കാറിടിച്ച് ഒന്‍പതുവയസ്സുകാരി ആറുമാസമായി കോമയില്‍; വിഷയത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി: സര്‍ക്കാരിന്റെ വിശദീകരണം തേടി: കേസ് ഇന്ന് പരിഗണിക്കും

കാറിടിച്ച് ഒന്‍പതുവയസ്സുകാരി ആറുമാസമായി കോമയില്‍; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

Update: 2024-09-13 00:45 GMT

കൊച്ചി: അജ്ഞാത വാഹനമിടിച്ച് ആറുമാസമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോമയില്‍ കഴിയുന്ന ഒന്‍പതുവയസ്സുകാരി ദൃഷാനയ്ക്കു സഹായമേകാന്‍ ഹൈക്കോടതിയുടെ ഇടപെടല്‍. വിഷയത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി സര്‍ക്കാരിന്റെ ഉള്‍പ്പെടെ വിശദീകരണം തേടി. ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി.അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് കേസ് ഇന്ന് പരിഗണിക്കും.

കണ്ണൂര്‍ മേലെചൊവ്വ വടക്കന്‍കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകളാണ് ദൃഷാന. വടകര ചോറോട് ദേശീയപാതയിലുണ്ടായ അപകടത്തിലാണ് ദൃഷാനയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഫെബ്രുവരി 17 ന് രാത്രി പത്ത് മണിക്കാണ് അപകടം. വടകര ചോറാട് അമൃതാനന്ദമയി മഠം ബസ് സ്റ്റോപ്പിനു സമീപം റോഡ് കുറുകെ കടക്കുന്നതിനിടെ ദൃഷാനയെയും മുത്തശ്ശി ബേബിയെയും തലശ്ശേരി ഭാഗത്തേക്കു പോയ കാര്‍ ഇടിക്കുകയായിരുന്നു. ബേബി അപകടസ്ഥലത്തു മരിച്ചു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ദൃഷാനയുടെ തലയ്ക്കു ഗുരുതര പരുക്കേറ്റു ബോധം നഷ്ടപ്പെട്ടു. .

കോമയില്‍ കഴിയുന്ന ദൃഷാനയുടെ ചികിത്സയ്ക്കായി വലിയ തുകയാണു നിര്‍ധന കുടുംബത്തിന് ചെലവായത്. ബാലികയുടെ ദുരവസ്ഥ മാധ്യമ വാര്‍ത്തകളിലൂടെ അറിഞ്ഞ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിഷയത്തില്‍ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആക്ടിങ് ചീഫ് ജസ്റ്റിസിനു കത്തെഴുതി. കോഴിക്കോട് ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റി, വിക്ടിം റൈറ്റ്‌സ് സെന്റര്‍ എന്നിവയുടെ റിപ്പോര്‍ട്ടും തേടിയിരുന്നു.

അപകടത്തിന് ഇടയാക്കിയ വാഹനം ഇതുവരെ കണ്ടെത്താനായിട്ടില്ല. യാതൊരു വിധ സഹായവും ഈ കുടുംബത്തിന് ഇതുവരെ ലഭിച്ചിട്ടുമില്ല. ഇതെല്ലാം കണക്കിലെടുത്താണ് കോടതി വിഷയത്തില്‍ സ്വമേധയ ഇടപെട്ടത്. ഇന്‍ഷുറന്‍സ് തുക കിട്ടണമെങ്കില്‍ അപകടം വരുത്തിയ വാഹനം കണ്ടെത്തണം. ഇടിച്ച വാഹനം കണ്ടെത്താത്ത പൊലീസിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

Tags:    

Similar News