ജെന്‍സന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു; ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറമാണെന്ന് മമ്മൂട്ടി; കാലത്തിന്റെ അവസാനം വരെ നീ ഓര്‍ക്കപ്പെടുമെന്ന് ഫഹദ് ഫാസില്‍

ശ്രുതിക്കും ജെന്‍സന്റെ പ്രിയപ്പെട്ടവര്‍ക്കും സഹനത്തിനു ശക്തി ലഭിക്കട്ടെ

Update: 2024-09-12 08:27 GMT

കൊച്ചി: മലയാളികളെയാകെ വേദനയിലാഴ്ത്തുകയാണ് ജെന്‍സന്റെ വേര്‍പാട്. വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍, അച്ഛനും അമ്മയും സഹോദരിയും ഉള്‍പ്പെടെ കുടുംബത്തിലെ ഒന്‍പത് പേരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരന്‍ ജെന്‍സന്റെ മരണത്തില്‍ അനുശോചനങ്ങളുമായി നടന്മാരായ മമ്മൂട്ടിയും ഫഹദ് ഫാസിലും. കേരളമൊന്നാകെ ജീവിതത്തിലേക്കുള്ള ജെന്‍സന്റെ മടങ്ങിവരവിനായി പ്രാര്‍ഥിച്ചെങ്കിലും അതൊക്കെ വിഫലമാക്കിയാണ് ആ വേര്‍പാട്. ശ്രുതിയുടെ ദുഖത്തില്‍ പങ്കുചേര്‍ന്ന് നടന്‍ മമ്മൂട്ടി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്.

ചിന്തിക്കാവുന്നതിലും അപ്പുറത്താണ് ഈ വേദനയെന്നും ശ്രുതിക്കും ജെന്‍സന്റെ പ്രിയപ്പെട്ടവര്‍ക്കും സഹനത്തിനു ശക്തി ലഭിക്കട്ടെ എന്നും മമ്മൂട്ടി സോഷ്യല്‍മീഡിയ കുറിപ്പില്‍ പറഞ്ഞു. 'ജെന്‍സന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു. ശ്രുതിയുടെ വേദന. ചിന്തിക്കാവുന്നതിനും അപ്പുറമാണ്. സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെന്‍സന്റെ പ്രിയപ്പെട്ടവര്‍ക്കും.'മമ്മൂട്ടി കുറിച്ചു.

ജെന്‍സന്റെ മരണത്തില്‍ അനുശോചനങ്ങളുമായി ഫഹദ് ഫാസിലുമെത്തി. 'കാലത്തിന്റെ അവസാനം വരെ നീ ഓര്‍ക്കപ്പെടും സഹോദരാ' എന്നാണ് ജെന്‍സന്റെ ചിത്രം പോസ്റ്റ് ചെയ്ത് ഫഹദ് ഫാസില്‍ കുറിച്ച വാക്കുകള്‍ .

ഫഹദിന്റെ ആരാധകരായ നിരവധി പേരാണ് ഹൃദയഭേദകമായ ഈ പോസ്റ്റില്‍ ജെന്‍സണ് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടെത്തിയത്. 'ഇത്രയും വിഷമിപ്പിച്ച മറ്റൊരു വാര്‍ത്തയില്ല', 'കഴിയുമെങ്കില്‍ ആ പെണ്‍കുട്ടിയുടെ അരികെ നസ്രിയയും കൂട്ടി ചെല്ലണം. ഒരു സമാധാന വാക്ക് പറഞ്ഞു ആശ്വസിപ്പിക്കണം' എന്നിങ്ങനെ പോകുന്നു ഫഹദിന്റെ പോസ്റ്റില്‍ കമന്റുകള്‍.

ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയിലെ വെള്ളാരംകുന്നില്‍ ശ്രുതിക്കൊപ്പം വാനില്‍ സഞ്ചരിക്കവേയുണ്ടായ അപകടത്തിലാണ് ജെന്‍സണ് സാരമായി പരിക്കേറ്റത്. ശ്രുതിയുടെ കുടുംബാംഗങ്ങളായ ഏഴുപേരും കൂടെയുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ച വാന്‍ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മേപ്പാടി വിംസ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ജെന്‍സണ്‍ ബുധനാഴ്ച രാത്രിയാണ് മരിച്ചത്.

ഡി.എന്‍.എ. പരിശോധനയിലൂടെ അമ്മ സബിതയുടെ മൃതദേഹം തിരിച്ചറിഞ്ഞശേഷം അമ്മയെ അടക്കിയ സ്ഥലം ആദ്യമായി കാണാന്‍ പുത്തുമലയിലെ പൊതുശ്മശാനത്തില്‍ എത്തുമ്പോള്‍ ശ്രുതിക്കൊപ്പം ജെന്‍സണും ഉണ്ടായിരുന്നു.

ശ്രുതിയും ജെന്‍സണും സ്‌കൂള്‍കാലംമുതല്‍ സുഹൃത്തുക്കളാണ്. ആ പ്രണയമാണ് വിവാഹനിശ്ചയത്തിലേക്കെത്തിയത്. കല്യാണത്തിന് കരുതിയിരുന്ന സ്വര്‍ണവും പണവും വീടും ഉരുള്‍ കൊണ്ടുപോയിരുന്നു. ഡിസംബറില്‍ ഇരുവരുടെയും വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാല്‍, ശ്രുതിക്ക് എന്തിനും കൂടെയൊരാള്‍ വേണമെന്ന ബോധ്യത്തില്‍ ഈ മാസം അവസാനത്തില്‍ വെറും ചടങ്ങു മാത്രമാക്കി ശ്രുതിയെ ജീവിതത്തിലേക്ക് കൂട്ടാനുള്ള തീരുമാനത്തിലായിരുന്നു ജെന്‍സണ്‍.

Tags:    

Similar News