അദ്ദേഹത്തിന് മുമ്പില്‍ 45000-ലേറെ വോട്ടുകളുമായി സ്വതന്ത്രരാണ് മുന്നിട്ട് നില്‍ക്കുന്നത്. 8000-ത്തോളം വോട്ടുകള്‍ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നു. ജെ.ജെ.പി. മത്സരിച്ച 66 മണ്ഡലങ്ങളില്‍ ഒരിടത്തു പോലും ജയിക്കാനായില്ല എന്നതും ശ്രദ്ധേയമാണ്. 2019-ല്‍ 15.32 ശതമാനം വോട്ട് വിഹിതമായിരുന്നു ജെ.ജെ.പിക്ക്. എന്നാല്‍ ഇത്തവണ കിട്ടിയതാകട്ടെ വെറും 0.87 ശതമാനം വോട്ട് വിഹിതം മാത്രമാണ്.
ചൗധരി ദേവിലാല്‍ സ്ഥാപിച്ച ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐഎന്‍എല്‍ഡി) പിളര്‍ത്തി 2018-ലാണ് സ്വന്തം പാര്‍ട്ടിയായ ജനനായക് ജനതാ പാര്‍ട്ടി (ജെജെപി) രൂപീകരിച്ച് ദുഷ്യന്ത് ചൗട്ടാല ഹരിയാണ രാഷ്ട്രീയത്തിലിറങ്ങുന്നത്. 2019-ലെ ഹരിയാണ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ ദുഷ്യന്തിനെ ഹരിയാന ഉപമുഖ്യമന്ത്രിയാക്കി. പത്ത് സീറ്റുകളായിരുന്നു ജെ.ജെ.പിക്ക് ഉണ്ടായിരുന്നത്.
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പേ ബി.ജെ.പിയില്‍ നിന്ന് ജെ.ജെ.പി. സഖ്യം ഉപേക്ഷിച്ചിരുന്നു. കര്‍ഷകരെ വഞ്ചിച്ചെന്ന ആരോപണത്തിന് പിന്നാലെ ബി.ജെ.പി. വിട്ട ജെ.ജെ.പിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ നിയസഭാ തിരഞ്ഞെടുപ്പിലും ജെ.ജെ.പി. ഒന്നുമല്ലാതായിരിക്കുന്നു.
കിങ് മേക്കര്‍ നേരിട്ടത് കനത്ത തിരിച്ചടി
ഹരിയാനയില്‍നിന്നുള്ള 35-കാരനായ യുവനേതാവ്. ബിസിനസ് അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് മാനേജ്മെന്റില്‍ കാലിഫോര്‍ണിയ സ്റ്റേറ്റ് സര്‍വകലാശാലയില്‍നിന്ന് ബിരുദം. രാഷ്ട്രീയപാരമ്പര്യമുള്ള കുടുംബപശ്ചാത്തലം. ഇരുപത്തിയാറാം വയസ്സില്‍ ലോക്‌സഭാ എം.പി. 2018-ല്‍ ജനനായക് ജനതാ പാര്‍ട്ടി (ജെ.ജെ.പി.) രൂപവത്കരിച്ചു. 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 14 ശതമാനം വോട്ടുനേടി 10 സീറ്റുകള്‍ സ്വന്തമാക്കി ജെ.ജെ.പി. 2019 മുതല്‍ 2024 മാര്‍ച്ച് 12 വരെ ഹരിയാണയുടെ ഉപമുഖ്യമന്ത്രി ആയിരുന്നു. ഇതൊക്കെയാണ് ഹരിയാനയിലെ വിമത രാജകുമാരന്‍ എന്നറിയപ്പെടുന്ന ദുഷ്യന്ത് ചൗട്ടാലയുടെ രാഷ്ട്രീയനേട്ടങ്ങള്‍.
ഏറ്റവും പ്രായംകുറഞ്ഞ പാര്‍ലമെന്റ് അംഗമെന്ന ലിംക ബുക്ക് ഓഫ് റെക്കോഡ് ദുഷ്യന്തിന്റെ പേരിലാണ്. ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷന്‍, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ എക്സിക്യുട്ടീവ് അംഗം തുടങ്ങിയ പദവികളും വഹിക്കുന്നു ദുഷ്യന്ത്. ഹരിയാനയിലെ 'ലാല്‍' പരമ്പര രാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ കണ്ണികൂടിയാണ് ദുഷ്യന്ത്. ഹരിയാന രാഷ്ട്രീയത്തില്‍നിന്ന് ദേശീയ രാഷ്ട്രീയത്തിന്റെ മുന്‍നിരയിലെത്തിയ നേതാവും ഹരിയാന ലോക്ദള്‍ പാര്‍ട്ടിയുടെ സ്ഥാപകനുമായിരുന്ന ചൗധരി ദേവിലാലിന്റെ ചെറുമകനുമാണ് ഇദ്ദേഹം.
ചൗധരി ദേവിലാല്‍ സ്ഥാപിച്ച ഹരിയാണ ലോക്ദള്‍ പാര്‍ട്ടിയാണ് പിന്നീട് ഇന്ത്യന്‍ നാഷണല്‍ ലോക്ദളായി പരിണമിച്ചത്. വര്‍ഷങ്ങള്‍ക്കുശേഷം 2018-ല്‍ മുത്തശ്ശന്‍ ഓം പ്രകാശ് ചൗട്ടാലയും അമ്മാവന്‍ അഭയ് സിങ് ചൗട്ടാലയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ഐ.എല്‍.എല്‍.ഡിയില്‍നിന്ന് ദുഷ്യന്ത് ചൗട്ടാല പുറത്തായത്.
തൊട്ടുപിന്നാലെ അച്ഛന്‍ അജയ് സിങ് ചൗട്ടാലയുമായി ചേര്‍ന്ന് ജനനായക് ജനശക്തി പാര്‍ട്ടി (ജെ.ജെ.പി) രൂപവത്കരിച്ച ദുഷ്യന്ത് ചൗട്ടാല 2019 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുമായി സഖ്യത്തിലായി. കുടുംബപാര്‍ട്ടിയില്‍നിന്ന് പുറത്തായ യുവ നേതാവിന് വിമതനേതാവ് എന്ന പരിവേഷവും കിട്ടി. ബി.ജെ.പി.യുമായി കൈകോര്‍ത്ത ദുഷ്യന്ത് ചൗട്ടാല മനോഹര്‍ലാല്‍ ഖട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു.
നിര്‍ണായകം സാമുദായിക വോട്ടുകള്‍
ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അവിഭാജ്യ ഘടകമാണ് സാമുദായിക വോട്ടുകള്‍. സംസ്ഥാനത്തെ ഏറ്റവും വലിയ സമുദായമായ ജാട്ട് വിഭാഗമാണ് ആരാണ് സംസ്ഥാനം ഭരിക്കുക എന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നത്. ജാതീയ സമവാക്യങ്ങള്‍ വലിയ തോതില്‍ സ്വാധീനം ചെലുത്തുന്നതിനാല്‍ ഹരിയാനയിലെ സാമുദായിക വോട്ട് ഉറപ്പിക്കാനാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ആകെയുള്ള ജനസംഖ്യയില്‍ 27 ശതമാനത്തോളം ജാട്ട് വിഭാഗം ഉള്‍പ്പെടുന്നു. ആകെയുള്ള 90 സീറ്റുകളില്‍ 35 ഓളം സീറ്റുകളില്‍ ആര് വിജയിക്കണമെന്ന് തീരുമാനിക്കാന്‍ ഹരിയാനയിലെ ജാട്ട് വിഭാഗത്തിന് സാധിക്കും. ഓരോ തെരഞ്ഞെടുപ്പിലും ഹരിയാനയിലെ മുഖ്യമന്ത്രിയെ ഉള്‍പ്പെടെ തീരുമാനിക്കുന്നത് ജാട്ട് സമുദായത്തില്‍ നിന്നാണ് എന്ന പ്രത്യേകതയുമുണ്ട്.
2019 ലെ കണക്കനുസരിച്ച്, ഹരിയാനയിലെ ജാതി തിരിച്ചുള്ള കണക്കുകള്‍ പ്രകാരം 25-27% ജാട്ട് വിഭാഗം, 21% പട്ടികജാതി, 8% പഞ്ചാബികള്‍, 7.5% ബ്രാഹ്‌മണര്‍, 5.1% അഹിര്‍ / യാദവ് , 5% വൈഷ്, 4% ജാട്ട് സിഖുകാര്‍, 3.8% മുസ്ലിങ്ങള്‍, 3.4% രജപുത്രര്‍, 3.4% ഗുജ്ജര്‍, 2.9% സൈനി, 2.7% കുംഹാര്‍, 1.1% റോര്‍ , 0.7% ബിഷ്‌ണോയികള്‍ എന്നിങ്ങനെയാണ്. സംസ്ഥാനത്തെ ആകെ ജനസംഖ്യയില്‍ ജാട്ട്, ദളിത്, ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരാണ് 50 ശതമാനത്തോളം വരുന്നത്. ജാട്ട് സമുദായം ഭൂരിപക്ഷമായതിനാല്‍ 2024 ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലും തെരഞ്ഞെടുപ്പ് പ്രചാരണം മുതല്‍ ജാട്ട് വിഭാഗത്തിന്റെ വോട്ട് ഉറപ്പിക്കാനാണ് കോണ്‍ഗ്രസ്, ബിജെപി, ആംആദ്മി, ജെജെപി-എഎസ്പി സഖ്യവും, ഐഎന്‍എല്‍ഡി-ബിഎസ്പി സഖ്യവും ശ്രമിച്ചത്.
1946 മുതല്‍ 1962 വരെ പഞ്ചാബില്‍ ഉള്‍പ്പെട്ട പ്രദേശമായിരുന്നു ഇന്നത്തെ ഹരിയാന. ഈ കാലയളവില്‍ കോണ്‍ഗ്രസ് ആയിരുന്നു സംസ്ഥാനം ഭരിച്ചിരുന്നത്. പിന്നീട് ഹരിയാന സംസ്ഥാനം രൂപീകരിച്ചതിന് പിന്നാലെ 1967 ല്‍ 48 സീറ്റുകളില്‍ വിജയിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. 12 സീറ്റുകളോടെ അഖില ഭാരത ജനസംഘ് ആയിരുന്നു രണ്ടാമത്. 1967 മുതല്‍ ഹരിയാന ഭരിച്ചിരുന്ന കോണ്‍ഗ്രസിന് 1977ലാണ് ആദ്യമായി ഭരണം നഷ്ടമാകുന്നത്. കോണ്‍ഗ്രസ് വിട്ട് ജനതാ പാര്‍ട്ടി (ജെപി) രൂപീകരിച്ച ചൗധരി ദേവി ലാലിന്റെ പാര്‍ട്ടിയാണ് 75 ഓളം സീറ്റുകളില്‍ വിജയിച്ച് 1977 ല്‍ ഭരണത്തില്‍ എത്തിയത്. ഇതായിരുന്ന ഹരിയാന തെരഞ്ഞെടുപ്പിലെ വഴിത്തിരിവ്. കോണ്‍ഗ്രസ് ആധിപത്യം പുലര്‍ത്തിയിരുന്ന സംസ്ഥാനത്ത് ആദ്യമായി ഭരണമാറ്റം വന്നു.
1960 കാലഘട്ടത്തില്‍ കോണ്‍ഗ്രസിലെ ജനനായകന്‍ എന്നറിയപ്പെടുന്ന കര്‍ഷകരെ പിന്തുണയ്ക്കുന്ന നേതാവായിരുന്നു ചൗധരി ദേവി ലാല്‍. ഹരിയാന ഒരു പ്രത്യേക സംസ്ഥാനമായി രൂപീകരിക്കണമെന്ന് ദേവി ലാല്‍ അന്ന് മുതല്‍ വാദിച്ചിരുന്നു. ഇതിനുപിന്നാലെ, 1966 ല്‍ ഹരിയാന സംസ്ഥാനം രൂപീകരിക്കപ്പെടുകയും ചെയ്തു. കോണ്‍ഗ്രസില്‍ അടിയുറച്ച നിന്നിരുന്ന ദേവി ലാല്‍ ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇതിനുപിന്നാലെ കോണ്‍ഗ്രസ് വിടുകയും ജനതാ പാര്‍ട്ടി രൂപീകരിക്കുകയും കോണ്‍ഗ്രസിനെ തോല്‍പിച്ച് ഹരിയാനയില്‍ ഭരണം പിടിക്കുകയും ചെയ്തു.
രണ്ട് പ്രാവശ്യം ഹരിയാന മുഖ്യമന്ത്രിയായിരുന്ന ദേവി ലാല്‍, വിപി സിങ്ങിന് ശേഷം വന്ന ചന്ദ്ര ശേഖര്‍ മന്ത്രിസഭയില്‍ ഉപ പ്രധാനമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ സോനെപട്ടില്‍ നിന്ന് ആദ്യമായി പാര്‍ലമെന്റ് അംഗമായിരുന്നു. ഇന്ത്യയുടെ 6 -ാ മത്തെ ഉപപ്രധാനമന്ത്രിയായിരുന്നു ദേവി ലാല്‍. 1977 ന് ശേഷം 1982 ല്‍ വന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ദേവി ലാലിന്റെ പാര്‍ട്ടി ജനത പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടമാകുകയും, ഭജന്‍ ലാലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണത്തില്‍ തിരിച്ചെത്തുകയും ചെയ്തു. ജനതാ പാര്‍ട്ടിയുടെ പ്രാധാന്യം ഇല്ലാാതായെയെന്ന് തിരിച്ചറിഞ്ഞ ദേവി ലാല്‍ 1982 ല്‍ ലോക്ദള്‍ രൂപീകരിച്ചു.
ഗതി മാറ്റിയ ബിജെപി സഖ്യം
1982 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം ചേര്‍ന്നാണ് ലോക്ദള്‍ മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാല്‍ ബിജെപി പിന്തുണച്ചിട്ടും ദേവിലാല്‍ മുഖ്യമന്ത്രി സ്ഥാനം നിരസിച്ചു. 1987 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 90 സീറ്റില്‍ 85 സീറ്റും നേടി ദേവിലാല്‍ അധികാരം പിടിച്ചു. 1989 ല്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ സിക്കറില്‍ നിന്നും ഹരിയാനയിലെ റോത്തക്കില്‍ നിന്നും മത്സരിച്ച ദേവിലാലിന് രണ്ട് മണ്ഡലത്തില്‍ നിന്നും ജയിക്കാന്‍ കഴിഞ്ഞു.
1989 ല്‍ ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം മകന്‍ ഓം പ്രകാശിന് കൈമാറി. സാംസ്ഥാന രാഷ്ട്രീയം വിട്ട് കേന്ദ്രത്തിലെ വിപി സിങ് മന്ത്രിസഭയിലെ ഉപ-പ്രധാനമന്ത്രിയായി ദേവി ലാല്‍ സ്ഥാനമേറ്റു. 1989 മുതല്‍ ഓം പ്രകാശായിരുന്നു ലോക്ദള്‍ നിയന്ത്രിച്ചിരുന്നത്. 1991ല്‍ ഇന്ത്യന്‍ ഗ്രാമങ്ങളെ കുറിച്ച് പഠിക്കാന്‍ ദേവി ലാല്‍ ഒരു വര്‍ഷം നീണ്ടു നിന്ന യാത്ര സംഘടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ പാര്‍ട്ടിയുടെ വിപുലീകരണത്തിന്റെ ഭാഗമായി ദേവി ലാല്‍ 1998 ല്‍ ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ എന്ന പാര്‍ട്ടി രൂപീകരിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍ മുഖ്യമന്ത്രിയും ഇന്ത്യയുടെ മുന്‍ പ്രതിരോധ മന്ത്രിയും ആധുനിക ഹരിയാനയുടെ ശില്പിയുമായിരുന്ന ബന്‍സി ലാല്‍ 1996 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി വേര്‍പിരിഞ്ഞതാണ് ഹരിയാന രാഷ്ട്രീയത്തിലെ സുപ്രധാന വഴിത്തിരിവായി മാറിയത്. കോണ്‍ഗ്രസ് വിട്ട ബന്‍സി ലാല്‍ ഹരിയാന വികാസ് പാര്‍ട്ടി രൂപീകരിച്ചു. 1996 ലെ നിമയസഭ തെരഞ്ഞെടുപ്പില്‍ 33 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഹരിയാന വികാസ് പാര്‍ട്ടി മാറി. 11 സീറ്റുള്ള ബിജെപിയുടെ പിന്തുണയോടെ ഹരിയാന വികാസ് പാര്‍ട്ടി നേതാവ് ബന്‍സി ലാലിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. എന്നാല്‍ 2004 ല്‍ ഹരിയാന വികാസ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ തിരിച്ചെത്തി.
2000 ത്തിലെ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ദേവി ലാലിന്റെ മകനും ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ നേതാവുമായിരുന്ന ഓം പ്രകാശിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ദേവി ലാലിന്റെ പിന്‍ഗാമിയായിട്ടാണ് ഓം പ്രകാശ് ഹരിയാന മുഖ്യമന്ത്രിയായി എത്തിയത്. 47 സീറ്റുകളോടെ കേവലഭൂരിപക്ഷം മറികടന്ന് ഒറ്റയ്ക്കാണ് ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ ഹരിയാനയില്‍ അധികാരത്തിലെത്തിയത്. ഇതിനുശേഷം 2019 വരെയുള്ള തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ ലോക് ദളിന് കേവലഭൂരിപക്ഷം മറികടക്കാന്‍ സാധിച്ചിട്ടില്ല എന്നത് പാര്‍ട്ടിയില്‍ കര്‍ഷകര്‍ക്ക് ഉള്‍പ്പെടെ വിശ്വാസം നഷ്ടമായത് മൂലമാണെന്നാണ് വിലയിരുത്തുന്നത്. 2005 ലും 2009 ലും കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോഴും, 2014 ല്‍ ബിജെപി ആദ്യമായി ഹരിയാനയില്‍ ഭരണം പിടിച്ചപ്പോഴും ഓം പ്രകാശിന്റെ ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ പ്രതിപക്ഷത്തായിരുന്നു. ഇതിനുശേഷം ഇതുവരെ ഭരണത്തിലെത്താനോ ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണ പിടിച്ചുപറ്റാനോ ഓം പ്രകാശിന്റെ പാര്‍ട്ടിക്ക് കഴിഞ്ഞില്ല.