ഇന്ത്യയില്‍ എല്ലാ വര്‍ഷവും പാമ്പ് കടിയേറ്റ് മരിക്കുന്നത് 46,000 മുതല്‍ 60,000 വരെ ആളുകള്‍; ഇത് ലോക രാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന നിരക്ക്; ഇന്ത്യയിലെ ഏറ്റവും മാരകമായ പാമ്പുകള്‍ കൂടുതല്‍ അപകടകാരികളാകുന്നതായി പുതിയ പഠനം; കാരണം കാലാവസ്ഥാ വ്യതിയാനം മൂലം അവയുടെ ആവാസ വ്യവസ്ഥകളില്‍ ഉണ്ടാകുന്ന മാറ്റം
ഇന്ത്യയിലെ ഏറ്റവും മാരകമായ പാമ്പുകള്‍ കൂടുതല്‍ അപകടകാരികളാകുന്നതായി പുതിയ പഠനം വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം പാമ്പുകളുടെ ശ്രേണിയില്‍ ഉണ്ടായ മാറ്റങ്ങള്‍ കാരണം ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പാമ്പുകടിയേല്‍ക്കാന്‍ വഴി വെയ്ക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇന്ത്യയില്‍ എല്ലാ വര്‍ഷവും 46,000 മുതല്‍ 60,000 വരെ ആളുകള്‍ പാമ്പുകടിയേറ്റു മരിക്കുന്നു എന്നാണ് കണക്ക്. ലോകത്തിലെ ഏതൊരു രാജ്യത്തേക്കാളും ഉയര്‍ന്ന പാമ്പുകടിയേറ്റവരുടെ മരണനിരക്കാണിത്. കാലാവസ്ഥാ വ്യതിയാനം അവയുടെ ആവാസ വ്യവസ്ഥകളില്‍ മാറ്റം വരുത്തുന്നതിനാല്‍ പുതിയ പ്രദേശങ്ങള്‍ വന്‍ വിഷമുള്ള പാമ്പുകള്‍ക്ക് വിധേയമാകാന്‍ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്.
പാമ്പുകളുടെ ആവാസ വ്യവസ്ഥയിലെ മാറ്റം പുതിയ വെല്ലുവിളികള്‍ സൃഷ്ടിച്ചേക്കാമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രത്യേകിച്ച് ആരോഗ്യ സംരക്ഷണ സൗകര്യം പരിമിതമായ ഗ്രാമപ്രദേശങ്ങളില്‍. നെഗ്ലക്റ്റഡ് ട്രോപ്പിക്കല്‍ ഡിസീസസില്‍ പ്രസിദ്ധീകരിച്ചതാണ് ഈ ഗവേഷണ റിപ്പോര്‍ട്ട്. ദിബ്രു-സൈഖോവ കണ്‍സര്‍വേഷന്‍ സൊസൈറ്റിയിലെ ഇമോണ്‍ അബെദിന്റെ നേതൃത്വത്തില്‍, ഇന്ത്യയിലെ ഏറ്റവും ഗുരുതരമായ കടിയേല്‍പ്പിക്കുന്ന വലിയ നാല് പാമ്പുകളെ കേന്ദ്രീകരിച്ചായിരുന്നു പഠനം നടത്തിയത്. അടുത്ത 50 വര്‍ഷത്തിനുള്ളില്‍ അവയുടെ ആവാസവ്യവസ്ഥ എങ്ങനെ മാറുമെന്ന് സംഘം പരിശോധിച്ചിരുന്നു. ആരോഗ്യ, സാമ്പത്തിക ഡാറ്റകള്‍ക്കൊപ്പം കാലാവസ്ഥാ സാഹചര്യങ്ങളും മാപ്പ് ചെയ്തുകൊണ്ട്, ഏറ്റവും അപകടസാധ്യതയുള്ള പ്രദേശങ്ങള്‍ നിര്‍ണയിക്കുന്നതിനായി സംഘം ഒരു സ്നേക്ക്ബൈറ്റ് റിസ്‌ക് ഇന്‍ഡക്സ് വികസിപ്പിച്ചെടുത്തു.
കോമണ്‍ ക്രെയ്റ്റ് അഥവാ ബംഗാറസ് കെറൂലിയസ്, റസ്സല്‍സ് വൈപ്പര്‍, ഇന്ത്യന്‍ കോബ്ര, എച്ചിസ് കരിനാറ്റസ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന പാമ്പുകള്‍ ഇന്ത്യയുടെ വടക്കന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയും കൂടുതല്‍ സമൂഹങ്ങളെ അപകടത്തിലാക്കുകയും ചെയ്യുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പാമ്പുകടിയേറ്റ പ്രദേശങ്ങളിലെ അപകടസാധ്യത കുറയ്ക്കുന്നതിന്, മെച്ചപ്പെട്ട മെഡിക്കല്‍ അടിസ്ഥാന സൗകര്യങ്ങള്‍, വിഷവിരുദ്ധ ഗവേഷണം, വിഷവിരുദ്ധ മരുന്നുകളുടെ ലഭ്യത എന്നിവ ഗ്രാമീണ ജില്ലകളില്‍ ആവശ്യമാണെന്ന് പഠനം എടുത്തുകാണിക്കുന്നു.
കാരണം ഈ മേഖലകളില്‍ പാമ്പുകടിയേല്‍ക്കുന്നത് ഏറ്റവും സാധാരണമായ സംഭവമാണ്. എന്നാല്‍ എല്ലാ പാമ്പുകളും മാരകവും അപകടകരവുമാണെന്ന് ഇതിനര്‍ത്ഥമില്ല. ഏകദേശം 3,900 ഇനങ്ങളില്‍ 725 എണ്ണം മാത്രമേ വിഷമുള്ളതായിട്ടുള്ളൂ. ഇതില്‍ തന്നെ 250 എണ്ണത്തിന് മാത്രമേ ഒരു കടിയാല്‍ മനുഷ്യനെ കൊല്ലാന്‍ കഴിയൂ.