സാമുദായിക ഐക്യ നീക്കത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറിയതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലും? തുഷാര്‍ വെള്ളാപ്പള്ളി ദൂതനായുള്ള നീക്കത്തിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ സുകുമാരന്‍ നായരെ ആശങ്ക അറിയിച്ചു; എന്‍എസ്എസിന്റെ പിന്‍മാറ്റത്തില്‍ ഞെട്ടിയ വെള്ളാപ്പള്ളി പ്രതികരണം പിന്നീടാക്കി; മാധ്യമങ്ങളോട് മിണ്ടാതെ തുഷാറും

സാമുദായിക ഐക്യ നീക്കത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറിയതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലും?

Update: 2026-01-26 11:00 GMT

തിരുവനന്തപുരം: സാമുദായിക ഐക്യത്തിന്റെ വഴിയില്‍ നിന്നും എന്‍എസ്എസ് പിന്‍മാറിയതിന്റെ ഞെട്ടലിലാണ് എസ്എന്‍ഡിപിയും വെള്ളാപ്പള്ളി നടേശനും. ഇന്ന് സുകുമാരന്‍ നായര്‍ കൈക്കൊണ്ട തീരുമാനം വെള്ളാപ്പള്ളി പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇന്ന് വാര്‍ത്തകള്‍ എത്തിയപ്പോള്‍ അതിനോട് എങ്ങനെ പ്രതികരിക്കണം എന്നതിലും ധാരണ ഉണ്ടായില്ല.

എന്‍എസ്എസിന്റെ പിന്മാറ്റ തീരുമാനം വന്ന് മണിക്കൂറുകള്‍ പിന്നിടുമ്പോഴും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ഇനിയും പ്രതികരിച്ചിട്ടില്ല. മാധ്യമങ്ങളുടെ ചോദ്യത്തോട് ഇക്കാര്യത്തില്‍ ഒന്നും മിണ്ടാതെയാണ് ഇരുവരും കടന്നുപോയത്. എന്‍ എസ് എസ് നിലപാടിനോട് തല്‍ക്കാലം പ്രതികരിക്കാന്‍ ഇല്ലെന്നാണ് വെള്ളാപ്പള്ളിയും തുഷാറും വ്യക്തമാക്കിയത്. തുഷാര്‍ എത്തിയതിന് ശേഷം ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുമെന്നും അതിനുശേഷം മാത്രമായിരിക്കും പ്രതികരണം എന്നുമാണ് വെള്ളാപ്പള്ളി അറിയിച്ചിട്ടുള്ളത്. അതുവരെ ഇക്കാര്യത്തില്‍ മറ്റു പ്രതികരണങ്ങള്‍ ഉണ്ടാവില്ലെന്നാണ് വെള്ളാപ്പള്ളിയുടെ നിലപാട്. എന്‍ എസ് എസിന്റെ പിന്മാറ്റത്തില്‍ പ്രതികരണം പിന്നീടെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത്.

അതേസമയം സാമുദായിക ഐക്യ നീക്കത്തില്‍ നിന്നുള്ള എന്‍ എസ് എസിന്റെ പെട്ടെന്നുള്ള പിന്മാറ്റത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലും നിര്‍ണായകമായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐക്യശ്രമങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയ താല്പര്യങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ എന്‍ എസ് എസിന് മുന്നറിയിപ്പ് നല്‍കി. ഇതിനൊപ്പം തന്നെ ഡയറക്ടര്‍ ബോര്‍ഡിലുള്ള ഐക്യ നീക്കത്തെ എതിര്‍ക്കുന്ന ഒരു വിഭാഗം നേതാക്കളുമായി കോണ്‍ഗ്രസിലെ ഉന്നതര്‍ ചര്‍ച്ച നടത്തിയെന്നും സൂചനയുണ്ട്.

തുഷാര്‍ വെള്ളാപ്പള്ളി ദൂതനായുള്ള നീക്കം എന്‍ ഡി എക്കും ബി ജെ പിക്കും രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന ആശങ്കയടക്കം കോണ്‍ഗ്രസ് പങ്കുവെച്ചതായാണ് വ്യക്തമാകുന്നത്. ഇത് കൂടി പരിഗണിച്ചാണ് സാമുദായിക ഐക്യ നീക്കത്തില്‍ നിന്നും അതിവേഗത്തില്‍ പിന്മാറാന്‍ എന്‍ എസ് എസ് തയ്യാറായതെന്നാണ് സൂചന.

പതിനാറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് എസ് എന്‍ ഡി പി - എന്‍ എസ് എസ് സംഘടനകള്‍ സാമുദായിക ഐക്യത്തിന്റെ കാഹളം മുഴക്കിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ രൂക്ഷ വിമര്‍ശനങ്ങളുയര്‍ത്തുന്നതിനിടെയായിരുന്നു എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും കൈകോര്‍ക്കാന്‍ തീരുമാനിച്ചത്. സാമുദായി ഐക്യം കാലഘട്ടത്തിന്റെ ആവശ്യം എന്നായിരുന്നു ഇരുവരുടെയും പക്ഷം. ജനുവരി 18 ന് കേരളമാകെ ആ ഐക്യകാഹളവും കേട്ടു. സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും ഒരേ സ്വരത്തില്‍ സാമുദായിക ഐക്യത്തിന് ആഹ്വാനം ചെയ്തു.

ഇതോടെ 16 വര്‍ഷത്തിന് ശേഷം എന്‍ എസ് എസും എസ് എന്‍ ഡി പിയും കൈകോര്‍ക്കും എന്നും ഏവരും ഉറപ്പിച്ചു. എന്നാല്‍ കേവലം എട്ട് ദിവസം പിന്നിടുമ്പോള്‍ ഐക്യനീക്കം തകര്‍ന്നടിഞ്ഞതിനാണ് കേരളം സാക്ഷ്യം വഹിച്ചിരിക്കുന്നത്. സാമുദായിക ഐക്യനീക്കം തകരാന്‍ ഒരേ ഒരു കാരണമെന്നാണ് എന്‍ എസ് എസും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും പറയുന്നത്. ഐക്യത്തിന്റെ ദൂതനായി വെള്ളാപ്പള്ളി മകന്‍ തുഷാറിനെ നിയോഗിച്ചതിലെ രാഷ്ട്രീയ ലക്ഷ്യം തിരിച്ചറിഞ്ഞാണ് എന്‍ എസ് എസ് പിന്മാറുന്നതെന്ന് ജനറല്‍ സെക്രട്ടറി തുറന്നടിച്ചു.

ഐക്യ ദൂതുമായി പെരുന്നയില്‍ തുഷാര്‍ എത്തിയാല്‍ മകനെ പോലെ സ്വീകരിക്കുമെന്ന് ആദ്യം പറഞ്ഞ സുകുമാരന്‍ നായര്‍ തന്നെ ഐക്യനീക്കം ഉപേക്ഷിക്കാന്‍ നേരിട്ട് പ്രമേയം അവതരിപ്പിച്ചതും അതുകൊണ്ടാണ്. ബി ജെ പി മുന്നണിയായ എന്‍ ഡി എയുടെ പ്രമുഖ നേതാവായ തുഷാര്‍, തെരഞ്ഞെടുപ്പ് കാലത്ത് സാമുദായിക ഐക്യദൂതുമായി എത്തുന്നതിന് പിന്നിലെ രാഷ്ട്രീയം വ്യക്തമാണെന്ന് പറഞ്ഞുകൊണ്ടാണ് സുകുമാരന്‍ നായര്‍ പിന്മാറ്റം പ്രഖ്യാപിച്ചത്. രാഷ്ട്രീയമായ ചായ്വുകള്‍ സംഘടനയുടെ സ്വതന്ത്ര നിലപാടിനെ ബാധിക്കുമെന്നും സമദൂരമെന്ന ആശയത്തിന് വെല്ലുവിളിയാണെന്നും എന്‍ എസ് എസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

പതിനാറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് എസ്എന്‍ഡിപി - എന്‍എസ്എസ് സംഘടനകള്‍ സാമുദായിക ഐക്യത്തിന്റെ കാഹളം മുഴക്കിയത്. ഈ ഐക്യനീക്കത്തിന് 9 ദിവസത്തില്‍ ഐക്യ നീക്കത്തിന് അന്ത്യം സംഭവിച്ചതിനാണ് കേരളം സാക്ഷ്യം വഹിച്ചിരിക്കുന്നത്.

Tags:    

Similar News