കൊലക്കേസ് പ്രതികള്‍ക്കും മയക്കുമരുന്ന് മാഫിയ തലന്മാര്‍ക്കും പരോള്‍ നല്‍കാന്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി; പ്രതികളെ വിടാന്‍ 'റേറ്റ് കാര്‍ഡ്', കൈക്കൂലി വാങ്ങാന്‍ ഏജന്റ്; വിയ്യൂരിലെ മുന്‍ ഉദ്യോഗസ്ഥന്‍ വഴി പണം തട്ടിയത് ലക്ഷങ്ങള്‍; അഴിമതിയുടെ ആഴം കണ്ട് വിജിലന്‍സ് പോലും ഞെട്ടി; ജയില്‍ ഡിഐജി എം കെ വിനോദ് കുമാറിന് സസ്‌പെന്‍ഷന്‍

ജയില്‍ ഡിഐജി എം കെ വിനോദ് കുമാറിന് സസ്‌പെന്‍ഷന്‍

Update: 2025-12-23 11:42 GMT

തിരുവനന്തപുരം: കൈക്കൂലി കേസില്‍ പ്രതിയായ ജയില്‍ ഡിഐജി എം.കെ.വിനോദ് കുമാറിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് നാല് ദിവസത്തിന് ശേഷമാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. തടവുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയിലും അനധികൃത സ്വത്ത് സമ്പാദനക്കേസിലുമാണ് വിനോദ് കുമാറിനെതിരെ അന്വേഷണം നടക്കുന്നത്.

കൈക്കൂലി, അനധികൃത സ്വത്ത് സമ്പാദനം, ക്രിമിനല്‍ പ്രതികളുമായുള്ള അവിശുദ്ധ ബന്ധം എന്നീ ആരോപണങ്ങളില്‍ കുടുങ്ങിയ വിനോദ് കുമാറിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ വിജിലന്‍സ് മേധാവി മനോജ് എബ്രഹാം സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഡിഐജിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തില്‍ അതീവ ഗുരുതരമായ കണ്ടെത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്.

പ്രതികളെ സഹായിക്കാന്‍ 'റേറ്റ് കാര്‍ഡ്'

രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികള്‍ക്കും മയക്കുമരുന്ന് മാഫിയാ തലവന്മാര്‍ക്കും വഴിവിട്ട സഹായങ്ങള്‍ നല്‍കിയെന്നതാണ് വിനോദ് കുമാറിനെതിരെയുള്ള പ്രധാന കണ്ടെത്തല്‍. പണം വാങ്ങി പ്രതികള്‍ക്ക് അനുകൂലമായി റിപ്പോര്‍ട്ടുകള്‍ ചമയ്ക്കുകയും അവര്‍ക്ക് പരോള്‍ ലഭ്യമാക്കാന്‍ സഹായിക്കുകയും ചെയ്തതായി വിജിലന്‍സ് സ്ഥിരീകരിച്ചു. 12 തടവുകാരുടെ ബന്ധുക്കളില്‍ നിന്ന് ഇയാള്‍ പണം കൈപ്പറ്റിയിട്ടുണ്ട്. വിയ്യൂര്‍ ജയിലില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്‍ വഴിയാണ് ഇടപാടുകള്‍ നടന്നിരുന്നത്. ഗൂഗിള്‍ പേ വഴിയും പണം സ്വീകരിച്ചിട്ടുണ്ട്. സ്ഥലംമാറ്റത്തിനായി സ്വന്തം വകുപ്പിലെ ജീവനക്കാരില്‍ നിന്നും ഇയാള്‍ പണം വാങ്ങിയതായി വിവരമുണ്ട്.



അനധികൃത സ്വത്ത് സമ്പാദനവും റെയ്ഡും

ആരോപണങ്ങളെത്തുടര്‍ന്ന് വിനോദ് കുമാറിന്റെ വീടുകളിലും ക്വാര്‍ട്ടേഴ്‌സിലും വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ റെയ്ഡ് നടത്തിയിരുന്നു. ബാങ്ക് രേഖകളും ഭൂമി ഇടപാടുകളുടെ വിവരങ്ങളും വിജിലന്‍സ് പിടിച്ചെടുത്തിട്ടുണ്ട്. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

വിനോദ് കുമാറിനെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ജയില്‍ വകുപ്പിന്റെ വിശ്വാസ്യത തകര്‍ക്കുമെന്നുമായിരുന്നു വിജിലന്‍സ് വിലയിരുത്തല്‍. ജയില്‍ വികസന ക്ഷേമനിധി ഫണ്ടുകളില്‍ ക്രമക്കേട് നടത്തിയതായും തടവുകാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയതായും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.

ജയിലിനുള്ളിലെ ലേബര്‍ കോണ്‍ട്രാക്ടുകളിലും ഇദ്ദേഹം ഇടപെട്ടതായി ഗുരുതരമായ ആക്ഷേപമുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസിലും ഗുരുതരമായ അച്ചടക്ക ലംഘനത്തിലും നേരത്തെ നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് വിനോദ് കുമാര്‍. അന്ന് സസ്പെന്‍ഷനിലായിരുന്ന ഇദ്ദേഹം അപ്രധാനമായ തസ്തികയില്‍ സര്‍വീസില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് പുതിയ അഴിമതി ആരോപണങ്ങളും ഉയര്‍ന്നുവന്നത്. ജയിലിലെ കരാറുകള്‍ സ്വന്തം താല്‍പ്പര്യക്കാര്‍ക്ക് നല്‍കാനായി മാനദണ്ഡങ്ങള്‍ അട്ടിമറിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ വിനോദ് കുമാറിനെ വീണ്ടും സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ആവശ്യം ജയില്‍ വകുപ്പില്‍ തന്നെ ശക്തമായിരുന്നു.

Tags:    

Similar News