ബാലചന്ദ്ര മേനോനെ സമൂഹമധ്യത്തില്‍ വ്യക്തിഹത്യ നടത്താനും, ഭീഷണിപ്പെടുത്താനും മീനു മുനീര്‍ ശ്രമിച്ചു; രണ്ടാം പ്രതിയായ സംഗീത് ലൂയിസ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി; ഫേസ്ബുക്ക് റീലുകളില്‍ മോശക്കാരനായി ചിത്രീകരിക്കുന്ന അഭിമുഖങ്ങള്‍ നല്‍കി; മീനു മുനീറിന് എതിരായ എഫ്‌ഐആറില്‍ പറയുന്നത്
ബാലചന്ദ്ര മേനോനെ സമൂഹമധ്യത്തില്‍ വ്യക്തിഹത്യനടത്താനും, ഭീഷണിപ്പെടുത്താനും മിനു മുനീര്‍ ശ്രമിച്ചു
കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെ സമൂഹമധ്യത്തില്‍ വ്യക്തിഹത്യ നടത്താനും, ഭീഷണിപ്പെടുത്താനും നടി മീനു മുനീര്‍ ശ്രമിച്ചെന്ന് എഫ്‌ഐആറില്‍. കൊച്ചി ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസ് ഇന്നലെ മിനു മുനീറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. മിനു മുനീറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 13നും 14 നും രണ്ടാം പ്രതിയായ സംഗീത് ലൂയിസ് ബാലചന്ദ്രമേനോനെ മൊബൈലില്‍ വിളിച്ചുഭീഷണിപ്പെടുത്തി. അതിനൊപ്പം, ഒന്നാം പ്രതിയായ മീനു മുനീര്‍ ഫേസ്ബുക്ക് റീലുകള്‍ വഴി പരാതിക്കാരനായ ബാലചന്ദ്രമേനോനെതിരെ മനുഷ്യമനസുകളില്‍ അധമവികാരം ജനിപ്പിക്കുന്ന വിധത്തിലുള്ള അഭിമുഖങ്ങള്‍ തുടര്‍ച്ചയായി നല്‍കി. ബാലചന്ദ്രമേനോന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത് അശ്ലീല കമന്റുകള്‍ ഇടുന്നതിന് വഴിയൊരുക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ 351(2), ഐടി നിയമത്തിലെ 67, 67 എ, കേരള പൊലീസ് നിയമത്തിലെ 120(O) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള വെളിപ്പെടുത്തലുകളുടെ ഭാഗമായി നടനും എംഎല്‍എയുമായ മുകേഷ്, സിദ്ദീഖ്, ജയസൂര്യ, ഇടവേള ബാബു അടക്കമുള്ളവര്‍ക്കു നേരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത 'ദേ ഇങ്ങോട്ടു നോക്കിയേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ മേനോന്‍ ലൈംഗികാതിക്രമം നടത്തി എന്നതടക്കമുള്ള ആരോപണങ്ങളായിരുന്നു മുനു മുനീര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.
ഈ കേസില്‍ മുന്‍കൂര്‍ജാമ്യം തേടി ബാലചന്ദ്ര മേനോന്‍ സമീപിച്ചപ്പോള്‍ ആണുങ്ങള്‍ക്കും അന്തസുണ്ടെന്ന് ഹൈക്കോടതി പ്രതികരിക്കുകയും ആവശ്യം അംഗീകരിക്കുകയും ചെയ്തു. നടിയും അഭിഭാഷകനും ചേര്‍ന്ന് തന്നെയും ഭാര്യയെയും വിളിച്ച് പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പണം തട്ടാനുള്ള ശ്രമമാണെന്ന് തങ്ങള്‍ക്ക് മനസിലായിരുന്നു എന്നും അദ്ദേഹം ആരോപിച്ചിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കെതിരെ ബാലചന്ദ്ര മേനോനും പൊലീസിനെ സമീപിച്ചു. ഈ കേസിലാണ് ഇപ്പോള്‍ മിനു മുനീറിന്റെ അറസ്റ്റ് ഉണ്ടായിട്ടുള്ളത്.
ബാലചന്ദ്രമേനോനെതിരെ മിനു മുനീര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍ന്ന് നടി നല്‍കിയ ലൈംഗിക അതിക്രമ കേസിലെ നടപടികള്‍ കോടതി അവസാനിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി പരാതിക്കാരിയായ നടിക്ക് കോടതി നോട്ടീസ് നല്‍കി.
അതേസമയം സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അപകീര്‍ത്തി പരാതിയുമായി രംഗത്തുവന്ന നടിക്കെതിരെ ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ കേസും മുനീറിനെതിരെ ചുമത്തിയിരുന്നു. പരാതി ഉന്നയിച്ച് കേസ് നല്‍കിയ ശേഷം പണം വാഗ്ദാനം ചെയ്തതുള്‍പ്പെടെ ഒത്തുതീര്‍പ്പിനായി ചര്‍ച്ചകള്‍ക്കായി വ്യക്തികളില്‍ നിന്ന് ഒന്നിലധികം കോളുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും മിനു അവകാശപ്പെട്ടിരുന്നു.