മലയാള സിനിമയിലെ തമ്പുരാന്‍ ഫിലിം ചേമ്പര്‍ തന്നെ; സുരേഷ് കുമാറിനെ ചൊറിഞ്ഞ ആന്റണി പെരുമ്പാവൂരിന് ഇനി ആ സംഘടനയുടെ കാലു പിടിക്കേണ്ടത് അനിവാര്യത; ചേമ്പറിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ മാര്‍ച്ച് 25ന് ശേഷം സിനിമാ റിലീസില്ല; എമ്പുരാന് താളം തെറ്റുന്നു; മാര്‍ച്ച് 27ന് സിനിമാ സമരമോ?
കൊച്ചി: മലയാള സിനിമാ മേഖലയിലെ തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക്. നിര്‍മ്മാതാക്കളുടേയും സിനിമാ തിയേറ്ററുകളുടേയും സംഘടന തകര്‍ക്കാന്‍ നോക്കിയ താര സംഘടനയായ അമ്മയുടെ ശ്രമം പൊളിഞ്ഞിരുന്നു. ഇതിന് പിന്നാലെ ഫിലിം ചേമ്പര്‍ പുതിയ തീരുമാനങ്ങളിലേക്ക് എത്തുന്നത്. ആന്റണി പെരുമ്പാവൂരിനേയും മോഹന്‍ലാലിനേയും പൂട്ടാന്‍ പുതിയ നീക്കവുമായി ഫിലിം ചേംബര്‍ രംഗത്തു വരുന്നുവെന്നതാണ് വസ്തുത. മാര്‍ച്ച് 25-ന് ശേഷം റിലീസ് ചെയ്യുന്ന സിനിമകള്‍ ഫിലിം ചേംബറിന്റെ അനുമതി വാങ്ങിവേണം തിയേറ്ററുകളുമായി കരാര്‍ ഒപ്പിടാനെന്നാണ് നിര്‍ദേശം. അല്ലാത്ത പക്ഷം റിലീസ് നടക്കില്ല. അതായത് ചേമ്പറിനെ സമീപിക്കാതെ എമ്പുരാന്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം വരും. മാര്‍ച്ച് 27-ന് പുറത്തിറങ്ങുന്ന 'എമ്പുരാനെ' ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് സൂചന. ഫിലിം ചേംബറിന്റെ സൂചനാസമര തീയതി അടുത്തയാഴ്ച പ്രഖ്യാപിക്കും.
മാര്‍ച്ച് 25-ന് ശേഷം റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ കരാറുകള്‍ ഒപ്പിടുന്നത് ഫിലിം ചേംബറുമായി ബന്ധപ്പെട്ട് വേണമെന്നാണ് നിര്‍ദേശം. ഫിലിം ചേംബറിന്റെ നീക്കങ്ങള്‍ക്ക് ഫിയോക്കിന്റെ പൂര്‍ണപിന്തുണയുണ്ട്. തങ്ങളുടേത് ന്യായമായ ആവശ്യമാണെന്നും അതിനാല്‍ മറ്റുസംഘടനകളുടെ പിന്തുണയുണ്ടെന്നും ചേംബര്‍ അവകാശപ്പെടുന്നുണ്ട്. ഫെഫ്കയും ഇതിനൊപ്പമാണ്. എമ്പുരാന്‍ റിലീസിന് വേണ്ടി അപേക്ഷ നല്‍കിയാലും അംഗീകരിക്കും. എന്നാല്‍ ഇതിന് ആന്റണി പെരുമ്പാവൂര്‍ തയ്യാറാകുമോ എന്നതാണ് നിര്‍ണ്ണായകം. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാറിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതില്‍ ആന്റണി പെരുമ്പാവൂരിനോട് വിശദീകരണം ചോദിച്ചിരുന്നു. ഹേമാ കമ്മറ്റിയില്‍ താര സംഘടനയിലെ പ്രമുഖര്‍ക്ക് എതിരെ പരാമര്‍ശമുണ്ട്. ചില നടന്മാര്‍ക്കെതിരെ എഫ് ഐ ആറും വന്നു. ഈ സാഹചര്യത്തില്‍ താര സംഘടനയെ തള്ളി മുമ്പോട്ട് പോകാനാണ് ഫിലിം ചേമ്പറിന്റെ തീരുമാനം.
ആന്റണി പെരുമ്പാവൂരിന് അച്ചടക്ക ലംഘനത്തില്‍ ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. ഇ- മെയിലിലും രജിസ്റ്റേഡ് തപാലിലുമായാണ് വിശദീകരണം തേടിയത്. വിശദീകരണം നല്‍കിയില്ലെങ്കില്‍ തുടര്‍നടപടി പിന്നീട് തീരുമാനിക്കും. വിശദീകരണം നല്‍കിയില്ലെങ്കില്‍ ആന്റണി പെരുമ്പാവൂരിനെ സംഘടനയില്‍ നിന്നും പുറത്താക്കും. ജൂണ്‍ മാസംമുതല്‍ സിനിമാ നിര്‍മാണവും പ്രദര്‍ശനവും നിര്‍ത്തിവെച്ച് സമരം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. ഇതിന് മുന്നോടിയായാണ് സൂചനാസമരം. മാര്‍ച്ച് അഞ്ചിന് മുമ്പായി ഇതിന്റെ തീയതി പ്രഖ്യാപിക്കും. മാര്‍ച്ച് അവസാനത്തോടെയായിരിക്കും സൂചനാസമരം. എമ്പുരാന്‍ റിലീസ് തീയതിയ്ക്ക് മുമ്പ് സൂചനാ സമരം ഉണ്ടാകുമെന്നാണ് സൂചന. അതിനിടെ ആന്റണി പെരുമ്പാവൂര്‍ വഴങ്ങിയില്ലെങ്കില്‍ മാര്‍ച്ച് 27ന് സൂചനാ സമരം നടത്തി എമ്പുരാനെ പ്രതിസന്ധിയിലാക്കുമെന്നും സൂചനകളുണ്ട്.
ആന്റണി പെരുമ്പാവൂരുമായി ഇനിയൊരു സമവായ ചര്‍ച്ചയ്ക്കില്ലെന്ന് സുരേഷ് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആന്റണിയെ ചൊടിപ്പിച്ചത് കലക്ഷന്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നുള്ള തീരുമാനമാണെന്നും അത് ഇനിയും പുറത്തു വിടുമെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി. അതിനു പിന്നാലെയാണ് ഫിലിം ചേംബറിന്റെ കടുത്ത നീക്കം. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ്. മഞ്ജുവാര്യര്‍ അടക്കമുള്ള മുന്‍നിര താരങ്ങള്‍ അണി നിരക്കുന്ന ചിത്രം വലിയ ബജറ്റിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. മലയാളത്തിലെ നിലവിലെ റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ക്കാന്‍ കെല്‍പ്പുള്ള സിനിമയാണ് മോഹന്‍ലാല്‍ നായകനായി എത്തുന്ന എമ്പുരാന്‍ എന്ന് വിലയിരുത്തലുണ്ടായിരുന്നു.
സിനിമയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ഒരു വിഷ്വല്‍ ട്രീറ്റ് ആകും സിനിമയെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ഒരു ഇന്റര്‍നാഷണല്‍ പ്ലോട്ട്‌ലൈന്‍ ആണ് സിനിമയ്ക്കുള്ളതെന്നും ചിത്രത്തിലെ 30 - 35 ശതമാനം സംഭാഷണങ്ങളും ഹിന്ദിയിലാണെന്നും പൃഥ്വിരാജ് പറഞ്ഞു. സിനിമയുടെ ആദ്യത്തെ 25 മിനിറ്റ് കാണുമ്പോള്‍ ഒരു ഹിന്ദി സിനിമയാണോ നിങ്ങള്‍ കാണുന്നത് എന്നുവരെ തോന്നിയേക്കാം എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. എമ്പുരാന്റെ ഹിന്ദി പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. വിദേശ രാജ്യങ്ങളില്‍ ചിത്രീകരിച്ച ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പടെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കഴിയുന്ന എല്ലാം സിനിമയിലുണ്ടാകുമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തില്‍ കാണിച്ചു തരുമെന്നും വാര്‍ത്തകളുണ്ട്.