ഇനിയൊരു സിനിമ തന്നെ കൊണ്ട് ചെയ്യിക്കില്ലെന്ന് ഭീഷണിപ്പെടുത്തി; ചലച്ചിത്ര മേള നടക്കവേ വക്കീല്‍ നോട്ടീസ്; ഷാജി എന്‍ കരുണിന് അസഹിഷ്ണുതയെന്ന് സംവിധായക ഇന്ദുലക്ഷ്മി; എത്ര പോസ്റ്റുകള്‍ വേണമെങ്കിലും അവര്‍ ഇട്ടോട്ടെയെന്നും സത്യം അറിയാനാണ് താന്‍ കോടതിയില്‍ പോയതെന്നും ഷാജി എന്‍ കരുണ്‍
ഷാജി എന്‍ കരുണ്‍-ഇന്ദുലക്ഷ്മി പോര് കടുക്കുന്നു
തിരുവനന്തപുരം: ഷാജി എന്‍ കരുണും പുതുമുഖ സംവിധായക ഇന്ദു ലക്ഷ്മിയും തമ്മിലുള്ള പോര് വീണ്ടും രൂക്ഷമായി. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ പശ്ചാത്തലത്തിലാണ് ഇന്ദുലക്ഷ്്മി ഷാജി എന്‍ കരുണ്‍ തന്നെ ഭീഷണിപ്പെടുത്തിയതായി ആരോപിച്ചത്. തന്നോടും തന്റെ സിനിമയായ നിള എന്ന ചിത്രത്തിനോടും കെ എസ് എഫ് ഡി സി ചെയര്‍മാന്‍ എന്ന നിലയില്‍ ഷാജി എന്‍ കരുണ്‍ അവഗണന കാട്ടിയെന്നാണ് ഇന്ദുവിന്റെ ആരോപണം.
ഷാജി എന്‍. കരുണ്‍ തന്നെ മനപൂര്‍വ്വം ടാര്‍ഗറ്റ് ചെയ്യുകയാണെന്ന് സംവിധായിക ഇന്ദു ലക്ഷ്മി പറഞ്ഞു. ഇനിയൊരു സിനിമ തന്നെ കൊണ്ട് ചെയ്യിക്കില്ലെന്നാണ് ഷാജി എന്‍. കരുണ്‍ പറഞ്ഞത്. പലഭാഗത്ത് നിന്നും ഭീഷണിപ്പെടുത്തല്‍ ഉണ്ടായി. ഷാജി എന്‍ കരുണിന് അസഹിഷ്ണുതയാണെന്നും ഇന്ദു ലക്ഷ്മി പറഞ്ഞു.
സിനിമാനയ രൂപീകരണ സമിതിയുടെ തലപ്പത്തേക്കുള്ള ഷാജി എന്‍ കരുണിന്റെ നിയമനത്തിനെതിരായ ഇന്ദു ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കെഎസ്എഫ്ഡിസി നോട്ടീസ് അയച്ചിരുന്നു. എത്ര പോസ്റ്റുകള്‍ വേണമെങ്കിലും അവര്‍ ഇട്ടോട്ടെയെന്നും സത്യം അറിയാനാണ് താന്‍ കോടതിയില്‍ പോയതെന്നും ഷാജി എന്‍ കരുണ്‍ പ്രതികരിച്ചു.
ഒരു കോടി രൂപ മുടക്കി നിര്‍മ്മിച്ച സിനിമയാണ് ഇന്ദുലക്ഷ്മിയുടെ നിള. പണം ചെലവാക്കിയ സ്ഥാപനത്തെ കളങ്കപ്പെടുത്താന്‍ അനുവദിക്കില്ല. വ്യക്തിയല്ല, സ്ഥാപനമാണ് വലുതെന്നും ഷാജി എന്‍ കരുണ്‍ പറഞ്ഞു. കെ.എസ്.എഫ്.ഡി.സിയുടെ വനിതാ സംവിധായകര്‍ക്കുള്ള സിനിമാ പദ്ധതിയില്‍ പൂര്‍ത്തിയാക്കിയ 'നിള' എന്ന ചിത്രത്തിന്റെ സംവിധായികയാണ് ഇന്ദു ലക്ഷ്മി. ചിത്രാഞ്ജലി സ്റ്റുഡിയോയുമായി ബന്ധപ്പെട്ട് ഷാജി എന്‍ കരുണ്‍ അടക്കമുള്ളവരുടെ കെടുകാര്യസ്ഥത ചൂണ്ടിക്കാണിച്ച് ഇന്ദു സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ചലച്ചിത്രോത്സവം നടക്കുന്ന സമയത്തെ നിയമനടപടി ബോധപൂര്‍വ്വമാണ്. കെഎസ്എഫ്ഡിസി എന്ന സ്ഥാപനത്തോടല്ല എതിര്‍പ്പ്. ഷാജി എന്‍.കരുണിനോടുള്ള എതിര്‍പ്പ് ആണ് പ്രകടിപ്പിച്ചത്. സത്യം തുറന്ന് പറയുന്നവരെ ഷാജി എന്‍ കരുണ്‍ ഉന്നം വയ്ക്കുന്നു. വനിത സംവിധായകര്‍ക്കുള്ള പദ്ധതിയില്‍ സിനിമ എടുത്തവര്‍ക്ക് സ്വന്തം കയ്യില്‍ നിന്ന് പണമെടുക്കേണ്ടി വന്നിട്ടുണ്ട്. പുതുതായി വരുന്നവര്‍ ബുദ്ധിമുട്ടണം എന്നായിരുന്നു ഷാജി എന്‍.കരുണ്‍ പറഞ്ഞതെന്ന് ഇന്ദു ലക്ഷ്മി പറഞ്ഞു.
ചലച്ചിത്രമേഖലയില്‍ വനിതകളെ പ്രോല്‍സാഹിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയനുസരിച്ചാണ് ഇന്ദുലക്ഷ്്മിയുടെ നിള എന്ന ചിത്രം വിദഗ്ദ്ധസമിതി തിരഞ്ഞെടുത്തത്. എന്നാല്‍ ചിത്രത്തിന്റെ പ്രാരംഭപ്രവര്‍ത്തനം മുതല്‍ താന്‍ നേരിട്ടത് ദുരനുഭവങ്ങള്‍ ആണെന്നായിരുന്നു ഇ്ന്ദുലക്ഷ്മിയുടെ പരാതി.
ഒരുവര്‍ഷം തിരഞ്ഞെടുക്കപ്പെടുന്ന നാല് സംവിധായികമാര്‍ക്ക് ഒന്നരക്കോടിരൂപ വീതമാണ് അനുവദിക്കുന്നത്. ഇതില്‍ വിപണനത്തിനുള്ള തുകയും ഉള്‍പ്പെടും. നിളയ്ക്ക് നാല്‍പ്പതുലക്ഷമാണ് മാറ്റിവച്ചത്. ചിത്രം പുറത്തിറങ്ങാന്‍ വല്ലാതെ വൈകിയെന്നും ആക്ഷേപം ഉണ്ടായി.
ആദ്യ സിനിമ നിളക്കുശേഷം ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത 'അപ്പുറം' ഐഎഫ്എഫ്‌കെയിലെ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.