പേരു വയ്ക്കാതെ പോസ്റ്റിട്ട് തുടക്കം; ആ കുരുക്കില്‍ കമന്റിട്ടവര്‍ വീണു; ഫാന്‍സിനെതിരെ ജാമ്യമില്ലാ കേസ് വന്നതോടെ മുതലാളിയ്‌ക്കെതിരെ പരാതിയും; മുന്‍കൂര്‍ ജാമ്യം തേടാനും ഒളിവില്‍ പോകാനുമുള്ള സാധ്യത അടച്ച പോലീസ് ബുദ്ധി; ഹണി റോസിനൊപ്പം ജനകീയ പോലീസ്; ബോബി ചെമ്മണ്ണൂരിന്റെ കണക്കുകൂട്ടലുകള്‍ അടപടലം തെറ്റുമ്പോള്‍

Update: 2025-01-08 08:37 GMT

കൊച്ചി : മുന്‍കൂര്‍ജാമ്യം തേടാനും പ്രതി ഒളിവില്‍ പോകാനുമുള്ള സാധ്യത അടച്ചുകൊണ്ടായിരുന്നു ഹണി റോസിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ രഹസ്യ നീക്കങ്ങള്‍. സര്‍ക്കാരില്‍ നിന്നും ഉറപ്പ് ലഭിച്ച ശേഷമാണ് അഭിഭാഷകരുമായി ചര്‍ച്ച ചെയ്ത ശേഷം വിശദമായ പരാതി ഹണി റോസ് നല്‍കിയത്. ആദ്യ മുതല്‍ തന്നെ വ്യക്തമായ പദ്ധതി ഈ കേസിലുണ്ടായിരുന്നു. പുതുവല്‍സരത്തിന് തൊട്ടു മുമ്പ് യുട്യൂബ് ചാനലില്‍ ബോബി ചെമ്മണ്ണൂര്‍ നടത്തിയ പരാമര്‍ശം ഹണി റോസിനെ വേദനിപ്പിച്ചു. ഈ സാഹചര്യത്തിലാണ് പേരു പറയാതെ ആദ്യ പോസ്റ്റിട്ടത്. അതിന് താഴെ കമന്റുകള്‍ വന്നു. ഇതിനെതിരെ പരാതി കൊടുത്തു. പോലീസ് ഈ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്തതോടെ ഹണി റോസിന് പ്രതീക്ഷയായി. ഇതിന് ശേഷമാണ് പോലീസ് ഉന്നതരുമായി സംസാരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതോടെ ഹണി റോസിന് നീതി ഉറപ്പായി.

മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കും മുമ്പ് തന്നെ അറസ്റ്റിന് തീരുമാനമായി. ബോബിയെ നിരീക്ഷിച്ചു. ഇതിനിടെ ബംഗ്ലൂരുവിലേക്ക് ബോബി കടക്കുമെ്‌ന സൂചന പോലീസിന് കിട്ടി. സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ചിലര്‍ ബോബിയെ നിരീക്ഷിച്ചിരുന്നു. ഇത് മനസ്സിലാക്കിയാണ് ഇന്നലെ രാത്രി തന്നെ പോലീസ് വയനാട്ടില്‍ എത്തിയത്. തുടക്കത്തില്‍ ബോബി ചെമ്മണൂരിന്റെ പേര് പറയാതെ തന്നെ 'ഒരു വ്യവസായി' എന്ന് സൂചിപ്പിച്ചുകൊണ്ട് താന്‍ നേരിടുന്ന ലൈംഗികാധിക്ഷേപങ്ങളെക്കുറിച്ച് ഹണി റോസ് സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. എന്നാല്‍ ഇതിനു താഴെ വലിയ തോതിലുള്ള സൈബര്‍ ആക്രമണമാണ് ഹണി റോസിന് നേരിടേണ്ടി വന്നത്. ഈ വ്യവസായി ബോബി ചെമ്മണൂരാണെന്ന തരത്തിലും ചിലര്‍ കമന്റുകളിട്ടിരുന്നു. അധിക്ഷേപം തുടര്‍ന്നു. ഇതാണ് പോലീസ് കേസിലേക്ക് കാര്യങ്ങളെത്തിച്ചത്. താര സംഘടനയായ അമ്മയും ഹണി റോസിന് പിന്തുണ നല്‍കി. മോഹന്‍ലാലും മമ്മൂട്ടിയും എല്ലാം മുമ്പോട്ട് പോകാന്‍ പച്ചക്കൊടി കാട്ടി. അങ്ങനെയാണ് കേരളത്തിലെ പ്രധാനപ്പെട്ട സ്വര്‍ണ്ണക്കട മുതലാളിക്കെതിരെ ഹണി റോസ് നിയമ പോരാട്ടം തുടങ്ങുന്നത്.

കമന്റിലെ അധിക്ഷാപത്തിനെതിരെ ഹണി റോസ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു ആദ്യം ചെയ്തത്. പൊലീസ് 30 പേര്‍ക്കെതിരെ കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. താരസംഘടനയായ അമ്മയും പരസ്യ പിന്തുണ നല്‍കി. സമൂഹമാധ്യമത്തിലൂടെ തനിക്കെതിരെ അധിക്ഷേപം തുടരുമ്പോള്‍ 'മുന്നറിയിപ്പ്' നല്‍കിയിട്ടും ബോബി ചെമ്മണൂര്‍ നിലപാടില്‍ മാറ്റം വരുത്തിയില്ലെന്ന് വന്നതോടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ഹണി റോസ് കൂടിക്കാഴ്ച നടത്തിയത്. ഇതിനൊപ്പം മുഖ്യമന്ത്രിയും ഡിജിപിയുമായും സംസാരിക്കാന്‍ സമയം തേടി. ഉന്നത പൊലീസ് സംഘം ഹണി റോസിന് ആവശ്യമായ ഉറപ്പുകള്‍ നല്‍കി. മുഖ്യമന്ത്രിയുമായി സംസാരിക്കാനും കഴിഞ്ഞു. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയതെന്നതിനാല്‍ ബോബി ചെമ്മണൂര്‍ മുന്‍കൂര്‍ ജാമ്യം തേടാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമായിരുന്നു. മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടാല്‍ ഒളിവില്‍ പോകാനും നീക്കം നടത്തി. സുപ്രീംകോടതി വരെ കേസെത്തിക്കാനായിരുന്നു പദ്ധതി. ഇതാണ് കൊച്ചി പോലീസ് പൊളിച്ചത്.

വയനാട്ടിലെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ബോബി ചെമ്മണ്ണൂരിന്റെ നീക്കങ്ങള്‍ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. പരാതി നല്‍കിയതിന് പിന്നാലെ വയനാട്ടിലേക്കുള്ള റിസോര്‍ട്ടിലേക്ക് ബോബി ചെമ്മണ്ണൂര്‍ മാറിയെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കൊച്ചി പൊലീസ് വയനാട് പൊലീസിന് വിവരം കൈമാറുകയായിരുന്നു. കൊച്ചിയില്‍ നിന്നെത്തിയ പൊലീസ് സംഘവും എത്തിയാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ഹണി റോസിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത സൈബര്‍ അധിക്ഷേപ കേസില്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് കൊച്ചി പൊലീസ് വിവരങ്ങള്‍ തേടി. ഈ പരാതിയില്‍ മൊഴി നല്‍കിയ ഹണി റോസ് ഇന്‍സ്റ്റാഗ്രാമിലടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് സഹിതം പൊലീസിന് കൈമാറി. അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചു.

'ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരെയുള്ള പരാതികള്‍ പുറകെ ഉണ്ടാവും. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു' എന്നാണ് ഹണി റോസ് ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റില്‍ പറയുന്നത്. സ്വര്‍ണ്ണവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടയില്‍ ഉടമ നടത്തിയ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ക്കും കമന്റുകള്‍ക്കുമെതിരെ നടി നേരത്തെ പരസ്യമായ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഇതിന് താഴെ രൂക്ഷമായ സൈബര്‍ അധിക്ഷേപം നടന്നു.

പിന്നാലെ നടി പൊലീസിനെ സമീപിക്കുകയും അശ്ലീല കമന്റിട്ടവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ ആദ്യം നല്‍കിയ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരെ നടി പരാതിപ്പെട്ടിരുന്നില്ല. പിന്നീടാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ നേരിട്ടെത്തി താരം പരാതി നല്‍കുകയും ഇക്കാര്യം ഇന്‍സ്റ്റഗ്രാമില്‍ ബോബി ചെമ്മണ്ണൂരിനുള്ള പരസ്യമായ കത്തിലൂടെ വെളിപ്പെടുത്തുകയും ചെയ്തത്.

Tags:    

Similar News