പാവങ്ങളെ പറഞ്ഞു പറ്റിച്ച് നിക്ഷേപം സ്വീകരിച്ചു; ആ പണമെല്ലാം വഴിമാറ്റി ചെലവിട്ട് ഡയറക്ടര്‍മാര്‍ ശതകോടീശ്വരന്മാരായി; ദി ഫോര്‍ത്ത് എന്ന ചാനല്‍ തുടങ്ങി രണ്ടു കൊല്ലം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലക്ഷങ്ങള്‍ ശമ്പളം നല്‍കിയതും കൊള്ള മുതലില്‍; ഒടുവില്‍ ഫാംഫെഡിന്റെ തട്ടിപ്പില്‍ പോലീസ് നടപടി; രാജേഷ് പിള്ളയും അഖിന്‍ ഫ്രാന്‍സിസും മുക്കിയത് 400 കോടിയോളം
തിരുവനന്തപുരം: സഹകരണ സൊസൈറ്റിയായ ഫാംഫെഡ്(സതേണ്‍ ഗ്രീന്‍ ഫാമിങ് ആന്‍ഡ് മാര്‍ക്കറ്റിങ് മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി) ചെയര്‍മാനെയും എംഡിയെയും സാമ്പത്തികത്തട്ടിപ്പിന് പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ദി ഫോര്‍ത്ത എന്ന ചാനല്‍ അടക്കം തുടങ്ങി കോടികള്‍ ഇവര്‍ വഴിമാറ്റിയിരുന്നു. അവസാനം ദി ഫോര്‍ത്ത് പൂട്ടുകയും ചെയ്തു. കോടിക്കണക്കിനു രൂപയുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയതിന് ഫാംഫെഡ് ചെയര്‍മാന്‍ രാജേഷ് പിള്ളയെയും എംഡി അഖിന്‍ ഫ്രാന്‍സിസിനെയുമാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്.
കേന്ദ്ര സഹകരണമന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത് വിവിധ സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന കാര്‍ഷിക സഹകരണ സൊസൈറ്റിയാണ് ഫാംഫെഡ്. കേരളത്തിലും ചെന്നൈയിലുമായി 16 ശാഖകള്‍ തുറന്നാണ് പൊതുജനങ്ങളില്‍നിന്നു നിക്ഷേപം സ്വീകരിച്ചത്. കേരളത്തിലെ ആദ്യ മള്‍ട്ടി സ്റ്റേറ്റ് കാര്‍ഷിക സൊസൈറ്റിയെന്നായിരുന്നു അവകാശവാദം. 12 ശതമാനം പലിശ വാഗ്ദാനംചെയ്ത് 390 കോടിയിലേറെ രൂപയാണ് സ്വരൂപിച്ചത്. എന്നാല്‍, രണ്ടുവര്‍ഷം പിന്നിട്ടിട്ടും പലിശയോ മുതലോ ലഭിക്കാതായതോടെ നിക്ഷേപകര്‍ പരാതിപ്പെടുകയായിരുന്നു. ഈ പണമെല്ലാം അവര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് വകമാറ്റി. റിയല്‍ എസ്റ്റേറ്റും മറ്റും നടത്തി. ഇതിനിടെയാണ് രണ്ടു വര്‍ഷത്തോളം ചാനലും നടത്തിയത്. മുന്‍നിര മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലക്ഷങ്ങളായിരുന്നു ശമ്പളം. ഇത്തരം കെടുകാര്യസ്ഥകള്‍ സ്ഥാപനത്തെ തകര്‍ത്തു.
പല ഘട്ടങ്ങളായി പണം മടക്കിനല്‍കാമെന്ന് അറിയിച്ച് ഒരുവര്‍ഷമായി കബളിപ്പിച്ചതോടെയാണ് പോലീസിനെ സമീപിച്ചത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷവും പോലീസ് മധ്യസ്ഥതയില്‍ ചര്‍ച്ച നടന്നു. രണ്ടുമാസത്തിനുള്ളില്‍ പരാതിക്കാരുടെ പണം നല്‍കുമെന്ന് പോലീസ് സാന്നിധ്യത്തില്‍ ഉറപ്പുനല്‍കിയതാണ്. ഈ കാലാവധി കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്നാണ് മ്യൂസിയം പോലീസ് ഇരുവരെയും അറസ്റ്റ്് ചെയ്തത്. കാര്‍ഷിക, ഭക്ഷ്യരംഗങ്ങളില്‍ സഹായങ്ങള്‍ നല്‍കുക, കുറഞ്ഞ നിരക്കില്‍ കര്‍ഷകര്‍ക്കു വായ്പകള്‍ നല്‍കുക എന്നിങ്ങനെയുള്ള ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ഫാംഫെഡ് സഹകരണനിയമങ്ങള്‍ ദുരുപയോഗംചെയ്തതായി പോലീസ് പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ പരാതികളിലാണ് ഇപ്പോള്‍ കേസെടുത്ത് അറസ്റ്റ് ചെയ്തത്.
ശാസ്തമംഗലത്താണ് ആസ്ഥാനം. എത്ര കോടിരൂപയുടെ തട്ടിപ്പാണ് എന്നത് കൂടുതല്‍ അന്വേഷണത്തിലേ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. നാല് ബോര്‍ഡ് അംഗങ്ങള്‍ക്കെതിരേയും മ്യൂസിയം പോലീസ് കേസെടുത്തിട്ടുണ്ട്. കവടിയാര്‍ സ്വദേശിയില്‍ നിന്ന് 24.5 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തെന്നാണ് കേസ്. സംസ്ഥാന വ്യാപകമായി സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കമ്പനിയുടെ പേരില്‍ 250 കോടിയിലേറെ രൂപ പലരില്‍ നിന്ന് നിക്ഷേപമായി സ്വീകരിച്ചെന്നാണ് പ്രാഥമിക നിഗമനം. അറസ്റ്റിലായവര്‍ക്ക് പുറമെ ഫാംഫെഡ് ബോര്‍ഡ് അംഗങ്ങളായ നാല് പേരേക്കൂടി പ്രതിചേര്‍ത്തിട്ടുണ്ട്. കമ്പനിയുടെ ബോര്‍ഡ് മെമ്പര്‍മാരായ ധന്യ, ഷൈനി, പ്രിന്‍സി ഫ്രാന്‍സിസ്, മഹാവിഷ്ണു എന്നിവരാണ് മറ്റ് പ്രതികള്‍.
തൃശൂരിലും പരിസരപ്രദേശങ്ങളിലുമായി ദേശീയപാത 66ന് ഭൂമി വിട്ടുനല്‍കി പണം കിട്ടിയവരില്‍ നിരവധി ആളുകളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നും ആരോപണങ്ങളുണ്ട്. ഇവരെല്ലാം വലിയ പ്രതിസന്ധിയിലാണ്. കേരളത്തിലെ ഒട്ടുമിക്ക വാര്‍ത്താ ചാനലുകളില്‍ നിന്ന് 300 ലധികം പേരെ വന്‍ ശമ്പളം വാഗ്ദാനംചെയ്ത് റിക്രൂട്ട് ചെയ്തിരുന്നു. ചാനലിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ലൈസന്‍സ് പോലും കിട്ടുന്നതിന് മുമ്പായിരുന്നു ഇതെല്ലാം നടത്തിയത്. ഓണ്‍ലൈന്‍ ചാനലായി കുറേനാള്‍ പ്രവര്‍ത്തിച്ച ശേഷം കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇത് ചാനല്‍ പൂട്ടിക്കെട്ടി. ചാനലിന്റെ പേരിലും കോടികളാണ് ചെലവഴിച്ചത്.
സൊസൈറ്റിയുടെ ഉത്പന്നങ്ങളുടെ പ്രചാരണാര്‍ത്ഥം താരങ്ങളെ ഉപയോഗിച്ച് പരസ്യങ്ങള്‍ ചെയ്തിരുന്നു. ഫാം ഫെഡിന് കേരളത്തിലും തമിഴ്‌നാട്ടിലുമായി 16 ശാഖകളുണ്ട്. എന്നാല്‍ കുറേ നാളുകളായി നിക്ഷേപം നടത്തിയവര്‍ക്ക് ലാഭ വിഹിതമോ പണമോ തിരികെ ലഭിച്ചിരുന്നില്ല. ശാസ്തമംഗലം ബ്രാഞ്ചില്‍ നിക്ഷേപിച്ച തുക കാലാവധികഴിഞ്ഞിട്ടും തിരിച്ചു കിട്ടാത്തതിനെ തുടര്‍ന്ന് കവടിയാര്‍ സ്വദേശി എമില്‍ഡയാണ് പൊലീസിനെ സമീപിച്ചത്. കവടിയാര്‍ സ്വദേശിനിയായ എമില്‍ഡ ശാസ്തമംഗലം ബ്രാഞ്ചില്‍ നിക്ഷേപിച്ച 2,45,000 രൂപയ്ക്ക് പലിശ ലഭിക്കാതാവുകയും കാലാവധി കഴിഞ്ഞിട്ടും മുതല്‍ തിരികെ നല്‍കാതിരിക്കുകയും ചെയ്തതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഫാംഫെഡിനെതിരെ നേരത്തെയും നിക്ഷേപകര്‍ പരാതി നല്‍കിയിരുന്നെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസെടുക്കുന്നത് വൈകിപ്പിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. ഒടുവില്‍, എമില്‍ഡ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയ ശേഷമാണ് മ്യൂസിയം പോലീസ് ഈ മാസം 16-ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
തൃശൂര്‍ ജില്ലയിലും പരിസരപ്രദേശങ്ങളിലും വന്‍തോതില്‍ നിക്ഷേപം സമാഹരിച്ചതായും വിവരമുണ്ട്. ഇവര്‍ക്കെല്ലാം നിലവില്‍ പണം നഷ്ടപ്പെട്ട അവസ്ഥയാണ്. പോലീസിലോ മാധ്യമങ്ങളിലോ വിവരം അറിയിച്ചാല്‍ പണം തിരികെ ലഭിക്കില്ലെന്ന് സൊസൈറ്റി അധികൃതര്‍ ഭീഷണിപ്പെടുത്തിയതിനാല്‍ പലരും പരാതി നല്‍കാന്‍ മടിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.